Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യത്താദ്യമായി...

രാജ്യത്താദ്യമായി നെൽവയൽ ഉടമകൾക്ക് റോയൽറ്റി നിലവിൽ വന്നു

text_fields
bookmark_border
രാജ്യത്താദ്യമായി നെൽവയൽ ഉടമകൾക്ക് റോയൽറ്റി നിലവിൽ വന്നു
cancel
camera_alt

രാജ്യത്ത് ആദ്യമായി നെൽവയൽ ഉടമകൾക്ക് റോയൽറ്റി നൽകുന്ന പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിക്കുന്നു

തൃശൂർ: രാജ്യത്താദ്യമായി നെൽവയൽ ഉടമകൾക്കുള്ള റോയൽറ്റി വിതരണം സംസ്ഥാനത്ത് നിലവിൽ വന്നു. ഇനി മുതൽ ഹെക്ടറിന് ഓരോ സാമ്പത്തിക വർഷവും 2000 രൂപ നിരക്കിൽ റോയൽറ്റി നൽകും. പദ്ധതിയുടെ വിതരണോദ്ഘാടനം തൃശൂർ പ്ലാനിങ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു.

സംസ്ഥാന സർക്കാർ കാർഷിക മേഖലയുടെ വളർച്ച ഉറപ്പാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാർഷിക മേഖലയ്ക്ക് ഒപ്പം കർഷകരെയും സംരക്ഷിച്ച് കൃഷിയെ ഒരു സംസ്കാരമായി വളർത്തിയെന്നും കാർഷിക മേഖലയുടെ വളർച്ച ഉറപ്പാക്കാൻ സുഭിക്ഷ കേരളം, ജീവനി പോലുള്ള ബൃഹദ് പദ്ധതികളും ആവിഷ്ക്കരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

കാർഷിക രംഗത്ത് യന്ത്രവത്ക്കരണം കൂടുതൽ ജനകീയമായി നടപ്പിലാക്കിയതോടെ മികച്ച രീതിയിലുള്ള നടീൽ വസ്തുക്കൾ ലഭ്യമാക്കി. കാർഷിക മേഖലയിൽ ന്യായവില, ആവശ്യമായ സഹായധനം, ഭക്ഷ്യ സ്വയംപര്യാപ്തത എന്നിവ ഉറപ്പാക്കാനും സാധിച്ചു. രാജ്യത്ത്, പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോഴും കൃഷി അനാദായകരവും നഷ്ടവുമാണ് എന്ന വസ്തുത നിലനിൽക്കെയാണ് സംസ്ഥാാനം കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിച്ച് രാജ്യത്തിനു മാതൃകയാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. നെൽകൃഷിയുടെ പ്രാധാന്യത്തെ കണ്ടറിഞ്ഞ് കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിൻ്റെ ഭാഗമായി ഏതാണ്ട് ഒന്നര ലക്ഷം ഹെക്ടറിൽ നിന്ന് 2. 2 ലക്ഷം ഹെക്ടർ കൃഷിഭൂമി വികസിപ്പിച്ചിട്ടുണ്ട്. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 50,000 ഏക്കർ തരിശുഭൂമിയിൽ കൃഷിയിറക്കി. സുഭിക്ഷ കേരളം പദ്ധതി പ്രകാരം 10 ലക്ഷം ടണ്ണിലേക്ക് നെൽകൃഷിയെ വ്യാപിപ്പിക്കാനും ശ്രമമുണ്ട്. സംസ്ഥാനത്ത് കൃഷിഭൂമി ചുരുങ്ങിയ സാഹചര്യം കണ്ടറിഞ്ഞ് കർഷകർക്കു ഉപകാരപ്രദമായ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി സുനിൽ കുമാർ കൂട്ടിച്ചേർത്തു.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ സി മൊയ്തീൻ, പ്രൊഫ. സി രവീന്ദ്രനാഥ്, ഗവ. ചീഫ് വിപ്പ് കെ രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ്, കൃഷി അഡീഷണൽ ഡയറക്ടർമാരായ ഡോ. രാജേന്ദ്രലാൽ, കെ രാധാകൃഷ്ണൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ ചാർജ് മാത്യു ഉമ്മൻ, ഡെപ്യൂട്ടി ഡയറക്ടർമാരായ വി ആർ നരേന്ദ്രൻ, വി സന്ധ്യ, നീന കെ മേനോൻ തുടങ്ങിയവർ പങ്കെടുത്തു.

കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ് സ്വാഗതവും കൃഷി ഡയറക്ടർ ഡോ. വാസുകി നന്ദിയും പറഞ്ഞു. തുടർന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ കർഷകർക്ക് റോയൽറ്റി വിതരണം നടത്തി.

നെൽകൃഷി ചെയ്യാവുന്ന നെൽവയലുകൾ രൂപമാറ്റം വരുത്താതെ നിലനിർത്തി സംരക്ഷിക്കുകയും കൃഷിക്കായി തയ്യാറാക്കുകയും ചെയ്യുന്ന ഉടമകൾക്കാണ് ഹെക്ടറിന് ഓരോ വർഷവും 2000 രൂപ നിരക്കിൽ റോയൽറ്റി അനുവദിക്കുന്നത്. നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകൾ റോയൽറ്റിക്ക് അർഹരാണ്. നെൽവയലുകളിൽ വിള പരിക്രമണത്തിന്റെ ഭാഗമായി പയർ വർഗങ്ങൾ, പച്ചക്കറികൾ, എള്ള്, നിലക്കടല തുടങ്ങിയ നെൽവയലുകളുടെ അടിസ്ഥാന സ്വഭാവവ്യതിയാനം വരുത്താത്ത ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുന്ന നിലം ഉടമകൾക്കും റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കും. നെൽവയലുകൾ തരിശിട്ടിരിക്കുന്ന ഭൂവുടമകൾ ഭൂമി നെൽകൃഷിക്കായി സ്വന്തമായോ മറ്റു കർഷകർ/ഏജൻസികൾ മുഖേനയോ ഉപയോഗപ്പെടുത്തുന്ന അടിസ്ഥാനത്തിൽ റോയൽറ്റി അനുവദിക്കും. ഈ ഭൂമി തുടർന്നും മൂന്ന് വർഷം തുടർച്ചയായി തരിശിട്ടാൽ പിന്നീട് റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കില്ല. അതിനുശേഷം വീണ്ടും കൃഷി ആരംഭിക്കുമ്പോൾ റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കും.

റോയൽറ്റിക്കുള്ള അപേക്ഷ www.aims.kerala.gov.in എന്ന പോർട്ടലിൽ ഓൺലൈനായി സമർപ്പിക്കണം. കർഷകർക്ക് വ്യക്തിഗത ലോഗിൻ ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രം വഴിയോ അപേക്ഷിക്കാം.

Show Full Article
TAGS:royalty Paddy Field Pinarayi Vjayan 
Next Story