റോഡ് നിർമാണം പാതിവഴിയിൽ; പ്രതിഷേധവുമായി ഭരണപക്ഷ കൗൺസിലർ
text_fieldsറോഡ് നിര്‍മാണം നിലച്ചതില്‍ പ്രതിഷേധിച്ച് റോഡിൽ കുത്തിയിരുന്ന് ഒറ്റയാൾ സമരം നടത്തുന്ന നഗരസഭ കൗണ്‍സിലര്‍ ഉണ്ണി കാക്കനാട്
കാക്കനാട്: റോഡ് നിർമാണം നിലച്ചതിൽ പ്രതിഷേധിച്ച് ഭരണപക്ഷ കൗൺസിലർ കുത്തിയിരുന്നു. കാക്കനാട് - കൊല്ലംകുടിമുകള്‍ റോഡ് നിര്‍മാണം നിലച്ചതില്‍ പ്രതിഷേധിച്ചാണ് കോൺഗ്രസ് കൗണ്‍സിലറായ ഉണ്ണി കാക്കനാട് ഒറ്റയാള്‍ സമരം നടത്തിയത്. ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ഭാഗത്തുനിന്ന് നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
നൂറു കണക്കിന് വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന പ്രധാന റോഡ് നിര്‍മാണം ഒരു വര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുകയാണ്. കൊല്ലംകുടിമുകള്‍ ഭാഗത്തേക്ക് കുടിവെള്ളം എത്തിക്കാന്‍ സ്ഥാപിച്ച ആസ്ബസ്റ്റോസ് പൈപ്പുകള്‍ മാറ്റാനുള്ള ചെലവുകള്‍ വഹിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു റോഡ് നിര്‍മാണം മുടങ്ങാന്‍ ഇടയാക്കിയത്.
തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ റോഡ് നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. റോഡിലെ കുടിവെള്ള പൈപ്പുകള്‍ മാറ്റാനുള്ള തുക അടുത്ത കൗണ്‍സില്‍ തീരുമാനപ്രകാരം ജല അതോറിറ്റിയില്‍ അടക്കുമെന്നും അതിനുശേഷം 10 ദിവസത്തിനകം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുമെന്ന് നഗരസഭ അധികൃതര്‍ ഉറപ്പുനല്‍കിയതായി ഉണ്ണി അറിയിച്ചു.

