നെല്ല് സംഭരണത്തിന് 100 കോടി രൂപ അനുവദിച്ചു
text_fieldsതിരുവനന്തപുരം: കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല് സംഭരണ ചുമതലയുള്ള സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷനാണ് തുക അനുവദിച്ചത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംഭരിച്ച നെല്ലിന്റെ സബ്‌സിഡി വിതരണത്തിനായാണ് തുക നൽകിയത്. ഈ വർഷം നേരത്തെ 185 കോടി രൂപയും അനുവദിച്ചിരുന്നു. ഫെബ്രുവരി വരെ സംഭരിച്ച സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയാണ് അന്ന് അനുവദിച്ചത്. ഈ സാമ്പത്തിക വർഷം ബജറ്റിൽ 606 കോടി രുപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 285 കോടി രൂപ ഇതിനകം അനുവദിച്ചു.
നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലും സബ്‌സിഡി വിതരണം സംസ്ഥാന സർക്കാർ ഉറപ്പാക്കുകയാണ്. കേന്ദ്രത്തിന്റെ താങ്ങുവില, ചരക്കുകൂലി സഹായത്തിൽ 1100 കോടി രൂപയോളം കുടിശികയാണ്. 2017 മുതലുള്ള തുകകൾ ഇതിൽ ഉൾപ്പടുന്നു.
കേന്ദ്ര സർക്കാർ വിഹിതത്തിന് കാത്തുനിൽക്കാതെ, നെല്ല് സംഭരിക്കുമ്പോൾതന്നെ കർഷകർക്ക് വില നൽകുന്നതാണ് കേരളത്തിലെ രീതി. സംസ്ഥാന സബ്‌സിഡിയും ഉറപ്പാക്കി നെല്ലിന് ഏറ്റവും ഉയർന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ താങ്ങുവില നൽകുമ്പോൾ മാത്രമാണ് കർഷകന് നെൽവില ലഭിക്കുന്നത്.
കേരളത്തിൽ പിആർഎസ് വായ്‌പാ പദ്ധതിയിൽ കർഷകന് നെൽവില ബാങ്കിൽനിന്ന് ലഭിക്കും. പലിശയും മുതലും ചേർത്തുള്ള വായ്‌പാ തിരിച്ചടവ് സംസ്ഥാന സർക്കാർ നിർവഹിക്കും. കർഷകന് നൽകുന്ന ഉൽപാദന ബോണസിന്റെയും വായ്‌പാ പലിശയുടെയും ബാധ്യത സംസ്ഥാന സർക്കാരാണ് തീർക്കുന്നത്. ഇതിലൂടെ നെല്ല് ഏറ്റെടുത്താൽ ഉടൻ കർഷകന് വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. വായ്‌പാ ബാധ്യത കർഷകന് ഏറ്റെടുക്കേണ്ടി വരുന്നതുമില്ല. കേരളത്തിൽ മാത്രമാണ് നെൽ കർഷകർക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

