കേരള സർവകലാശാലയിലെ വിദ്യാർഥി രാഷ്ട്രീയം വിലക്കാനുള്ള നീക്കം തെറ്റായ പ്രചാരണം: റോജി എം. ജോൺ
text_fieldsറോജി എം. ജോൺ
തിരുവനന്തപുരം: കേരള സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലും സർവകലാശാലാ പഠനവിഭാഗങ്ങളിലും വിദ്യാർഥി രാഷ്ട്രീയത്തിന് കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം. ജോൺ പറഞ്ഞു. കാമ്പസുകളിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സിൻഡിക്കേറ്റ് തയ്യാറാക്കിയ കരട് മാർഗരേഖകളിലായിരുന്നു ഈ നിർദേശങ്ങളുള്ളത്. ഇത് തള്ളിയാണ് മന്ത്രി രംഗത്തെത്തിയത്.
'എറണാകുളം മഹാരാജാസ് കോളജിൽ അഭിമന്യു എന്ന വിദ്യാർഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി പൊതുതാത്പര്യ ഹരജികൾ കോടതിയുടെ മുമ്പാകെ എത്തിയിരുന്നു. തുടർന്ന് കോടതിയാണ് സർവകാലശാലകളോട് വിദ്യാർഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഒരു മാർഗരേഖ തയ്യാറാക്കാൻ ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് 2005ൽ മഹാത്മാ ഗാന്ധി സർവകലാശാല തയ്യാറാക്കിയ മാർഗരേഖ വേണമെങ്കിൽ പരിഗണിക്കാമെന്ന് കോടതി നിർദേശിച്ചിരുന്നു. തുടർന്ന് കേരള സർവകലാശാല സിൻഡിക്കേറ്റ് ഒരു ഉപസമിതി രൂപീകരിച്ചു. ഈ ഉപസമിതി മാർഗനിർദേശവുമായി ബന്ധപ്പെട്ട കരട് രൂപം തയ്യാറാക്കാൻ ലീഗൽ വിഭാഗത്തോട് ആവശ്യപ്പെട്ടു. ലീഗൽ വിഭാഗം 2005ലെ റിപ്പോർട്ട് പരിഗണിച്ച് ഉപസമിതിക്ക് പുതിയ റിപ്പോർട്ട് നൽകി. ഉപസമിതി മാർഗനിർദേശത്തിൽ വേണ്ട ഭേദഗതികൾ നിർദേശിക്കും. തുടർന്ന് ഉപസമിതി വിദ്യാർഥി സംഘടനകൾക്ക് ഈ മാർഗരേഖ അയച്ചുകൊടുക്കും' എന്നതാണ് കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ച ചെയ്തതെന്ന് മന്ത്രി പറഞ്ഞു.
തുടർന്ന് വിദ്യാർഥി സംഘടനകളുടെ അഭിപ്രായങ്ങൾ ഉൾകൊണ്ട് സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതി വീണ്ടും മാറ്റങ്ങൾ വരുത്തി സിൻഡിക്കേറ്റിലേക്ക് അയച്ച് ആ കമ്മിറ്റി അംഗീകരിച്ചാലാണ് വിദ്യാർഥി രാഷ്ട്രീയത്തെ സംബന്ധിച്ചുള്ള എന്തെങ്കിലും തരത്തിലുള്ള മാർഗനിർദേശങ്ങളായി നിലവിൽ വരികയൊള്ളൂ. എം.ജി സർവകലാശാല 2005ൽ തയ്യാറാക്കിയ മാർഗരേഖ കോടതി നിർദേശ പ്രകാരം യോഗത്തിൽ ചർച്ച ചെയ്‌തെന്ന് മാത്രമൊള്ളൂ. ചർച്ചക്ക് പിന്നാലെ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കാൻ പോകുന്നു എന്ന തരത്തിൽ തെറ്റായ പ്രചാരമാണ് നിലവിലുള്ളതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
വിദ്യാർഥി രാഷ്ട്രീയത്തെ കേരളത്തിലെ കാമ്പസുകളിൽ പ്രോത്സാഹിപ്പിക്കണം എന്നാണ് യു.ഡി.എഫ് സർക്കാറിന്റെ നിലപാട്. ഞാനുൾപ്പെടെയുള്ള ഇന്നത്തെ നേതാക്കൾ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് വളർന്ന് വന്നത്. 18 വയസ്സ് പൂർത്തിയായ ഒരു വ്യക്തിക്ക് പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും തെരഞ്ഞെടുക്കാൻ അവകാശമുള്ളതുപോലെ വിദ്യാർഥി പഠിക്കുന്ന കാമ്പസിലെ രാഷ്ട്രീയം തീരുമാനിക്കാനും അവകാശമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

