പാതയോരത്തെ കൊടിതോരണങ്ങൾ; സർക്കുലറിൽ അവ്യക്തതയെന്ന് ഹൈകോടതി
text_fieldsകൊച്ചി: പാതയോരത്തെ കൈവരിയിലും ട്രാഫിക് മീഡിയനുകളിലും കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച സർക്കുലർ അവ്യക്തമെന്ന് ഹൈകോടതി. റോഡുകളിലും പാതയോരങ്ങളിലും മാർഗതടസ്സമുണ്ടാക്കി കൊടിതോരണങ്ങൾ വെക്കരുതെന്നാണ് സർക്കുലറിൽ പറയുന്നത്.
എന്നാൽ, പാതയോരത്തെ കൈവരികളിലോ മീഡിയനുകളിലോ ട്രാഫിക് ഐലന്ഡുകളിലോ കൊടിതോരണങ്ങൾ സ്ഥാപിക്കരുതെന്നായിരുന്നു കോടതി ഉത്തരവ്. ഇതിനനുസൃതമായ രീതിയിൽ സർക്കുലർ പുതുക്കുകയോ പുതിയത് പുറപ്പെടുവിക്കുകയോ വേണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. പന്തളം മന്നം ആയുർവേദ മെഡിക്കൽ കോളജിന് മുന്നിലെ അനധികൃത കൊടിമരങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് കോളജ് മാനേജ്മെന്റ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ഈ ഹരജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് കൊടിതോരണങ്ങൾ കെട്ടുമ്പോൾ തദ്ദേശ സെക്രട്ടറിയുടെ അനുവാദം വാങ്ങണമെന്നതടക്കം മാർഗനിർദേശങ്ങളോടെ സർക്കാർ സർക്കുലർ പുറപ്പെടുവിച്ചത്. ഈ സർക്കുലർ പരിശോധിച്ചാണ് അവ്യക്തത പരിഹരിക്കാൻ പുതിയ ഉത്തരവോ ഭേദഗതിയോ കോടതി നിർദേശിച്ചത്. അഡീ. ചീഫ് സെക്രട്ടറിക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഹരജി ജൂൺ 23ന് വീണ്ടും പരിഗണിക്കാൻ മാറ്റി.

