രണ്ടുമുറി വീടിന് വൈദ്യുതി ബില്ല് 17,044 രൂപ; കുട്ടികളുടെ പരീക്ഷക്കിടെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബിയുടെ ഇരുട്ടടി
text_fieldsതിരുവല്ല: രണ്ട് മുറി വീട് മാത്രമുള്ള ദരിദ്ര കുടുംബത്തിന് ഇരുട്ടടിയായി കെ.എസ്.ഇ.ബി നൽകിയ 17,044 രൂപയുടെ കറന്‍റ് ബില്ല്. ബില്ലടക്കാത്തതിനെ തുടർന്ന് വീട്ടിലേക്കുള്ള വൈദ്യുതിയും കെ.എസ്.ഇ.ബി വിച്ഛേദിച്ചു. പത്തനംതിട്ട പെരിങ്ങര പഞ്ചായത്ത് 12ാം വാർഡിൽ ആലഞ്ചേരിൽ വീട്ടിൽ വിജയനും കുടുംബത്തിനുമാണ് കെ.എസ്.ഇ.ബി മണിപ്പുഴ സെക്ഷൻ വക ഇരുട്ടടി.
വിജയനും ഭാര്യയും വിദ്യാർഥികളായ രണ്ടു മക്കളും 80 വയസുള്ള ഹൃദ്രോഗിയായ മാതാവുമാണ് വീട്ടിൽ താമസം. രണ്ട് എൽ.ഇ.ഡി ബൾബുകളും രണ്ട് ഫാനുകളും മാത്രമാണ് വീട്ടിലുള്ളത്. വിജയന്റെ ജ്യേഷ്ഠസഹോദരൻ രമേശിന്റെ പേരിലാണ് കണക്ഷൻ എടുത്തിരിക്കുന്നത്. പ്രതിമാസം 500 രൂപയിൽ താഴെ മാത്രം ബില്ല് ലഭിച്ചിരുന്ന കൂലിപ്പണിക്കാരനായ വിജയന് രണ്ടാഴ്ച മുമ്പാണ് 17,044 രൂപയുടെ ബില്ല് മൊബൈലിലെത്തിയത്.
ഇതേ തുടർന്ന് വിജയൻ കാവുംഭാഗത്തെ ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിൽ പരാതി നൽകി. അംഗീകൃത ഇലക്ട്രീഷ്യനെ കൊണ്ട് വീട്ടിലെ വയറിങ് പരിശോധിപ്പിച്ച് മീറ്ററിന്റെ ഫോട്ടോയും എടുത്തു നൽകാനായിരുന്നു കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നിർദേശം. വീട് പരിശോധിച്ച ഇലെക്ട്രീഷ്യൻ വയറിങ് തകരാറുകൾ ഇല്ലെന്ന് അറിയിച്ചു. മീറ്ററിന്റെ ഫോട്ടോയെടുത്ത് വിജയൻ വീണ്ടും കെ.എസ്.ഇ.ബി ഓഫിസിൽ എത്തി.
രണ്ട് ദിവസങ്ങൾക്കകം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എത്തി വിജയന്‍റെ വീട്ടിലുണ്ടായിരുന്ന മീറ്റർ കൂടാതെ മറ്റൊരു മീറ്റർ കൂടി ബോർഡിൽ സ്ഥാപിച്ചു. രണ്ട് ദിവസത്തിന് ശേഷം വീണ്ടുമെത്തിയ ഉദ്യോഗസ്ഥർ പഴയ മീറ്ററിന് തകരാറില്ല എന്നും പറഞ്ഞ് പുതുതായി വെച്ച മീറ്റർ തിരികെ കൊണ്ടുപോയി. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ രണ്ട് ലൈൻമാൻമാർ എത്തി വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചത്.
മാതാവിന്റെ അവസ്ഥ മോശമാണെന്നും മക്കളുടെ പരീക്ഷാക്കാലം കൂടിയാണെന്നും പറഞ്ഞിട്ടും ഉദ്യോഗസ്ഥർ ചെവികൊണ്ടില്ലെന്ന് വിജയൻ പറയുന്നു. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന തനിക്ക് ഭീമമായ ഈ തുക അടയ്ക്കാൻ നിർവാഹമില്ലെന്നും പ്രശ്നം പരിഹരിക്കുവാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം എന്നതുമാണ് കുടുംബത്തിന്റെ ആവശ്യം. അതേസമയം, ഇത് സംബന്ധിച്ച് കെ.എസ്.ഇ.ബി മണിപ്പുഴ സെക്ഷനിലെ ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോൾ നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചത്.