കഴക്കൂട്ടം: ചാന്നാങ്കരയിൽ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജ്വല്ലറിയിൽനിന്ന് സ്വർണാഭരണങ്ങൾ കവർന്ന സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ കഠിനംകുളം മുണ്ടൻചിറ സ്വദേശി തമ്പുരു എന്ന വിഷ്ണു(22)വിനെയാണ് കഠിനംകുളം പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെ പൊലീസിനെ കണ്ട് ബൈക്കുപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച തമ്പുരുവിനെ കഠിനംകുളം എസ്.ഐ രതീഷ് കുമാർ അടങ്ങുന്ന പൊലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. തിരുവല്ലം, മലയിൻകീഴ്, വണ്ടിത്തടം, നെയ്യാർഡാം എന്നിവിടങ്ങളിലുള്ള ഗുണ്ടകളെ ഉപയോഗപ്പെടുത്തിയായിരുന്നു ജ്വല്ലറി ആക്രമിച്ച് സ്വർണം കവർന്നത്.
രണ്ട് പ്രതികളേയും കവർച്ചക്കുപയോഗിച്ച ഇന്നോവ കാറും നേരത്തേ പിടികൂടിയിരുന്നു. സി.ഐ സജീഷ്, എസ്.ഐ രതീഷ് കുമാർ.ആർ, ഗ്രേഡ് എസ്.ഐമാരായ കൃഷ്ണപ്രസാദ്, അനൂപ്, അഡീഷനൽ എസ്.ഐമാരായ ബിജു, രാജു, പൊലീസുകാരനായ രാജേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.