അപമാനിതനാകുന്നതിെൻറ അങ്ങേയറ്റം അനുഭവിച്ചവനാണ് സ്റ്റുവർട്ട് ബ്രോഡ്. 2007 ട്വൻറി 20 ലോകകപ്പിൽ യുവരാജ് സിങ്ങിെൻറ ഹെർക്കുലിയൻ പ്രകടനത്തിനു മുമ്പിൽ വിളറിവെളുത്ത മുഖവുമായി തലതാഴ്ത്തി നടന്ന സ്റ്റുവർട്ട് ബ്രോഡിനെ എനിക്കിപ്പോഴും ഓർമയുണ്ട്. മറ്റൊരു പേസ് ബൗളറും അതിനുമുമ്പും അതിനുശേഷവും ഇത്രയുമധികം ശിക്ഷിക്കപ്പെട്ടിട്ടില്ല. ആറാമത്തെ പന്തും ഗാലറിയിലേക്ക് പറത്തി യുവരാജ് കരഘോഷം മുഴക്കുമ്പോൾ ഭൂമി നെടുകെപ്പിളര്‍ന്ന് തന്നെയങ്ങ് വിഴുങ്ങിയിരുന്നെങ്കിൽ എന്ന് ബ്രോഡ് ആശിച്ചിരിക്കണം.
21 വയസ്സ് പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ അന്ന് ബ്രോഡിന്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ട് കഷ്ടിച്ച് ഒരുവർഷം. ടെസ്റ്റിൽ കളിച്ചുതുടങ്ങിയിട്ടില്ല. യുവരാജിനുനേരെ അന്ന് ബ്രോഡ് എറിഞ്ഞ പന്തുകളൊക്കെയും മോശമായിരുന്നെന്ന് ഞാൻ കരുതുന്നില്ല. ആൻഡ്രൂ ഫ്ലിേൻറാഫ് പ്രകോപിതനാക്കിയതിെൻറ അരിശം യുവരാജ് പ്രഹരിച്ചുതീർത്തപ്പോൾ അസാധാരണമായത് സംഭവിച്ചു. ഇരയാക്കപ്പെട്ടത് ബ്രോഡായിരുന്നെന്ന് മാത്രം.
കരിയറിന് മുളപൊട്ടുമ്പോഴേ ചവിട്ടിയരക്കപ്പെട്ട ഇവൻ ആത്മവിശ്വാസത്തോടെ ഇനി എങ്ങനെ പന്തെറിയുമെന്ന് പലരും ചോദിച്ചു?. തെൻറ മകനെ ക്രൂരമായി തല്ലിച്ചതച്ച യുവരാജിനെ കാണാനായി മാച്ച് റഫറി കൂടിയായ ക്രിസ് ബോർഡ് പിറ്റേന്നെത്തി. സങ്കടവും ആദരവും കലർത്തിയുവരാജിനോട് അന്ന് ക്രിസ് ബ്രോഡ് പറഞ്ഞു: 'നിങ്ങളെന്റെ മകന്റെ കരിയർ ഏതാണ്ട് അവസാനിപ്പിച്ചു കളഞ്ഞു. നിങ്ങൾ ഒപ്പു വെച്ച ഒരു ഷർട്ട് അവന് കൊടുത്തെക്കുക.
ബ്രോഡിന് കൊടുത്ത ഇന്ത്യൻ ജഴ്സിയിൽ യുവരാജ് ഇങ്ങനെ എഴുതി '' ഒരോവറിൽ അഞ്ചുസിക്സറുകൾ വഴങ്ങിയവനാണ് ഞാൻ. നിങ്ങളനുഭവിക്കുന്ന വേദന എനിക്കറിയാം. ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ നല്ല ഭാവിക്കായി നിങ്ങൾക്ക് നന്മകൾ നേരുന്നു''
കിങ്‌സ്‌മീഡിലെ ആ ഭീകരരാത്രി ബ്രോഡിനെ പിന്നെയും വേട്ടയാടിയിരുന്നിരിക്കണം.2011 ലോകകപ്പിനെത്തുമ്പോൾ സേവാഗിനും യുവരാജിനും പന്തെറിയുന്നതിലുള്ള ഭയം ബ്രോഡ് വാർത്ത സമ്മേളനത്തിൽ തുറന്നുപറഞ്ഞിരുന്നു. പക്ഷേ വലിയ വീഴ്ചയിൽ നിന്നും ഫീനിക്സ് പക്ഷിയെപ്പോലെ ബ്രോഡ് പതിയെ പറന്നുയർന്നു. ഇംഗ്ലണ്ടിെൻറ വെള്ളക്കുപ്പായത്തിൽ മാടപ്രാവിനെപ്പോലെയെത്തി വിക്കറ്റുകൾ കൊത്തിയെടുത്തു പറന്നു.വെളുത്ത പന്തിനേക്കാളും ബ്രോഡ് ഇഷ്ടപ്പെട്ടതും ബ്രോഡിനെ ഇഷ്ടപ്പെട്ടതും ചുവന്ന പന്തായിരുന്നു.
ലണ്ടനിലെ തെംസ് നദി പിന്നെയും ഒഴുകി. 13 വർഷത്തിനുശേഷം ഓൾഡ് ട്രോഫോഡിൽ ടെസ്റ്റ് ക്രിക്കറ്റിലെ അഞ്ഞൂറാം വിക്കറ്റും സ്വന്തമാക്കി വിഖ്യാത ബൗളർമാരുടെ നിരയിലേക്ക് സ്വന്തം പേര് എഴുതിച്ചേർക്കുമ്പോൾ കൈയടിക്കാൻ ഗാലറിയിൽ ആരുമുണ്ടായിരുന്നില്ല. എങ്കിലും തെൻറ എല്ലാമായ അച്ഛൻ ക്രിസ് ബ്രോഡ് മാച്ച് റഫറിയുടെ ഹോട്ട് സീറ്റിൽ അഭിമാനത്തോടെയുണ്ടായിരുന്നു. കളിയുടെ ഔദ്യോഗിക ഉത്തരവാദിത്വത്തിലിരിക്കുമ്പോഴും ക്രിസ് ബ്രോഡ് മകെൻറ അതുല്യ നേട്ടത്തിന് കൈയടിക്കാൻ മറന്നില്ല.
പേസ് ബൗളർമാരിൽ ജെയിംസ് ആൻഡേഴ്സൺ, ഗ്ലെൻ മഗ്രാത്ത്, കോട്നി വാൽഷ് എന്നീ അതികായൻമാർക്ക് മാത്രമേ 500 വിക്കറ്റുകളെന്ന നാഴികക്കല്ലിൽ ഓടിയെത്താനായിട്ടുള്ളൂ.
തടുത്തിട്ട നൂറുകണക്കിന് സേവുകളേക്കാൾ കൈവിട്ട ഒരു ഗോളിന്റെ പേരിൽ ഓർമിക്കപ്പെടുക, നേടിയ 500 വിക്കറ്റുകളേക്കാൾ മോശം ഓരോവറിന്റെ പേരിൽ അറിയപ്പെടുക. കളിയുടെ വിധിയെഴുത്തുകൾ എത്ര ക്രൂരമാണ്.