കത്തികാണിച്ചു ഭീഷണിപ്പെടുത്തി ഹൈവേയിൽ കവർച്ച: രണ്ട് പ്രതികൾ അറസ്റ്റിൽ
text_fieldsപ്രതികളായ ഷിഹാസ്, ശരത്ത്
കൊച്ചി: മോട്ടോർ സൈക്കിളിൽ കയറ്റി കത്തികാണിച്ചു ഭീഷണിപ്പെടുത്തി ഹൈവേയിൽ കവർച്ച നടത്തുന്ന സംഘം പിടിയിൽ. ആലുവ എടത്തല മാളികപ്പടി കളത്തിപ്പറമ്പിൽ വീട്ടിൽ ഷിഹാസ് (ഷിയ -30), കൊച്ചി നേവൽ ബേസ് കഠാരി ബാഗിൽ ക്വാർട്ടേഴ്സ് നമ്പർ 630ൽ താമസിക്കുന്ന ശരത്കുമാർ (25) എന്നിവരെ പാലാരിവട്ടം പൊലീസാണ് അറസ്റ്റു ചെയ്തത്.
എറണാകുളം മെഡിക്കൽ സെന്റർ ഭാഗത്ത് വാടകക്ക് താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയും ടെക്നോ പാർക്ക് ജീവനക്കാരനുമായ പ്രേംജിത്തിന്റെ രണ്ടരപവൻ സ്വർണമാലയും പാലാരിവട്ടം ബൈപാസിന് സമീപം ബസ് കാത്തുനിന്ന ഷിയാസിന്റെ ഐ ഫോണുമാണ് പൾസർ ബൈക്കിൽ വന്ന പ്രതികൾ ഭീഷണിപ്പെടുത്തി കവർന്നത്.
ഐ.ടി പാർക്കിലെ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന പ്രേംജിത്തിനെ ഭയപ്പെടുത്തി ബൈക്കിൽ കയറ്റിയ ശേഷം ഇരുട്ടുള്ള ഭാഗത്ത് നിർത്തി കത്തിവീശി സ്വർണമാല തട്ടിയെടുക്കുകയായിരുന്നു. പ്രേംജിത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പ്രതികൾ മാല പറിച്ചെടുത്തത്. അഞ്ച് മിനിറ്റിനകമാണ് ഷിയാസിന്റെ അടുത്തെത്തി കവർച്ച നടത്തിയതും.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കുടുക്കാനായത്. പ്രതികളിൽനിന്ന് കത്തിയും കൃത്യത്തിനുപയോഗിച്ച വാഹനവും മൊബൈൽ ഫോണും മാലയും കണ്ടെടുത്തു. കസ്റ്റഡിയിൽ എടുത്ത പ്രതികളെ ചോദ്യം ചെയ്തപ്പോൾ ഇവരുടെ കൂട്ടത്തിലുള്ള മുനാസിർ തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നും ഇരുചക്രവാഹനം മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാളെ അറസ്റ്റു ചെയ്ത് തടിയിട്ടപറമ്പ് പൊലീസിന് കൈമാറി. ഷിഹാസിനെയും ശരത്തിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

