അപ്രതീക്ഷിതമായി കടുവയുടെ ആക്രമണം ഉണ്ടായതിന്‍റെ ഞെട്ടലിലാണ് ആർ.ആർ.ടി സംഘാംഗമായ ജയസൂര്യ
text_fieldsമാനന്തവാടി: വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ രാധയെന്ന സ്ത്രീയെ കടിച്ചുകൊന്ന നരഭോജി കടുവക്കായി തെരച്ചിൽ നടത്തുന്നതിനിടെ അപ്രതീക്ഷിതമായി കടുവയുടെ ആക്രമണം ഉണ്ടായതിന്‍റെ ഞെട്ടലിലാണ് ആർ.ആർ.ടി സംഘാംഗമായ ജയസൂര്യ. വലതു കൈയുടെ മുട്ടിനു മുകളിലാണ് പരിക്കേറ്റത്. ഷീൽഡ് ഉണ്ടായിരുന്നതിനാൽ അധികം പരിക്ക് പറ്റിയില്ല. കടുവ ഇതിനുശേഷം ഓടിപ്പോയെന്ന് ജയസൂര്യ പറഞ്ഞു.
കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ജയസൂര്യയുടെ ആരോഗ്യനില തൃപ്തികരമാണ്. രാവിലെ പതിനഞ്ചോളം പേരാണ് പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നതെന്ന് ജയസൂര്യ പറഞ്ഞു. കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് സംശയിച്ച മേഖലയിലായിരുന്നു തെരച്ചിൽ നടത്തിയത്. ജയസൂര്യ നടന്നത് ഏറ്റവും പിന്നിലായിട്ടായിരുന്നു. ഇതിനിടയിൽ പെട്ടെന്ന് കടുവ പിന്നിൽ നിന്ന് ചാടി വീണത്.
ജയസൂര്യ പെട്ടെന്ന് കൈയിലുണ്ടായിരുന്ന ഷീൽഡ് ഉപയോഗിച്ച് കടുവയെ തടഞ്ഞു. കടുവ ആക്രമിച്ചതോടെ നിലത്തുവീണു. ഇതോടെ കടുവ തന്‍റെ മുകളിലായി നിന്നു. കടുവക്കും തനിക്കും ഇടയിൽ ഷീൽഡ് ഉണ്ടായിരുന്നതിനാൽ കൂടുതൽ ആക്രമണം ഉണ്ടായില്ല. ഷീൽഡ് കവര്‍ ചെയ്യാതിരുന്ന കൈക്ക് കടുവ മാന്തുകയായിരുന്നു. ഇതിനുശേഷം കടുവ ഉടനെ തന്നെ സ്ഥലത്ത് നിന്ന് ഓടിമറഞ്ഞുവെന്നും ജയസൂര്യ പറഞ്ഞു.
തുടര്‍ന്ന് ജയസൂര്യയെ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കടുവക്കായി തിരച്ചിൽ നടത്തുമ്പോൾ പിന്നിൽ നിന്നാണ് ജയസൂര്യയെ ആക്രമിച്ചതെന്നും പരിക്ക് ഗുരുതരമല്ലെന്നും മന്ത്രി ഒആര്‍ കേളു പറഞ്ഞു. പഞ്ചാരക്കൊല്ലി തറാട്ട് ഭാഗത്ത് കടുവാ തെരച്ചിലിന് ഇറങ്ങിയ സംഘാംഗത്തിനാണ് പരിക്കേറ്റത്. സ്ഥലത്ത് കടുവയെ കണ്ടുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘമിവിടെയെത്തിയത്. ഉൾക്കാട്ടിൽ വെച്ചാണ് ആക്രമണം ഉണ്ടായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.