Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവഴിയോര വിശ്രമകേന്ദ്രം:...

വഴിയോര വിശ്രമകേന്ദ്രം: കമ്പോളവില നിശ്ചയിച്ചിട്ടില്ലെന്ന വാദം കള്ളം, ധാരണാപത്രം പുറത്തുവിടുമെന്ന് ചെന്നിത്തല

text_fields
bookmark_border
ramesh chennithala
cancel

തിരുവനന്തപുരം: വഴിയോര വിശ്രമകേന്ദ്രങ്ങൾ തുടങ്ങാനായി സ്വകാര്യ വ്യക്തികൾക്ക് സർക്കാർ ഭൂമി കൊടുക്കുന്നുവെന്ന ആരോപണം തള്ളിയ കമ്പനിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വസ്തുക്കളുടെ കമ്പോളവില നിശ്ചയിച്ചിട്ടില്ലെന്ന കമ്പനിയുടെ വാദം കള്ളമാണെന്ന് ചെന്നിത്തല പറഞ്ഞു. കമ്പോളവില നിശ്ചയിച്ചത് ഉത്തരവിലും മന്ത്രിസഭാ കുറിപ്പിലും വ്യക്തമാണ്. സ്വകാര്യ കമ്പനികൾ തയാറാക്കിയ ധാരണാപത്രം പുറത്തുവിടുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി.

വഴിയോര വിശ്രമകേന്ദ്രങ്ങൾ തുടങ്ങാനെന്ന പേരിൽ സർക്കാർ ഭൂമിയുടെ ഉടമസ്ഥാവകാശം സ്വകാര്യവ്യക്തികൾക്ക് നൽകാനുള്ള തീരുമാനത്തിന് പിന്നിൽ വൻ അഴിമതിയാണെന്ന ആരോപണവുമായി ഇന്നലെയാണ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. പദ്ധതി നടത്തിപ്പിനുള്ള നിർണായകയോഗങ്ങൾ വിളിച്ചിരിക്കുന്നത് മുഖ്യമന്ത്രി നേരിട്ടാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

സർക്കാർഭൂമി ഇത്തരത്തിൽ സ്വകാര്യസംരംഭങ്ങൾക്ക് നൽകരുതെന്നുള്ള സി.പി.എമ്മിന്റേയും മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെയും മുൻ നിലപാട് മറികടന്നുള്ള നീക്കത്തിന് പിന്നിൽ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് മറിച്ച് നൽകി കോടികൾ പോക്കറ്റിലാക്കാമെന്നുള്ള ദുഷ്ടലാക്കാണെന്ന് അദ്ദേഹം ആരോപിച്ചു. ഭൂമി അന്യാധീനപ്പെടുത്താൻ പാടില്ലെന്ന സർക്കാരിന്റെ വ്യവസ്ഥ മറികടന്ന് സംരംഭം ഏറ്റെടുക്കുന്നവർക്ക് സർക്കാർ ഭൂമി വിദേശബാങ്കുകൾ ഉൾപ്പെടെയുള്ളവർക്ക് പണയപ്പെടുത്തി പണമെടുക്കാമെന്ന പാകത്തിന് വിചിത്ര രീതിയിലാണി് സർക്കാർ ഉത്തരവ് നൽകിയിരിക്കുന്നത്.

നോർക്കാ റൂട്സിന്റെ കീഴിൽ കമ്പനി രൂപീകരിച്ചാണ് സർക്കാർ ഭൂമി വിറ്റു തുലയ്ക്കാനുള്ള വിചിത്ര ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ കമ്പനിയുടെ എം.ഡിയുടെ നേതൃത്വത്തിൽ വിദേശ സന്ദർശനം നടത്തിയത് എന്തിനെന്ന് അന്വേഷിക്കണം. സ്മാർട്ട് സിറ്റി വിവാദങ്ങളിൽപ്പെട്ട് പുറത്തായ വ്യക്തി എങ്ങനെ ഈ കമ്പനിയുടെ എം.ഡി ആയി എന്നതും പുറത്ത് വരേണ്ടിയിരിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.

നേരത്തെ ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിൽ നിലനിർത്തിയുള്ള ഉത്തരവാണ് ഇറങ്ങിയത്. പിന്നീട് അത് തിരുത്തി സംരംഭകർക്ക് കോടിക്കണക്കിനു വില വരുന്ന ഭൂമി പണയപ്പെടുത്താനുള്ള വിചിത്രഉത്തരവ് ഇറക്കിയത്. റവന്യൂ - നിയമവകുപ്പിന്റെ എതിർപ്പ് മറികടന്നാണിത്.

സംസ്ഥാനത്തൊട്ടാകെ ദേശീയ-സംസ്ഥാനപാതയോരങ്ങളിലായി 30ഓളം ഇടങ്ങളിലെ 150 ഏക്കർ ഭൂമിയാണ് ഇത്തരത്തിൽ സ്വകാര്യ വ്യക്തികൾക്ക് കൈമാറാൻ ഒരുങ്ങുന്നത്. ഭൂമി കൈമാറുന്നവർക്ക് അത് പണയംവെച്ച് വായ്പയെടുക്കാനും അവകാശമുണ്ടാവും. വായ്പ തിരിച്ചടവ് മുടങ്ങിയാൽ ഭൂമി ബാങ്ക് ജപ്തി ചെയ്യുന്ന സാഹചര്യമാണ് ഉണ്ടാകുക. എം. ശിവശങ്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കാലത്താണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇപ്പോൾ പുറത്തുവരുന്ന വാർത്ത സ്വപ്ന സുരേഷിനെ ഈ കമ്പനിയിൽ നിയമിക്കാൻ ശിവശങ്കർ തയാറെടുത്തിരുന്നു എന്നതും ദുരുഹത വർധിപ്പിക്കുന്നുവെന്നാണ് ചെന്നിത്തല പറഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Roadside rest center: Claim that no market price has been fixed is false, Chennithala to release MoU
Next Story