‘മുന്നണിമാറ്റം എതിർത്തത് റോഷി അഗസ്റ്റിൻ’; സി.പി.എം ഇടുക്കി ജില്ല സെക്രട്ടറിയുടെ ശബ്ദരേഖ പ്രചരിക്കുന്നു
text_fieldsതൊടുപുഴ: കേരള കോൺഗ്രസിന്റെ മുന്നണി മാറ്റത്തെ എതിർത്തത് റോഷി അഗസ്റ്റിനാണെന്ന തരത്തിൽ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസിന്‍റെ ശബ്ദ രേഖ. വിഷയത്തിൽ ശരിയായ നിലപാടെടുക്കാൻ റോഷിക്ക് പിൻബലം നൽകാൻ സി.പി.എമ്മിന് കഴിഞ്ഞുവെന്നും ഇത് രാഷ്ട്രീയ നേട്ടമാണെന്നും പറയുന്ന ശബ്ദരേഖയാണ് പ്രചരിക്കുന്നത്.
ജില്ലയിലെ മറ്റ് രാഷ്ട്രീയ കക്ഷികളോടുള്ള ബന്ധം പാർട്ടി കമ്മിറ്റിയിൽ വിശദീകരിക്കുന്നതിനിടെയാണ് സി.വി. വർഗീസ് കേരള കോൺഗ്രസിനെ പറ്റി പറയുന്നത്. ‘കേരള കോൺഗ്രസിൽ (എം) ആഭ്യന്തര പ്രശ്നം വന്നു. റോഷിക്ക് ശരിയായ നിലപാട് എടുക്കാനുള്ള പിൻബലം ആരാണ് കൊടുത്തത്. ഇടതുപക്ഷ രാഷ്ട്രീയത്തിൽ നിന്ന് വിട്ട് പോകാൻ മനസ് വരാത്ത രീതിയിൽ റോഷിയെ നമുക്ക് എത്തിക്കാൻ പറ്റിയില്ലേ. ഇതോടെ റോഷിയെ ഏതുവിധേനയും വിജയിപ്പിക്കണമെന്ന വികാരത്തിലേക്കും സഖാക്കളെത്തി. അങ്ങനെ എത്താത്ത ചിലരുണ്ടെന്നും അവരെ പിന്നീട് കാണാമെന്നും സി.വി വർഗീസ് പറയുന്നുണ്ട്.
കേരള കോൺഗ്രസ് യു.ഡി.എഫിൽ എത്തിയിരുന്നെങ്കിൽ ഇടുക്കി ജില്ലയിൽ വലിയ പ്രതിഫലനങ്ങൾ ഉണ്ടാകുമായിരുന്നുവെന്നും അതിന് തടയിടാനായത് രാഷ്ട്രീയ നേട്ടമാണെന്നുമാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തത്തൽ. കേരള കോൺഗ്രസ് (എം) എൽ.ഡി.എഫ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ അടുത്തിടെ ശക്തമായിരുന്നു. യു.ഡി.എഫ് നേതൃത്വവുമായി ജോസ് കെ. മാണി ചർച്ച നടത്തി എന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് കേരള കോൺഗ്രസിന്റെ മുന്നണി മാറ്റം ചർച്ചയായായത്.
ജോസ് കെ. മാണിയും മൂന്ന് എം.എൽ.എൽ.എ മാരും യുഡിഎഫിലേക്ക് ചേക്കേറുമെന്ന തരത്തിലും പ്രചാരണമുണ്ടായി. എന്നാൽ, മുന്നണി മാറ്റം സംബന്ധിച്ച് ഒരു വിഷയവും ചർച്ചയിൽ ഇല്ലെന്നായിരുന്നു റോഷി അഗസ്റ്റിന്‍റെ പ്രതികരണം. ഇതോടെ, റോഷി അഗസ്റ്റിന്‍റെ എതിർപ്പ് മൂലമാണ് പാർട്ടി മുന്നണി വിടാത്തതെന്ന നിലയിലും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.എം ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ പുറത്ത് വന്നത്.
അതേസമയം, കമ്മിറ്റിയിൽ വിശദീകരിച്ചത് അന്നത്തെ രാഷ്ട്രീയ സാഹചര്യമാണെന്ന് ജില്ലാ സെക്രട്ടി സി.വി. വർഗീസ് പറഞ്ഞു. കേരള കോൺഗ്രസ് മുന്നണി വിടുമെന്ന് എവിടെയും പറഞ്ഞിട്ടില്ല. മാധ്യമങ്ങളാണ് അനാവശ്യ വിവാദം ഉണ്ടാക്കുന്നത്. ശബ്ദരേഖ ചോർന്നത് എങ്ങനെയെന്ന് പരിശോധിക്കുമെന്നും സി.വി വർഗീസ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

