
ഓണസമ്മാനത്തോടൊപ്പം കൗൺസിലർമാർക്ക് 10,000 രൂപ: കോൺഗ്രസ് അന്വേഷണ കമീഷൻ തൃക്കാക്കരയിൽ
text_fieldsകാക്കനാട്: തൃക്കാക്കരയിൽ ഓണസമ്മാനത്തോടൊപ്പം കൗൺസിലർമാർക്ക് 10,000 രൂപ നൽകിയ സംഭവത്തിൽ കോൺഗ്രസ് നേതൃത്വം നിയോഗിച്ച അന്വേഷണ കമീഷെൻറ തെളിവെടുപ്പ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആരംഭിക്കും. എറണാകുളം ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസിനാണ് അന്വേഷണച്ചുമതല.
പ്രതിപക്ഷ കൗൺസിലർമാർ നൽകിയ കവറുകളിൽ പരാതിയായിരുന്നു എന്നാണ് നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ ആദ്യം പറഞ്ഞത്. എന്നാൽ, കൗൺസിലർമാർക്ക് പണമാണ് നൽകിയതെന്ന് വ്യക്തമാക്കി കോൺഗ്രസ് കൗൺസിലർ വി.ഡി. സുരേഷ് രംഗത്തെത്തി. തുടർന്ന് നഗരസഭയിലെ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനും ഒരു കൗൺസിലറും തമ്മിെല ഫോൺ സംഭാഷണവും പുറത്തുവന്നു. ഇതോടെ കടുത്ത സമ്മർദത്തിലായ സാഹചര്യത്തിലാണ് ഡി.സി.സി നേരിട്ട് അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കിയത്.
അജിതയെ അനുകൂലിച്ച് പോസ്റ്റർ
ഓണസമ്മാനമായ പണം നൽകി എന്ന വിവാദത്തിൽ ആരോപണവിധേയയായ തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പന് ഐക്യദാർഢ്യവുമായി പോസ്റ്ററുകൾ. അംബേദ്കർ സാംസ്കാരിക സമിതിയുടെ പേരിലാണ് നഗരസഭയിൽ പലയിടത്തും പോസ്റ്ററുകൾ പതിച്ചത്. ഇല്ലാത്ത ആരോപണമാണിതെന്നും പട്ടിക വിഭാഗക്കാർക്കെതിരെ നടക്കുന്ന അവഹേളനമാണെന്നും പോസ്റ്ററിൽ പറയുന്നു. തൃക്കാക്കരയിലെ ദലിത് സാംസ്കാരിക, സാമൂഹിക സംഘടനയാണ് അംബേദ്കർ സാംസ്കാരിക സമിതി.
ബി.ജെ.പിയും വെട്ടിൽ
തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ ബി.ജെ.പിയിലും പൊട്ടിത്തെറി. വിവാദത്തില്‍ പാർട്ടിയുടെ ഭാഗത്തുനിന്ന് പ്രതിഷേധ സമരങ്ങളൊന്നും നടത്താത്തത് ചോദ്യം ചെയ്തതിന് മണ്ഡലം പ്രസിഡൻറ് ബി.ജെ.പി ജില്ല ഭാരവാഹിയെ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കി. ഫോൺ സംഭാഷണത്തിെൻറ ശബ്ദരേഖ പുറത്തായതോടെയാണ് ബി.ജെ.പിയും വെട്ടിലായത്. വീട്ടിൽ കയറി മർദിക്കും എന്നതടക്കം ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
ബി.ജെ.പി ജില്ല ഐ.ടി സെല്‍ കോഓഡിനേറ്റര്‍ ആര്. രാജേഷിനെ ബി.ജെ.പി തൃക്കാക്കര മണ്ഡലം പ്രസിഡൻറ് എ.ആര്. രാജേഷ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. നഗരസഭ ഭരിക്കുന്ന യു.ഡി.എഫിനെതിരെ രാഷ്ട്രീയമായി മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിയുമായിരുന്ന വിഷയത്തിൽ ഒരു പ്രതിഷേധവും സംഘടിപ്പിച്ചില്ലെന്ന് അണികൾക്കിടയിൽ പരാതി ഉയർന്നിരുന്നു. പാർട്ടി പ്രവർത്തകർ ഉൾക്കൊള്ളുന്ന ഗ്രൂപ്പിൽ ഇതുസംബന്ധിച്ച് ആർ. രാജേഷ് പോസ്റ്റ് ചെയ്തിരുന്നു. ഇേതതുടർന്നാണ് മണ്ഡലം പ്രസിഡൻറ് എ.ആർ. രാജേഷ് ഫോണിൽ ഭീഷണി മുഴക്കിയത്.
തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ കാര്യങ്ങൾ താൻ നോക്കിക്കോളാം എന്ന് പറഞ്ഞ എ.ആർ. രാജേഷ് ഇനിയും പോസ്റ്റ് ഇടുന്നതുപോലുള്ള കാര്യങ്ങൾ തുടർന്നാൽ വീട്ടിൽ കയറി തല്ലും എന്ന് മുന്നറിയിപ്പ് നൽകുന്നതുമാണ് ശബ്ദരേഖ. മണ്ഡലം പ്രസിഡൻറിനെതിരെ ആരോപണവും ഐ.ടി സെൽ കോഓഡിനേറ്റർ ഉന്നയിക്കുന്നുണ്ട്.
വിജിലൻസ് പരിശോധന ഇന്ന് തുടങ്ങിയേക്കും
തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ വിജിലൻസ് അന്വേഷണ നടപടി ആരംഭിച്ചു. നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ വാർഡ് കൗൺസിലർമാർക്ക് ഓണസമ്മാനമായി 10,000 രൂപ വീതം നൽകിയതിെൻറ ഉറവിടം കണ്ടെത്തണം എന്ന പ്രതിപക്ഷ കൗൺസിലർമാരുടെ പരാതിയിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
