റോഡ് പരിപാലനത്തിൽ വീഴ്ച; മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
text_fieldsമന്ത്രി പി.എ. മുഹമ്മദ് റിയാസ്
തിരുവനന്തപുരം: റോഡ് പരിപാലനത്തിൽ വീഴ്ച വരുത്തിയ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മലപ്പുറം ജില്ലയിൽ നിർമാണ പ്രവൃത്തിക്ക് തുക അനുവദിച്ചിട്ടും കൃത്യ സമയത്ത് സാങ്കേതിക അനുമതി നേടി ടെണ്ടറിങ് നടത്താത്തതാണ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിലേക്ക് നയിച്ചത്. നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷനിലെ പെരിന്തൽമണ്ണ ഉപവിഭാഗത്തിലാണ് ഈ വീഴ്ച്ച കണ്ടെത്തിയത്.
ഇത് സംബന്ധിച്ച് പൊതു ജനങ്ങളിൽ നിന്നു ലഭിച്ച പരാതികൾ അന്വേഷിക്കാൻ നിരത്ത് വിഭാഗം ചീഫ് എൻജിനീയർക്ക് നിർദേശം നൽകിയിരുന്നു. ചീഫ് എൻജിനീയർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷനിലെ എക്സിക്യൂട്ടീവ് എൻജിനീയർ, പെരിന്തൽമണ്ണ ഉപവിഭാഗത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, പെരിന്തൽമണ്ണ സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ എന്നിവരെ സസ്‌പെൻഡ് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ പരാതി ഉന്നയിച്ചപ്പോൾ ഭരണാനുമതി ലഭിച്ചില്ലെന്ന തെറ്റായ മറുപടിയാണ് ചില ഉദ്യോഗസ്ഥർ നൽകിയത്.
വിശദമായ അന്വേഷണത്തിന് പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ റോഡ് പരിപാലനം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് റണ്ണിങ് കോൺട്രാക്ട് പദ്ധതി. പരിപാലന കാലാവധിയിൽ അല്ലാത്ത റോഡുകൾ പൂർണമായും ഗതാഗതയോഗ്യമാക്കുന്നതിന് നിശ്ചിത കാലയളവിലേക്ക് ഒരു കരാറുകാരനെ ചുമതലപ്പെടുത്താനും പ്രവൃത്തികൾ കൃത്യ സമയത്ത് നടപ്പാക്കാനും ആണ് പദ്ധതി. 21,000 കിലോമീറ്ററോളം റോഡ് റണ്ണിങ് കോൺട്രാക്ട് പദ്ധതിയിൽ ഉൾപ്പെടുത്തി പരിപാലിച്ചു വരുന്നുണ്ട്. എന്നാൽ ഈ വർഷത്തെ പരിശോധനയിൽ ചില ഇടങ്ങളിൽ പ്രവൃത്തി നടപ്പിലാക്കുന്നതിൽ കുറ്റകരമായ അനാസ്ഥ ശ്രദ്ധയിൽ പെട്ടതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
റോഡുകളുടെ പരിപാലനം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനം തുടരും. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കും പ്രധാന പങ്കുവഹിക്കാൻ കഴിയും. റണ്ണിങ് കോൺട്രാക്ട് പദ്ധതിയിൽ റോഡിൽ നീല ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിൽ നൽകിയ ഫോൺ നമ്പറിൽ വിളിച്ചു പരാതികൾ അറിയിക്കാം. എന്നിട്ടും നടപടി ഇണ്ടായില്ലെങ്കിൽ ശ്രദ്ധയിൽപ്പെടുത്താം. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ വീഴ്ച്ച വരുത്തിയാൽ നടപടി തുടരുമെന്നും പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

