സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണം: പ്രതി കർണാടകയിൽ പിടിയിൽ
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് കർണാടകയിലെ ഉഡുപ്പിയിൽനിന്ന് പിടിയിലായി. ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാനാണ് പിടിയിലായത്. വീട്ടിൽനിന്ന് നഷ്ടപ്പെട്ട വസ്തുക്കൾ പ്രതിയിൽനിന്ന് ലഭിച്ചതായാണ് വിവരം. മോഷണം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് പ്രതി കുടുങ്ങിയത്.
കേരളം വിടാനുള്ള സാധ്യത കണക്കിലെടുത്ത് അയൽസംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹകരണത്തോടെയായിരുന്നു കൊച്ചി സിറ്റി പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. മോഷണവുമായി ബന്ധപ്പെട്ട സി.സി ടി.വി ദൃശ്യങ്ങൾ പിന്തുടർന്നായിരുന്നു അന്വേഷണം.
ആദ്യഘട്ടത്തിൽ ജോഷിയുടെ വീടിന്റെ അടുക്കള ഭാഗത്തുനിന്ന് അകത്തേക്ക് കടക്കാൻ ശ്രമിക്കുന്ന പ്രതിയുടെ ദൃശ്യങ്ങളാണ് പൊലീസിന് ലഭ്യമായത്. തുടർന്ന് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ഒരു കാറിന്റെ ദൃശ്യം ലഭിച്ചു. അത് പിന്തുടർന്ന് അന്വേഷണം നടത്തിവരുകയായിരുന്നു.
ശനിയാഴ്ച കാർ കാസർകോട് അതിർത്തി കടന്നെന്നത് തിരിച്ചറിഞ്ഞു. തുടർന്ന് ഉടുപ്പി, മംഗളൂരു, കാർവാർ എന്നിവിടങ്ങളിലെ പൊലീസിന് വിവരം കൈമാറി. ഇതുപ്രകാരം കോട്ട പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ഇതോടെ എറണാകുളം സൗത്ത് പൊലീസ് സംഘം കർണാടകയിലേക്ക് പുറപ്പെട്ടു.
കൊച്ചിയിലെത്തിക്കുന്ന പ്രതിയെ വിശദമായി ചോദ്യംചെയ്ത് കോടതിയിൽ ഹാജരാക്കും. വിവിധ സംസ്ഥാനങ്ങളിലെ മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
ശനിയാഴ്ച പുലര്‍ച്ച ഒന്നരക്കുശേഷമാണ് ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടിൽ മോഷണം നടന്നത്. മുകൾനിലയിലെ മുറിയിലുള്ള സേഫ് ലോക്കര്‍ കുത്തിത്തുറന്ന് 25 ലക്ഷം രൂപയുടെ വജ്ര നെക്ലസ്, എട്ടുലക്ഷം വിലയുള്ള എട്ട് വജ്ര കമ്മലുകള്‍, 10 മോതിരം, 10 വീതം സ്വര്‍ണമാല, വളകള്‍, വിലകൂടിയ 10 വാച്ച്, ചെയിൻ എന്നിവയാണ് മോഷ്ടിച്ചത്. വീടിന്റെ അടുക്കള ഭാഗത്തുള്ള ജനാലയുടെ കമ്പികൾ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് കവർച്ചക്കുശേഷം അടുക്കള വാതിലിലൂടെ പുറത്ത് കടക്കുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. പുലർച്ച 5.30ഓടെ ജനലും വാതിലും തുറന്നുകിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

