വോട്ടിൽ നോട്ടമിട്ട് അനുവദിച്ചത് 1290 കോടി; ചെലവിടുന്നത് കടമെടുക്കുന്ന പണം
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പ് സംസ്ഥാന സർക്കാർ വിവിധ ആനൂകൂല്യങ്ങൾക്കും പദ്ധതികൾക്കുമായി അനുവദിച്ചത് 1290 കോടി രൂപ. ശനിയാഴ്ച വൈകീട്ട് മൂന്നിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്ന് വെള്ളിയാഴ്ച അറിയിപ്പ് വന്നയുടൻ കഴിയുന്നത്ര തുക അനുവദിക്കാൻ ധനവകുപ്പ് തീവ്രശ്രമത്തിലായിരുന്നു. തുടർന്നാണ് ലീവ് സറണ്ടർ, പെൻഷൻ പരിഷ്കരണ കുടിശ്ശിക, റബർ കർഷകർക്കുള്ള ഉൽപാദന ബോണസ്, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, ലൈഫ് ഭവന പദ്ധതി തുടങ്ങി വിവിധയിനങ്ങളിൽ പണം അനുവദിച്ച് ഉത്തരവിറക്കിയത്.
കടമെടുപ്പിലൂടെ ലഭിച്ച പണമാവും ഇതിനു വിനിയോഗിക്കുക. ക്ഷേമപെൻഷൻ കുടിശ്ശിക പൂർണമായും വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ ലഭ്യമാക്കാനാവുന്ന തുക സാധ്യമായ മറ്റ് അനൂകൂല്യങ്ങൾക്കായി നീക്കിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
റബർ സബ്സിഡിക്ക് 24.48 കോടി
റബർ കർഷകർക്ക് ഉൽപാദന ബോണസായി 24.48 കോടി രൂപ കൂടി അനുവദിച്ചു. ഇതോടെ റബർ ബോർഡ് അംഗീകരിച്ച പട്ടികയിലുള്ള മുഴുവൻ പേർക്കും സബ്സിഡി ബാങ്ക് അക്കൗണ്ടിലെത്തും. ഒന്നര ലക്ഷത്തിലേറെ ചെറുകിട, നാമമാത്ര റബർ കർഷകർക്ക് ആനുകൂല്യം ലഭിക്കും. റബർ ഉൽപാദന ബോണസ് 180 രൂപയാക്കി ഉയർത്തി. സ്വാഭാവിക റബറിന് വിലയിടിഞ്ഞ സാഹചര്യത്തിലാണ് റബർ ഉൽപാദന ഇൻസെന്റിവ് പദ്ധതി നടപ്പാക്കിയത്.
സർവിസ് പെൻഷൻ കുടിശ്ശികക്ക് 628 കോടി
വിരമിച്ച ജീവനക്കാർക്കും അധ്യാപകർക്കും 11ാം പെൻഷൻ പരിഷ്കരണ കുടിശ്ശിക മൂന്നാം ഗഡു നൽകാൻ അനുവദിച്ചത് 628 കോടി രൂപ. 5.07 ലക്ഷം പേർക്കാണ് ആനുകൂല്യം ലഭിക്കുക.
ലൈഫ് മിഷന് 130 കോടി
ഭവനരഹിതർക്ക് സുരക്ഷിത വീട് ഉറപ്പാക്കുന്ന ലൈഫ് മിഷൻ പദ്ധതിക്ക് 130 കോടി രൂപ അനുവദിച്ചു. പദ്ധതിക്ക് ഈ വർഷം 356 കോടി രൂപയാണ് നൽകിയത്.
ക്ഷേമ പെൻഷൻ വിതരണ ഇൻസെന്റിവിന് 12.88 കോടി
സാമൂഹിക സുരക്ഷ പെൻഷൻ ഗുണഭോക്താക്കൾക്ക് നേരിട്ട് എത്തിക്കുന്നതിന് സംഘങ്ങൾക്കുള്ള ഇൻസെന്റിവിന് 12.88 കോടി രൂപ അനുവദിച്ചു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ പെൻഷൻ വിതരണത്തിനുള്ള തുകയാണിത്.
ലീവ് സറണ്ടർ
സർക്കാർ ജീവനക്കാരുടെ 2024-25ലെ ലീവ് സറണ്ടർ അനുവദിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും ജി.പി.എഫ് ഇല്ലാത്തവർക്കും ആനുകൂല്യം പണമായി ലഭിക്കും. മറ്റുള്ളവരുടേത് പി.എഫിൽ ലയിപ്പിക്കും.
എൻ.എച്ച്.എം, ആശ പ്രവർത്തകർക്കായി 40 കോടി
എൻ.എച്ച്.എം, ആശ പ്രവർത്തകരുടെ ശമ്പളവും ഓണറേറിയവും വിതരണം ചെയ്യാൻ 40 കോടി രൂപ അനുവദിച്ചു. കേന്ദ്ര വിഹിതം നിഷേധിക്കുന്ന സാഹചര്യത്തിൽ, അടുത്ത വർഷത്തേക്കുള്ള വകയിരുത്തലിൽനിന്നാണ് മുൻകൂറായി തുക അനുവദിച്ചത്.
സ്കോളർഷിപ്പിന് 454 കോടി
വിവിധ വിഭാഗങ്ങള്‍ക്കായി 2022-23 വരെയുള്ള പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ് തുകകൾ അനുവദിച്ചു. ഇതിനായി 454.15 കോടി രൂപ നീക്കിവെച്ചാണ് ഉത്തരവിറക്കിയത്. പട്ടികജാതി-വര്‍ഗ, മറ്റു പിന്നാക്ക, ന്യൂനപക്ഷ, മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര് തുടങ്ങിയ വിഭാഗങ്ങളിലെ കുട്ടികളുടെ 2021-22, 2022-23 വര്‍ഷങ്ങളിലെ സ്കോളര്‍ഷിപ് തുകകളാണ് പൂര്‍ണമായും വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

