ട്രെയിനിൽനിന്ന് തള്ളിയിട്ട് കവർച്ച: പ്രതി കയറിയത് പൻവേലിൽനിന്ന്, ലക്ഷ്യം നേടുംവരെ വീട്ടമ്മയെ പിന്തുടർന്നു...
text_fieldsവീട്ടമ്മയെ ആക്രമിച്ച് ട്രെയിനിൽനിന്ന് തള്ളിയിട്ട കേസിൽ പിടികൂടിയ മുഹമ്മദ് സെയ്ഫ് അസ്കർ അലിയെ പൊലീസ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചപ്പോൾ
കോഴിക്കോട്: വീട്ടമ്മയെ ട്രെയിനിൽനിന്ന് തള്ളിയിട്ട് കവർച്ച നടത്തിയ പ്രതിയെ കോഴിക്കോട്ടെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പണമടങ്ങിയ ബാഗും മൊബൈൽ ഫോണും കവർന്ന ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സെയ്ഫ് അസ്കർ അലിയെയാണ് (37) റെയിൽവേ പൊലീസിന്റെയും ആർ.പി.എഫിന്റെയും പ്രത്യേക അന്വേഷണസംഘം 48 മണിക്കൂറിനുള്ളിൽ പിടികൂടിയത്. ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഞായറാഴ്ച രാവിലെ 7.15ന് കാസർകോട് റെയിൽവേ സ്റ്റേഷനിൽനിന്നാണ് പിടിയിലായത്. ട്രെയിനുകൾ കേന്ദ്രീകരിച്ച് സ്ഥിരം മോഷണം നടത്തുന്ന അസ്കറലിക്ക് മയക്കുമരുന്ന് വിൽപനയുൾപ്പെടെ മുംബൈ പൊലീസിൽ മാത്രം 30ഓളം കേസുകൾ നിലവിലുണ്ട്.
വെള്ളിയാഴ്ച പുലർച്ച നാലരയോടെ സമ്പർക്കക്രാന്തി എക്സ്പ്രസിൽനിന്ന് വീട്ടമ്മയെ ട്രെയിനിന് പുറത്തേക്ക് തള്ളിയിട്ട് കവർച്ച നടത്തിയ പ്രതി, പിന്നാലെയെത്തിയ അന്ത്യോദയ എക്സ്പ്രസിൽ ചാടിക്കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മംഗലാപുരത്തെത്തിയ പ്രതി ട്രെയിനിൽനിന്നിറങ്ങി എതിർദിശയിൽ വന്ന പുണെ എക്സ്പ്രസിൽ യാത്ര തുടർന്നു. അതിനിടെ, പ്രതിയുടെതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പൻവേൽ സ്റ്റേഷനിലിറങ്ങിയ പ്രതി പിന്നീട് മംഗലാപുരം ഭാഗത്തേക്കുള്ള തിരുനെൽവേലി എക്സ്പ്രസിൽ വരുന്നതിനിടെയാണ് പിടിയിലായത്. മോഷ്ടിച്ച ബാഗിലുണ്ടായിരുന്ന കുടയും എ.ടി.എം കാർഡും പൊലീസ് കണ്ടെടുത്തു. 8000 രൂപയായിരുന്നു ബാഗിലുണ്ടായിരുന്നത്. ഇതിൽ 4750 രൂപ കണ്ടെടുക്കാനായെന്നും റെയിൽവേ പൊലീസ് അറിയിച്ചു. ഇൻസ്പെക്ടർ സുധീർ മനോഹർ, എസ്.ഐമാരായ സുഭാഷ് ചന്ദ്രൻ, പി.കെ. ബഷീർ, പി. ജയകൃഷ്ണൻ, എ.എസ്.ഐ പി.ടി. ഷാജി, ബിബിൻ മാത്യു, സി.പി.ഒമാരായ ജോസ്, അഖിലേഷ്, ആർ.പി.എഫ് എസ്.ഐ സുനിൽകുമാർ, അജിത് അശോക്, ബൈജു, അബ്ബാസ്, അജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
എസ് വൺ കമ്പാർട്ട്മെന്റിൽ യാത്രചെയ്യുകയായിരുന്ന തൃശൂർ തലോർ വൈക്കാടൻ ജോസിന്റെ ഭാര്യ അമ്മിണിയെയാണ് (64) ട്രെയിൻ കോഴിക്കോട് സ്റ്റേഷൻ വിട്ട് ഫ്രാൻസിസ് റോഡ് മേൽപാലത്തിനടുത്ത് എത്താറായപ്പോൾ മോഷ്ടാവ് തള്ളിയിട്ടത്.
പൊലീസിന്റെ പിടികിട്ടാപ്പുള്ളി
കോഴിക്കോട്: ട്രെയിൻ യാത്രക്കിടെ വീട്ടമ്മയെ ചവിട്ടി വീഴ്ത്തി പണമടങ്ങിയ ബാഗും മൊബൈൽ ഫോണും കവർന്ന അന്തർസംസ്ഥാന കുറ്റവാളിയായ മുഹമ്മദ് സെയ്ഫ് അസ്കർ അലി പൊലീസിന്റെ പിടികിട്ടാപ്പുള്ളി. മോഷണം ലക്ഷ്യംവെച്ച് അസ്കർ അലി സമ്പർക്കക്രാന്തി എക്സ്പ്രസിൽ കയറിയത് പൻവേലിൽനിന്നാണ്. ടിക്കറ്റെടുക്കാതെ സ്ലീപ്പർ കോച്ചിൽ കയറിയ പ്രതി കമ്പാർട്ട്മെന്റിലൂടെ നടക്കുന്നതിനിടെയാണ് രത്നഗിരി സ്റ്റേഷനിൽ വെച്ച് എസ് വൺ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന അമ്മിണി ശ്രദ്ധയിൽപെട്ടത്. ഓരോ നീക്കങ്ങളും നിരീക്ഷിച്ചശേഷം കൈയിലുള്ള ബാഗിൽ സ്വർണാഭരണവും പണവുമുണ്ടെന്ന് ഉറപ്പിക്കുകയായിരുന്നു. എന്നാൽ, സഹോദരൻ ഒപ്പമുണ്ടായിരുന്നതിനാൽ ബാഗ് മോഷ്ടിക്കാൻ കഴിഞ്ഞില്ല. ട്രെയിൻ കോഴിക്കോട്ടെത്തിയപ്പോൾ സഹോദരൻ ശുചിമുറിയിലേക്ക് പോയതിനു പിന്നാലെ ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. ഇത് ചെറുത്തതോടെയാണ് അമ്മിണിയെ ട്രെയിനിൽനിന്ന് തള്ളിയിട്ടത്.
മൽപിടിത്തത്തിനിടയിൽ പ്രതിയും ട്രെയിനിൽനിന്ന് വീണെങ്കിലും മോഷ്ടിച്ച ബാഗുമായി മംഗലാപുരത്തേക്കുള്ള അന്ത്യോദയ എക്സ്പ്രസിൽ ചാടിക്കയറി. യാത്രക്കാരുടെ ശ്രദ്ധയിൽപെടാതിരിക്കാൻ കമ്പാർട്ട്മെന്റുകൾ മാറി യാത്രചെയ്തു. ഇതിനിടെ പ്രതി ബാഗിലുണ്ടായിരുന്ന ഫോൺ സ്വിച്ച് ഓഫാക്കി ഉപേക്ഷിച്ചു. പിന്നീട് ബാഗും വലിച്ചെറിഞ്ഞു. പ്രതിക്കെതിരെ പൻവേൽ, താനെ, കല്യാൺ, കുർള, ദാദർ, കർജാട്, ഛത്രപതി ശിവജി റെയിൽവേ പൊലീസ് തുടങ്ങി കവർച്ച കേസുകളും മയക്കുമരുന്ന്, ആയുധം കൈവശംവെക്കൽ നിയമപ്രകാരമുള്ള കേസുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

