ഗോവിന്ദപുരം പാർഥസാരഥി ക്ഷേത്രത്തിൽ വൻ കവർച്ച തിരുവാഭരണവും പണവും നഷ്ടപ്പെട്ടു
text_fieldsകോഴിക്കോട്: നഗരപരിധിയിലെ ഗോവിന്ദപുരം പാർഥസാരഥി ക്ഷേത്രത്തിൽ വൻ കവർച്ച. വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണവും ഭണ്ഡാരങ്ങളിലെ പണവും കവർന്നു. അഞ്ചേമുക്കാൽ പവൻ തൂക്കം വരുന്നതാണ് തിരുവാഭരണം. തിങ്കളാഴ്ച പുലർച്ചെ ക്ഷേത്രം മേൽശാന്തി തളിയില്‍മന ശ്രീകാന്ത് നമ്പൂതിരി നടതുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളെ ബന്ധപ്പെടുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു.
ക്ഷേത്രത്തിലെ എട്ടു ഭണ്ഡാരങ്ങളും കുത്തിപ്പൊളിച്ച് പണം കവർന്നിട്ടുണ്ട്. തെക്ക് ഭാഗത്തുള്ള വാതിലിെൻറ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. ശ്രീകോവിലിെൻറ വാതില്‍ പൂട്ടാത്തതിനാൽ ഇതുവഴി കടന്നാണ് തിരുവാഭരണം കവർന്നത്. വിഗ്രഹത്തിലെ വെള്ളി കിരീടവും മോഷ്ടാവ് എടുത്തിരുന്നു. എന്നാൽ, കിരീടവും ഭണ്ഡാരങ്ങൾ കുത്തിതുറക്കാനുപയോഗിച്ചതെന്ന് കരുതുന്ന കമ്പി പാരയും ക്ഷേത്രപരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി എട്ടുമണിക്കാണ് നട അടച്ച് മേൽശാന്തിയും ജീവനക്കാരും പോയത്.
ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് വാസുദേവൻ നായർ നൽകിയ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. സിറ്റി പൊലീസ് കമീഷണർ ജെ. ജയനാഥ് സ്ഥലത്തെത്തി. മെഡിക്കല്‍കോളജ് എസ്.ഐ പി.കെ. വിനോദൻ, സീനിയര്‍ സിവിൽ പൊലീസ് ഓഫിസര്‍ സി. ജിനേഷ്, ഫോറന്‍സിക് സയൻറിഫിക് അസിസ്റ്റൻറ് വി. വിനീത്, വിരലടയാള വിദഗ്ധരായ പി. ദിനേശ്കുമാർ, വി.പി. കരീം, എ.വി. ശ്രീജയ, വി. വിനീത് എന്നിവർ തെളിവുകൾ ശേഖരിച്ചു. വിഷുവിനുശേഷം ക്ഷേത്രത്തിലെ എല്ലാ ഭണ്ഡാരവും തുറന്ന് പണം എടുത്തതിനാൽ പരമാവധി 25,000 രൂപ വരെയേ അതിൽ ഉണ്ടാകാൻ സാധ്യതയുള്ളൂവെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രോത്സവത്തിനുള്ള ഒരുങ്ങൾ നടക്കവെയാണ് കവർച്ച. േമയ് മൂന്ന് മുതൽ പത്തുവരെയാണ് ഉത്സവം.
അന്വേഷണത്തിന് പ്രത്യേക സംഘം
ഗോവിന്ദപുരം പാർഥസാരഥി ക്ഷേത്രത്തിലെ കവർച്ച അന്വേഷിക്കാൻ മെഡിക്കൽ കോളജ് സി.െഎ മൂസ വള്ളിക്കാടെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചതായി ഡെപ്യൂട്ടി കമീഷണർ പി.ബി. രാജീവ് അറിയിച്ചു. ഒന്നില്‍കൂടുതല്‍ മോഷ്ടാക്കളാണ് കവർച്ചക്കുപിന്നിലെന്നാണ് സംശയിക്കുന്നത്. ക്ഷേത്രത്തിൽ നടത്തിയ പരിശോധനയിൽ രാത്രി 12നും പുലർച്ചെ നാലിനും ഇടയിലാണ് കവർച്ച നടന്നത് എന്നാണ് കരുതുന്നത്.
അതിനാൽ ഇൗ സമയത്തെ ടെലഫോൺ കോളുകൾ പരിശോധിക്കും. മൊബൈൽ ടവർ കേന്ദ്രീകരിച്ചാവും അേന്വഷണം. മാത്രമല്ല ഇൗ പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ചും അന്വേഷിക്കുമെന്ന് അേദ്ദഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.