വാളയാറിൽ വാഹനാപകടം: രണ്ട് തമിഴ്നാട് സ്വദേശികൾ മരിച്ചു; ഒരു കുട്ടിയുടെ നില ഗുരുതരം
text_fieldsപാലക്കാട്: വാളയാർ ചെക്ക് പോസ്റ്റിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ മഹീന്ദ്ര വാഹനം ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേർ മരിച്ചു. തമിഴ്നാട് ചെന്നൈ പെരുമ്പം സ്വദേശികളായ രണ്ട് കുടുംബമാണ് അപകടത്തിൽപെട്ടത്. ലാവണ്യ (40) മലർ (40) എന്നിവരാണ് മരിച്ചത്.
ലാവണ്യയുടെ ഭർത്താവ് സായിറാം (48), സായിറാമിന്‍റെ എട്ടു വയസ്സുള്ള കുട്ടി, മലരിന്‍റെ രണ്ടു കുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ മൂന്നു വയസ്സുള്ള കുഞ്ഞിന്‍റെ തലക്കാണ് പരിക്ക്. ശെൽവൻ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇദ്ദേഹത്തിന് പരിക്കില്ല.
രാവിലെ 5:45ഓടെയാണ് സംഭവം. കാക്കനാട് വെച്ച് നടന്ന കുട്ടികളുടെ മത്സരത്തിൽ പങ്കെടുത്ത് മടങ്ങവേയാണ് അപകടമുണ്ടായത്. രണ്ടു പുരുഷന്മാരും അവരുടെ ഭാര്യമാരും മൂന്നു കുട്ടികളുമായി ഏഴ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
സ്ത്രീകൾ ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. വാഹനത്തിൽ കുടുങ്ങിക്കിടന്ന മൂന്നു പേരെ കഞ്ചിക്കോട് അഗ്നിരക്ഷാസേന പുറത്തെടുത്ത് പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചു. ഒരു പുരുഷനെയും മൂന്ന് കുട്ടികളെയും പാലക്കാട് പി.ഐ.എം.എസ് ആശുപത്രിയിലേക്ക് മാറ്റി. ഇവരെ വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. ഒരു കുട്ടിയുടെ സ്ഥിതി ഗുരുതരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

