ആര്.ആര്.ടി.എസ് റെയില് പദ്ധതി പരിഗണിക്കണം -കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി അർധ അതിവേഗ റെയിൽ പദ്ധതിയായ ‘റീജനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം’ (ആർ.ആർ.ടി.എസ്) പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ തത്ത്വത്തിൽ അംഗീകാരം നൽകിയ വിവരം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിനു കത്തയച്ചു. സെപ്റ്റംബറിൽ കൊച്ചിയിൽ നടന്ന അർബൻ കോൺക്ലേവിൽ കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്നും കേന്ദ്ര നഗരവികസന മന്ത്രി മനോഹർ ലാൽ ഖട്ടറിന് അയച്ച കത്തിൽ വ്യക്തമാക്കി.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള മേഖലകൾ അതിവേഗം നഗരവത്കരിക്കപ്പെടുന്ന സാഹചര്യത്തിൽ നിലവിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ വലിയ സമ്മർദത്തിലാണ്. വർധിച്ചുവരുന്ന വാഹന സാന്ദ്രതയും ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും കുറക്കുന്നതിനായി അതിവേഗവും ഉയർന്ന ശേഷിയുള്ളതുമായ പൊതുഗതാഗത സംവിധാനം അത്യാവശ്യമാണ്.
സംസ്ഥാനത്ത് ഓടുന്ന വന്ദേഭാരത് ട്രെയിനുകൾക്ക് ലഭിക്കുന്ന മികച്ച പ്രതികരണവും ഉയർന്ന യാത്രാനിരക്കും കേരളത്തിൽ അതിവേഗ റെയിൽ സംവിധാനങ്ങൾക്ക് വലിയ സാധ്യതയുണ്ടെന്നതിന് തെളിവാണ്. ഡൽഹി-മീററ്റ് ആർ.ആർ.ടി.എസ് ഇടനാഴിയുടെ മാതൃകയും അതിന്റെ പ്രവർത്തനക്ഷമതയും പഠനവിധേയമാക്കിയ ശേഷമാണ് കേരളത്തിന് അനുയോജ്യമായ രീതിയിൽ ഇത് നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതെന്നും കത്തിൽ പറയുന്നു.
നിലവിൽ കൊച്ചിയിൽ മെട്രോ റെയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ തിരുവനന്തപുരം, കോഴിക്കോട് മെട്രോകൾ ആസൂത്രണ ഘട്ടത്തിലുമാണ്. ഈ മൂന്ന് മെട്രോ സംവിധാനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുകയും വിമാനത്താവളങ്ങളായ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, കോഴിക്കോട് എന്നിവയെ കോർത്തിണക്കുകയും ചെയ്യുന്ന ബൃഹദ് ശൃംഖലയായി ആർ.ആർ.ടി.എസ് മാറും. ഇത് അന്തർജില്ലാ യാത്രകൾ സുഗമമാക്കുകയും അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കുകയും ചെയ്യും.
പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവുമായ പ്രായോഗികത പഠിക്കുന്നതിനായി നാഷനൽ ക്യാപിറ്റൽ റീജ്യൻ ട്രാൻസ്പോർട്ട് കോർപറേഷന്റെ സഹായം സർക്കാർ തേടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങാൻ ആവശ്യമായ നിർദേശങ്ങൾ ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകണമെന്നും സംസ്ഥാന ഗതാഗത വകുപ്പ് ഇതിന് പൂർണ സഹകരണം നൽകുമെന്നും കത്തിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

