തിരുവനന്തപുരത്ത് വൃദ്ധയെ കെട്ടിയിട്ട് കവർച്ച
text_fieldsതിരുവനന്തപുരം: ബാലരാമപുരത്ത് വാണികർ തെരുവിൽ ഒറ്റക്ക് താമസിക്കുന്ന വൃദ്ധയെ കെട്ടിയിട്ട് മർദിച്ച ശേഷം കവർച്ച നടത്തി. എൺപതുകാരിയായ രത്നമ്മയെയാണ് രണ്ടംഗ സംഘം കെട്ടിയിട്ട ശേഷം സ്വർണവും പണവും കവർന്നത്.
അണിഞ്ഞിരുന്ന മൂക്കുത്തി ഉൾപ്പെടെ 11 പവൻ സ്വർണ്ണവും 1000 രൂപയും മോഷ്ടിക്കപ്പെട്ടു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് മോഷ്ടാക്കൾ രത്നമ്മ ഒറ്റക്ക് താമസിക്കുന്ന വീട്ടിലെത്തിയത്. വീടിനുള്ളിൽ കടന്നയുടൻ മുഖത്ത് സ്പ്രേ അടിച്ച് മയക്കി മോഷണം നടത്തുകയായിരുന്നു. അൽപനേരത്തിനു ശേഷം ബോധം തെളിഞ്ഞ് കവർച്ച തടയാൻ ശ്രമിച്ച രത്നമ്മയെ മർദിച്ചവശയാക്കി കെട്ടിയിടുകയായിരുന്നു. പുലർച്ചെ അയൽക്കാരെത്തിയാണ് ഇവരെ ആശുപത്രിയിലാക്കിയത്.
തെൻറ വീടിന് പിന്നിലെ മുറിയിൽ വാടകക്ക് താമസിച്ചിരുന്നവരാണ് മോഷണം നടത്തിയതെന്ന് രത്നമ്മ പൊലീസിന് മൊഴി നൽകി. പ്രതികളെന്ന് സംശയിക്കുന്ന പാലോട് സ്വദേശി രാജേഷ്, തൃശൂർ സ്വദേശി സണ്ണി എന്നിവർ ഒളിവിലാണ്.
