കുടക്കല്ലിനു പിന്നാലെ പെരളം കൊഴുമ്മലിൽ ശിലാചിത്രങ്ങളും
text_fieldsകൊഴുമ്മലിൽ കണ്ടെത്തിയ ശിലാചിത്രങ്ങൾ
പയ്യന്നൂർ: ഗതകാല സംസ്കാരത്തിന്‍റെ അടയാളങ്ങളായ നിരവധി കുടക്കല്ലുകളുള്ള കരിവെള്ളൂർ ചെമ്പൊട്ടിക്കുന്നിന് സമീപം ശിലാ ചിത്രങ്ങളും കണ്ടെത്തി. പെരളം കൊഴുമ്മലിൽ അടുത്തിടെ പുനരുദ്ധരിച്ച പെരികമനയിലെ കുടക്കല്ല് കേന്ദ്രത്തിന് സമീപമുള്ള കരിങ്കൽപ്പാറയിലാണ് ശിലാചിത്രങ്ങൾ കണ്ടെത്തിയത്. കേരള സർക്കാർ പുരാവസ്തു വകുപ്പാണ് ഇതും പരിശോധിച്ചത്. 10 ചതുരശ്ര മീറ്ററിൽ ചിത്രങ്ങൾ കണ്ടെത്തിയതായി ബന്ധപ്പെട്ടവർ പറയുന്നു. ഏറ്റുകുടുക്ക പെട്രോഗ്ലിഫ്സ് ശൈലിയിലുള്ളതാണ് ഇതെന്ന് പുരാവസ്തു ഗവേഷകനായ കെ.കൃഷ്ണരാജ് പറയുന്നു. മൃഗ രൂപമാണെന്നാണ് അനുമാനിക്കുന്നത്.
മേഖലയിൽ വകുപ്പ് നടത്തിവരുന്ന പുരാവസ്തു സർവേക്കിടെയാണ് ഈ കണ്ടെത്തൽ. കുടക്കല്ല് കേന്ദ്രത്തിന് തെക്കുവശത്തുള്ള ഒരു വീട്ടുപ്ലോട്ടിൽ കരിങ്കൽപ്പാറ വൃത്തിയാക്കുന്നതിനിടെയാണ് ഈ കൽചിത്രങ്ങൾ വെളിച്ചത്തുവന്നത്. കൊത്തുപണി ചെയ്ത പ്രതലത്തിന്റെ ചില ഭാഗങ്ങൾ കാലപ്പഴക്കം മൂലം ഭൂരിഭാഗവും നശിച്ചു പോയതിനാൽ പാറയിൽ കൊത്തിയിരിക്കുന്ന രൂപങ്ങൾ വ്യക്തമായി തിരിച്ചറിഞ്ഞിട്ടില്ല. സർവേ സംഘത്തിന്റെ കോർഡിനേറ്ററായ കെ. കൃഷ്ണരാജിന്റെ അഭിപ്രായത്തിൽ, ഈ കൊത്തുപണികളുടെ ശൈലി പ്രശസ്തമായ ഏറ്റുകുടുക്കയിലെ ശിലാലിഖിതങ്ങളോട് സാമ്യമുള്ളതാണ്. ഏകദേശം 10 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് ഈ കൊത്തുപണികൾ പരന്നു കിടക്കുന്നത്.
പ്രദേശത്തെ പുരാവസ്തു അവശിഷ്ടങ്ങളുടെ സ്വഭാവവും വ്യാപ്തിയും നിർണ്ണയിക്കാൻ കൂടുതൽ പര്യവേഷണം ആവശ്യമാണെന്ന ആവശ്യം ശക്തമാണ്. രണ്ട് പ്രശസ്തമായ ശിലാചിത്ര കേന്ദ്രങ്ങളായ എട്ടുകുടുക്കയും അരിയിട്ടപ്പാറയും കുടക്കല്ല് ഉള്ള പ്രദേശവും അടുത്തടുത്താണ്. ഏറ്റുകുടുക്കയിലെ ചിത്രങ്ങൾക്ക് മുകളിൽ റോഡ് നിർമിച്ചത് വിവാദമായിരുന്നു. ഇവ ശാസ്ത്രീയമായി സംരക്ഷിക്കാൻ നടപടി വേണമെന്ന് ചരിത്രകാരന്മാർ ആവശ്യപ്പെടുന്നു. കന്നുകാലികൾ നടന്നു പോകുന്നതാണ് ഏറ്റു കുടുക്കയിലെ ചെങ്കൽ പാറയിൽ ആലേഖനം ചെയ്തിട്ടുള്ളത്.
പര്യവേഷണം വേണം
പുരാവസ്തു അവശിഷ്ടങ്ങളുടെ സ്വഭാവവും വ്യാപ്തിയും നിർണയിക്കാൻ കൂടുതൽ പര്യവേഷണം ആവശ്യമാണെന്ന് സ്ഥലം സന്ദർശിച്ച പുരാവസ്തു ഡയറക്ടർ ഇ. ദിനേശൻ പറയുന്നു. ഏറ്റുകുടുക്ക, അരിയിട്ട പാറ പെട്രോഗ്ലിഫ്സ് സൈറ്റുകൾ സമീപത്തായതിനാൽ ചെമ്പൊട്ടിക്കുന്ന് പെട്രോ ഗ്ലിഫ്സ് സൈറ്റിന് പ്രാധാന്യമുണ്ട്. ചെമ്പൊട്ടിക്കുന്നിൽ പുതുതായി കണ്ടെത്തിയ കൊത്തുപണികൾ ഈ പ്രദേശത്തിന്‍റെ ചരിത്രാതീത സാംസ്കാരിക ഭൂപ്രകൃതിയെക്കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

