ഓട്ടോയിൽനിന്ന് പൊലീസ് പിടിച്ചെടുത്ത 2.7 കോടി കോടതിക്ക് കൈമാറി
text_fieldsRepresentational Image
മട്ടാഞ്ചേരി: കൊച്ചി തുറമുഖ മേഖലയായ വില്ലിങ്ടൺ ഐലൻഡിലെ വാക്വേക്കു സമീപം നിർത്തിയിട്ടിരുന്ന ഓട്ടോയിൽനിന്ന് പൊലീസ് പിടികൂടിയ 2.70 കോടി രൂപയും പ്രാഥമികാന്വേഷണ റിപ്പോർട്ടും ഹാർബർ പൊലീസ് കോടതിയിൽ സമർപ്പിച്ചു.
കേസിൽ പിടിയിലായവരെ അന്വേഷണ ഉദ്യോഗസ്ഥൻ ഹാർബർ പൊലീസ് ഇൻസ്പെക്ടർ കെ. സുനുകുമാറിന്‍റെ നേതൃത്വത്തിൽ ചോദ്യംചെയ്തു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇവർക്ക് തുക കൈമാറിയ എറണാകുളം ബ്രോഡ് വേയിലെ വസ്ത്രവ്യാപാരി രാജാ മുഹമ്മദിനെയും പൊലീസ് ചോദ്യംചെയ്തു. തുകക്ക് വ്യക്തമായ രേഖകളുണ്ടെന്നും അത് കോടതിയിൽ ഹാജരാക്കാമെന്നും ഇയാൾ അറിയിച്ചതായി പൊലീസ് പറഞ്ഞു. വസ്ത്രവ്യാപാരവുമായി ബന്ധപ്പെട്ട ഇടപാടും വായ്പയും അടക്കമുള്ളതാണ് പണമെന്നാണ് വസ്ത്രവ്യാപാരി പറഞ്ഞതെന്നാണ് വിവരം. പണം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഇയാൾക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ടില്ലെങ്കിൽ കേസ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, ഇൻകം ടാക്സ് വകുപ്പുകൾക്ക് കൈമാറുമെന്നുമാണ് പൊലീസ് പറയുന്നത്.
ഇതിനിടെ പൊലീസ് പിടികൂടിയവർക്കെതിരെ രാജാ മുഹമ്മദ് സെൻട്രൽ പൊലീസിൽ പരാതി നൽകി. വീട്ടിൽനിന്ന് പണവുമായി പോയ തൊഴിലാളികൾ കടയിലെത്താത്തതും ഫോൺവഴി ബന്ധപ്പെടാൻ കഴിയാത്തതിനാലുമായിരുന്നു പരാതി നൽകിയതെന്നാണ് പറയുന്നത്.
അതേസമയം പണവുമായി ഹാർബർ ജങ്‌ഷനിൽ കാത്തുനിൽക്കാനാണ് തനിക്ക് ഉടമയിൽനിന്ന് ലഭിച്ച നിർദേശമെന്നും മറ്റൊരാൾ വന്ന് പണം വാങ്ങുമെന്നും തുണിക്കട ഉടമ പറഞ്ഞിരുന്നതായും ഇതുപ്രകാരം വില്ലിങ്‌ൺ ഐലൻഡിലെ കണ്ണങ്ങാട്ട് പാലത്തിനു സമീപം കാത്തുനിൽക്കുമ്പോഴാണ് പൊലീസ് ഓട്ടോയിൽ പരിശോധന നടത്തുന്നതും പണം കണ്ടെത്തുന്നതെന്നുമാണ് പിടിയിലായ സബിൻ അഹമ്മദ് പൊലീസിനോട് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

