എൻ.എസ്.എസിന് 165 കോടി രൂപയുടെ ബജറ്റ്
text_fieldsകോട്ടയം: നായർ സർവീസ് സൊസൈറ്റിക്ക് (എൻ.എസ്.എസ്) 2025-26 സാമ്പത്തികവർഷത്തേക്ക് 165 കോടിരൂപ വരവും അത്രയും തുക ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരാണ് ബജറ്റ് അവതരിപ്പിച്ചത്. കഴിഞ്ഞവർഷം 157.55 കോടി രൂപയുടെ ബജറ്റായിരുന്നു.
വിവിധ വകുപ്പുകളുടെ ഭരണത്തിലേക്കായും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ജനറൽ ഭരണം, സംഘടനാശാഖ, സ്‌കൂൾ, കോളജ്, കൃഷി, ഹെൽത്ത്, സർവിസസ്, പ്ലാനിങ് ആൻഡ് ഡവലപ്പ്മെന്റ്, സോഷ്യൽ സർവിസ്, സർവേ ആന്റ് ലാൻഡ് റിക്കാർഡ്സ്, മരാമത്ത്, അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ്, ആശ്രമവും ദേവസ്വവും തുടങ്ങിയ വകുപ്പുകളിൽ കൂടിയാണ് വാർഷിക വരവും അത്രത്തോളം ചെലവും പ്രതീക്ഷിക്കുന്നത്. 44.11 കോടി രൂപ ക്യാപ്പിറ്റൽ ഇനങ്ങളിലും 120.88 കോടി രൂപ റവന്യൂ ഇനങ്ങളിലും വരവ് പ്രതീക്ഷിക്കുന്നുണ്ട്. ക്യാപ്പിറ്റൽ ഇനങ്ങളിൽ പ്രതീക്ഷിക്കുന്ന ചെലവ് 61.57 കോടി രൂപയും റവന്യൂ ഇനങ്ങളിൽ പ്രതീക്ഷിക്കുന്ന ചെലവ് 103.42 കോടി രൂപയുമാണ്.
രാവിലെ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നേതൃത്വത്തിൽ മന്നം സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തെ പ്രതിനിധി സഭാമന്ദിരത്തിൽ ബജറ്റ് സമ്മേളനവും തെരഞ്ഞെടുപ്പും നടന്നത്.
എൻ.എസ്.എസ് പ്രസിഡന്റ് ഡോ. എൻ. ശശികുമാർ അധ്യക്ഷത വഹിച്ചു. പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയും സമ്മേളനത്തിൽ നടന്നു. വൈസ് പ്രസിഡന്റ് സംഗീത്കുമാർ, എൻ.എസ്.എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ, എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗങ്ങൾ, കൗൺസിലർമാർ, താലൂക്ക് യൂനിയൻ ഭാരവാഹികൾ, പ്രതിനിധി സഭാംഗങ്ങൾ എന്നിവർ ബജറ്റ് സമ്മേളനത്തിൽ പങ്കെടുത്തു.
ജാതി സെൻസസ് നടത്താനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിൻമാറണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ ആവശ്യപ്പെട്ടു. ജാതി സെൻസസ് നടപ്പിലാക്കിയാൽ സംവരണത്തിന്റെ പേരിൽ കൂടുതൽ അഴിമതിക്ക് വഴിതെളിക്കുമെന്നും അദ്ദേഹം ആരോപിച്ചു. എൻ.എസ്.എസിന്റെ 111-ാമത് ബജറ്റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മർദ്ദതന്ത്രങ്ങൾക്ക് വഴങ്ങുകയും അവരുടെ സംഘടിതശക്തിക്ക് മുമ്പിൽ അടിയറപറയുകയും ചെയ്യുന്നതരത്തിൽ വിവിധ രാഷ്ട്രീയപ്പാർട്ടികൾ സ്വീകരിച്ച പ്രീണനനയത്തിന്റെ ഭാഗമാണ് ജാതിസംവരണത്തിനു വേണ്ടിയുള്ള മുറവിളി. ജാതി തിരിച്ചുളള സെൻസസും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ജാതിസംവരണത്തിനു വേണ്ടി നടത്തിയ ഭരണഘടനാഭേദഗതികൾ ഇതു വ്യക്തമാക്കുമെന്നും സുകുമാരൻനായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

