ഐ.ടി ഉദ്യോഗസ്ഥരുടെ പെരുമാറ്റം റോയിയെ അസ്വസ്ഥനാക്കി
text_fieldsബംഗളൂരു: ഡിസംബർ ആദ്യവാരം കേരളത്തിൽ നിന്നുള്ള ആദായനികുതി വകുപ്പ് സംഘമാണ് സി.ജ. റോയിയുമായി ബന്ധമുള്ള കമ്പനികളിൽ റെയ്ഡുകൾ നടത്തിയത്. പിടിച്ചെടുത്ത രേഖകളെക്കുറിച്ച് ആദായനികുതി ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യം ചെയ്യുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. റോയ് നേരത്തെ കേരളത്തിലും ചോദ്യംചെയ്യലിനായി ഹാജരായിരുന്നു. ദുബൈയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ആവശ്യമുള്ളപ്പോഴെല്ലാം ബംഗളൂരുവിൽ ഹാജരാകാമെന്നും ഉദ്യോഗസ്ഥരെ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ആദായനികുതി വകുപ്പ് അദ്ദേഹത്തിന്റെ കമ്പനികളിൽ റെയ്ഡ് നടത്തിയിരുന്നു.
വരുമാന സ്രോതസ്സുകളിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന് ആനുപാതികമല്ലാത്ത സ്വത്തുക്കൾ ഉണ്ടെന്ന് റെയ്ഡിൽ കണ്ടെത്തിയതായി വിവരമുണ്ടായിരുന്നു. കമ്പനിയില്‍ റെയ്ഡ് നടക്കുന്ന സാഹചര്യത്തില്‍ മൂന്നു ദിവസം മുമ്പാണ് റോയ് ദുബൈയിൽ നിന്ന് എത്തിയത്. ഐ.ടി ഉദ്യോഗസ്ഥർക്ക് മൊഴി നൽകുന്നതിനായി വെള്ളിയാഴ്ച കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ മാനേജിങ് ഡയറക്ടർ ടി.എ. ജോസഫിനൊപ്പം ലാങ്‌ഫോർഡ് റോഡിലുള്ള കമ്പനിയുടെ ഓഫിസിലെത്തി. ഉദ്യോഗസ്ഥരുടെ പെരുമാറ്റം അദ്ദേഹത്തില്‍ അസ്വസ്ഥതയുണ്ടാക്കിയിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു.
അഞ്ച് മിനിറ്റ് അമ്മയോട് സംസാരിക്കണം എന്നുപറഞ്ഞ ശേഷം ചേംബറിൽ കയറി. ആരെയും അകത്തേക്ക് കയറ്റരുതെന്ന് ജോസഫിനോട് നിര്‍ദേശിച്ചിരുന്നു. 20 മിനിറ്റിന് ശേഷവും മുറി തുറക്കാതിരുന്നതിനെത്തുടർന്ന് സഹപ്രവര്‍ത്തകർ വാതിലിൽ മുട്ടി. പ്രതികരണമില്ലാതായപ്പോൾ ബലമായി വാതിൽ തുറന്നപ്പോഴാണ് ഷർട്ടിൽ രക്തക്കറയുമായി കസേരയിൽ ഇരിക്കുന്ന നിലയിൽ റോയിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആംബുലൻസില്‍ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിനും 3.15നും ഇടയിലാണ് മരണം സംഭവിച്ചതെന്ന് ഡി.സി.പി അക്ഷയ് മചീന്ദ്ര ഹക്കേ പറഞ്ഞു.
മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജോസഫ് അശോക് നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആത്മഹത്യ പ്രേരണക്ക് കേസ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുമെന്ന് കമീഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

