'ഘോഷയാത്രകൾ റോഡിന്റെ ഒരുവശത്തുകൂടി മാത്രമേ അനുവദിക്കാവൂ'; ഡി.ജി.പി വീണ്ടും സർക്കുലർ ഇറക്കി
text_fieldsകൊച്ചി: റോഡ് തടസ്സപ്പെടുത്തി സമ്മേളനങ്ങളോ ഘോഷയാത്രയോ അനുവദിക്കരുതെന്ന് വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി വീണ്ടും സർക്കുലർ ഇറക്കിയതായി സർക്കാർ ഹൈകോടതിയിൽ അറിയിച്ചു. ഘോഷയാത്രകൾ റോഡിന്റെ ഒരുവശത്തുകൂടി മാത്രമേ അനുവദിക്കാവൂ. മറുവശത്ത് ഗതാഗതം സുഗമമാണെന്ന് ഉറപ്പാക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥർക്കുള്ള സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് 2012ലും പൊലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഇത് ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് വിലയിരുത്തിയാണ് പുതിയ സർക്കുലർ. റോഡ് തടസ്സപ്പെടുത്തി തിരുവനന്തപുരം ബാലരാമപുരത്ത് വനിത ജ്വാല ജങ്ഷൻ എന്ന പരിപാടി നടത്തിയതിനെതിരെ അഡ്വ. കുളത്തൂർ ജയ്സിങ് ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹരജിയിലാണ് സർക്കാറിന്റെ വിശദീകരണം.
അതേസമയം ഡി.ജി.പിയുടെ സർക്കുലർതന്നെ കോടതിയലക്ഷ്യമാണെന്ന് ഹരജിക്കാരൻ വാദിച്ചു. റോഡ് തടസ്സപ്പെടുത്തി ഒരു പരിപാടിയും നടത്തരുതെന്നാണ് ഹൈകോടതിയുടെ മുൻ ഉത്തരവെന്നും ചൂണ്ടിക്കാട്ടി. തുടർന്ന് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളി കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് സർക്കാറിന് നിർദേശം നൽകി. വിഷയം പിന്നീട് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

