അയ്യപ്പ സംഗമം: ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന് നൽകിയത് മൂന്ന് കോടി രൂപ; ഹൈകോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ച് ദേവസ്വം ബോർഡ്
text_fieldsതിരുവനന്തപുരം: ഹൈകോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ച് ആഗോള അയ്യപ്പ സംഗമത്തിനായി മൂന്ന് കോടി രൂപ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന് നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഊരാളുങ്കലിന്റെ ഇവന്റ് മാനേജ്മെന്‍റ് കമ്പനിയായ ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ കൺസ്ട്രഷനാണ് മുൻകൂറായി തുക ദേവസ്വം കമീഷണറുടെ സര്‍പ്ലസ് ഫണ്ടില്‍നിന്ന് അനുവദിച്ചത്. ഇതുസംബന്ധിച്ച രേഖകൾ പുറത്തുവന്നിട്ടുണ്ട്.
സംഗമത്തിന്റെ നടത്തിപ്പിനായി കമ്പനിക്ക് ആകെ ചെലവായത് 8,22,42147 കോടി രൂപയാണ്. ഇതില്‍ ആദ്യഘട്ടമെന്നോണമാണ് മൂന്ന് കോടി രൂപ ദേവസ്വം സെക്രട്ടറിയുടെ കത്ത് പ്രകാരം ദേവസ്വം കമീഷണർ അനുവദിച്ചത്. അക്കൗണ്ട് നമ്പറടക്കം ഉത്തരവിലുണ്ട്.
ഭക്തർ കാണിക്കയായി സമർപ്പിക്കുന്ന തുകയടക്കമുള്ളതാണ് സർപ്ലസ് ഫണ്ട്. ഇത് ഉപയോഗിക്കണമെങ്കിൽ ഹൈക്കോടതി അനുമതി ആവശ്യമാണ്. എന്നിരിക്കെയാണ് ദേവസ്വം സെക്രട്ടറിയുടെ കത്ത് പ്രകാരം ഫണ്ടിൽ നിന്ന് ആഗോള അയ്യപ്പ സംഗമത്തിന് തുക അനുവദിച്ചത്.
എന്നാൽ, ദേവസ്വം സർപ്ലസ് ഫണ്ടിൽനിന്ന് ആഗോള അയ്യപ്പ സംഗമത്തിനായി തുക ചെലവഴിച്ചു എന്നത് വസ്തുതാ വിരുദ്ധമെന്നാണ് ദേവസ്വംബോർഡ് പറയുന്നത്.
ആഗോള അയ്യപ്പ സംഗമം നടത്തുന്നതിനായി ദേവസ്വത്തിന്‍റെയും സർക്കാറിന്റെയും പണം എടുക്കില്ലെന്നാണ് ബോർഡ് കോടതിയിൽ അറിയിച്ചിരുന്നത്. മുഴുവൻ തുകയും സ്പോൺസർമാരിൽ നിന്നാണെന്നും പറഞ്ഞിരുന്നു. എന്നാൽ, അയ്യപ്പസംഗമം നടക്കുന്നതിന്റെ അഞ്ചുദിവസംമുമ്പ് സെപ്റ്റംബർ 15നാണ് മുൻകൂർ തുക അനുവദിക്കുന്നത് സംബന്ധിച്ച് ദേവസ്വം കമീഷണര്‍ ഉത്തരവ് പുറത്തിറക്കിയത്.
ശബരിമലയിൽ നടക്കുന്നത് തീവെട്ടിക്കൊള്ളയെന്ന് രമേശ് ചെന്നിത്തല
പത്തനംതിട്ട: ഹൈകോടതി ഉത്തരവുകൾ പോലും അട്ടിമറിച്ച് ശബരിമലയിൽ നടക്കുന്നത് തീവെട്ടിക്കൊള്ളയാണെന്ന് രമേശ് ചെന്നിത്തല. ശബരിമലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പാണ് പിണറായി മന്ത്രി സഭയുടെ കാലത്ത് നടന്നിരിക്കുന്നത്. ദേവസ്വം മന്ത്രിക്ക് തൽസ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അയ്യപ്പഭക്തരുടെ രോഷവും സങ്കടവും മാനിച്ച് അടിയന്തരമായി മന്ത്രി വാസവൻ സ്ഥാനമൊഴിയണം. 2019 മുതല്‍ ഇന്നേവരെ നടന്നിട്ടുള്ള കാര്യങ്ങളെല്ലാം കോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമാണ്. വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അയ്യപ്പഭക്തരോട് സി.പി.എം ചെയ്തത് പൊറുക്കാനാവാത്ത വഞ്ചന -രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ഹൈന്ദവ വിശ്വാസത്തോടും ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരോടും സി.പി.എം ചെയ്തത് പൊറുക്കാനാവാത്ത വഞ്ചനയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 2018ൽ ശബരിമലയുടെ സംസ്കാരം തകർക്കാനായിരുന്നു അവർ ശ്രമിച്ചത്. തുടർന്ന് അവർക്കെതിരെ പ്രതിഷേധിക്കുന്ന അയ്യപ്പഭക്തരെ അറസ്റ്റുചെയ്യുന്നത് നമ്മൾ കണ്ടു. പിന്നാലെയിപ്പോൾ ജനങ്ങളെ കബളിപ്പിക്കാൻ അവർതന്നെ അയ്യപ്പസംഗമം സംഘടിപ്പിച്ചു. ശബരിമല ക്ഷേത്രത്തിലെ സ്വർണം മോഷ്ടിക്കുന്നതിനിടയിലാണ് ഇതെല്ലാം നടന്നത്. അഴിമതിക്കാരും ധിക്കാരികളും ഹിന്ദുക്കളോട് വിവേചനം വെച്ചുപുലർത്തുന്നവരുമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സി.പി.എം എന്ന് കഴിഞ്ഞുപോയ സംഭവങ്ങളിൽനിന്ന് വ്യക്തമാണ്. ഈ സർക്കാർ നടത്തിയ കുറ്റകൃത്യങ്ങൾ കൃത്യമായി അന്വേഷിക്കേണ്ടത് സ്വതന്ത്രാധികാരമുള്ള ഏജൻസികളാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ദ്വാരപാലക വിഗ്രഹത്തിന്റെ മറവിൽ നടന്നത് വൻ പണപ്പിരിവ് -എ.പി. അനിൽകുമാർ
മലപ്പുറം: ശബരിമലയിൽനിന്നു കൊണ്ടുപോയ ദ്വാരപാലക വിഗ്രഹം 40 ദിവസം കഴിഞ്ഞാണ് ചെന്നൈയിൽ എത്തിയത് എന്നത് അങ്ങേയറ്റം ദുരൂഹത ഉളവാക്കുന്നതാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് എ.പി. അനിൽകുമാർ എം.എൽ.എ. ഇതിന്റെ പേരിൽ വൻ പണപ്പിരിവാണ് നടന്നിരിക്കുന്നത്. അയ്യപ്പഭക്തന്മാർ ശബരിമലക്കുവേണ്ടി കോടിക്കണക്കിന് രൂപ വഴിപാട് നടത്താൻ സന്നദ്ധരായിട്ടുള്ളവരാണ്. ദ്വാരപാലക വിഗ്രഹത്തിന് എത്ര പണവും നൽകാൻ അവർ തയാറാവും. ഇതിന്റെ പേരിൽ ദേവസ്വം ബോർഡ് എത്രമാത്രം പണം ഭക്തന്മാരിൽനിന്നും പിരിച്ചെടുത്തു, എന്തു ചെയ്തു എന്നുള്ളത് അന്വേഷിക്കണം. ശബരിമലയിൽനിന്ന് കിലോക്കണക്കിന് സ്വർണം പോയിട്ടും മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും മിണ്ടാട്ടമില്ല. ശബരിമല ക്ഷേത്രംപോലും ഇടതുസർക്കാർ അഴിമതിക്കുള്ള വേദിയാക്കിമാറ്റിയത് അങ്ങേയറ്റം ആശങ്കജനകമാണെന്ന് എ.പി. അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

