മന്ത്രിമന്ദിരങ്ങൾ മോടി കൂട്ടാൻ 5.63 കോടി; കൂടുതൽ മൻമോഹൻ ബംഗ്ലാവിന്, ക്ലിഫ് ഹൗസിൽ എ.സിക്ക് 4.36 ലക്ഷം
text_fieldsമൻമോഹൻ ബംഗ്ലാവ്
തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയശേഷം മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 5.63 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖകൾ. മന്ത്രിമന്ദിരങ്ങളിൽ ഏറ്റവും കൂടുതൽ തുക അനുവദിച്ചിരിക്കുന്നത് മൻമോഹൻ ബംഗ്ലാവിന്റെ നവീകരണത്തിനാണ്. 81.06 ലക്ഷം രൂപയാണ് ഇവിടത്തെ അറ്റകുറ്റപ്പണികൾക്കായി വകയിരുത്തിയത്.
എ.സി സ്ഥാപിക്കൽ, അറ്റകുറ്റപ്പണി, വൈദ്യുതീകരണം തുടങ്ങിയ പ്രവൃത്തികൾക്കാണ് പ്രധാനമായും തുക വിനിയോഗിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിൽനിന്ന് ലഭിച്ച വിവരാവകാശ രേഖകളിലാണ് ചെലവുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ എ.സി മാറ്റിസ്ഥാപിക്കുന്നതിന് 4.36 ലക്ഷം രൂപയും വൈദ്യുതീകരണത്തിന് 3.50 ലക്ഷം രൂപയും ഉൾപ്പെടെ 7,86,400 രൂപ ചെലവഴിച്ചതായാണ് കണക്ക്. ഇതിനു പുറമെ കർട്ടനുകൾ മാറ്റുന്നതിന് 1.55 ലക്ഷം രൂപയും കസേരകളുടെ കുഷ്യനുകൾ മാറ്റുന്നതിന് നാലുലക്ഷം രൂപയും ചെലവഴിച്ചു. ടൂറിസം വകുപ്പിന്റെ കണക്കിലാണ് എസ്റ്റിമേറ്റ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മന്ത്രി എം. ലിജുവിന്റെ ഔദ്യോഗിക വസതിയായ അജന്ത ബംഗ്ലാവിന് 58.7 ലക്ഷം രൂപയും രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയായ പമ്പയ്ക്ക് 31.43 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മന്ത്രി അനൂപ് ജേക്കബിന്റെ വസതിയിൽ എ.സിക്ക് 3.69 ലക്ഷം രൂപയും എം. ലിജുവിന്റെ വസതിയായ അജന്തയിൽ 3.07 ലക്ഷം രൂപയും ചെലവഴിച്ചു. ചെന്നിത്തലയുടെ വസതിയായ ‘പമ്പ’യിലെ എ.സി, വൈദ്യുതീകരണ പ്രവർത്തനങ്ങൾക്ക് 11 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചതായും റിപ്പോർട്ടുണ്ട്.
അതേസമയം, മന്ത്രിമന്ദിരങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട മുഴുവൻ ചെലവുകണക്കുകളും ഇതുവരെ പുറത്തുവന്നിട്ടില്ല. പല വസതികളിലും അറ്റകുറ്റപ്പണി തുടരുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലുള്ള പ്രവൃത്തികളുടെ തുകയ്ക്ക് പുറമെ ടൂറിസം വകുപ്പ് മുഖേന വാങ്ങുന്ന ഫർണിച്ചർ, കർട്ടൻ തുടങ്ങിയവയുടെ ചെലവും കൂടി കണക്കാക്കുമ്പോൾ ആകെ തുക ഇനിയും ഉയർന്നേക്കും. ഔദ്യോഗിക വസതികളുടെ അത്യാവശ്യ അറ്റകുറ്റപ്പണികൾ മാത്രമാണ് നടത്തുന്നതെന്നാണ് സർക്കാർ വിശദീകരണം.

