റോസ്സൽ രാജ് ഡി.വൈ.എഫ്.ഐ തൃശൂർ ജില്ല സെക്രട്ടറി; കുന്തക്കാരൻ പേത്രാസിന്റെ ചെറുമകൻ
text_fieldsറോസ്സൽ രാജ്
തൃശൂർ: പുന്നപ്ര -വയലാർ സമര നായകൻ കുന്തക്കാരൻ പത്രോസിന്റെ ചെറുമകൻ റോസ്സൽ രാജ് ഡി.വൈ.എഫ്.ഐ തൃശൂർ ജില്ല സെക്രട്ടറി. പ്രമുഖ സി.പി.എം നേതാക്കൾ ഡീലിങ്സിലൂടെ കോടികൾ സമ്പാദിച്ചുവെന്ന ശബ്ദ രേഖ പുറത്തുവന്നതിനെ തുടർന്ന് നിലവിലെ ജില്ല സെക്രട്ടറി ശരത് പ്രസാദിനെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. തുടർന്നാണ് റോസ്സൽ രാജിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും കല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റുമാണ് റോസ്സൽ രാജ്. നേരത്തേ എസ്.എഫ്.ഐ ജില്ല സെക്രട്ടറിയായിരുന്നു. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ആർ. രാഹുൽ പങ്കെടുത്ത ജില്ല കമ്മിറ്റി യോഗത്തിലാണ് പുതിയ ജില്ല സെക്രട്ടറിയെ തെരഞ്ഞെടുത്തത്. മഹിള അസോസിയേഷൻ ജില്ല ജോയിന്റ് സെക്രട്ടറി അഡ്വ. സോന കെ. കരീമാണ് ഭാര്യ.
അഭിഭാഷകനായിരുന്ന കെ.പി. സെൽവരാജിന്റെയും റോസക്കുട്ടിയുടെയും മകനാണ് റോസൽ രാജ്. പുന്നപ്ര വയലാർ സമര പോരാളിയും തിരുവിതാംകൂർ സ്റ്റേറ്റ് കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയുമായി പൊന്നൂക്കര കെ. വി പത്രോസിന്റെ ചെറുമകനാണ്. 1938ൽ ആലപ്പുഴയിൽ നടന്ന തൊഴിലാളി പണിമുടക്കിൽ പൊലീസ് അതിക്രമം അഴിച്ചുവിട്ടപ്പോൾ തൊഴിലാളികൾ വാരിക്കുന്തമായി നേരിട്ടപ്പോൾ അതിന് നേതൃത്വം നൽകിയ പ്രമുഖരിൽ ഒരാൾ കെ.വി പത്രോസ് ആയിരുന്നു. അങ്ങനെയാണ് കുന്തക്കാരൻ പത്രോസ് എന്ന പേര് വന്നത്.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എ.സി മൊയ്തീൻ എം.എൽ.എ, കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണൻ, തൃശൂർ കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ വർഗീസ് കണ്ടംകുളത്തി തുടങ്ങിയവർ വലിയ ഡീലുകൾ നടത്തുന്നുവെന്നും വൻതോതിൽ പണം സമ്പാദിക്കുന്നുവെന്നും പാർട്ടിയിൽ പദവി ഉയരുന്നതിനൊപ്പം പിരിവിന്റെ വലുപ്പവും കൂടുമെന്നുമുള്ള ശരത് പ്രസാദിന്റെ ഒാഡിയോ ആണ് പുറത്തുവന്നത്. സി.പി.എം നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന നിബിൻ ശ്രീനിവാസനുമായി സംസാരിക്കുന്ന ശബ്ദ സന്ദേശം പ്രചരിച്ചതോടെയാണ് പ്രധാന പദവികളിൽ നിന്ന് ശരത് പ്രസാദിനെ നീക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

