ആർ.ജെ.ഡി നേതാവ് ചാരുപാറ രവി അന്തരിച്ചു
text_fieldsതിരുവനന്തപുരം: പ്രമുഖ ട്രേഡ് യൂനിയൻ നേതാവും രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) സംസ്ഥാന വൈസ് പ്രസിഡന്റുമായ ചാരുപാറ രവി (77) അന്തരിച്ചു. ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വിതുര, ചാരുപാറ വസന്തവിലാസത്തിൽ ജനാർദനൻ ഉണ്ണിത്താന്റെയും സുമതിയമ്മയുടെയും മകനായി 1949ലാണ് ജനനം. ജയപ്രകാശ് നാരായണൻ, രാംമനോഹർ ലോഹ്യ, മഹാത്മാഗാന്ധി എന്നിവരുടെ ദർശനങ്ങളിൽ ആകൃഷ്ടനായി പതിനെട്ടാം വയസ്സിൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായി. വിദ്യാഭ്യാസ കാലത്ത് ഐ.എസ്.ഒ ഭാരവാഹിയായിരുന്നു. ജനത പാർട്ടി മുതലുള്ള ജനതാദൾ പ്രസ്ഥാനങ്ങളുടെ ജില്ല, സംസ്ഥാന ഭാരവാഹിയായും നാഷനൽ കൗൺസിൽ അംഗമായും എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസവും പീഡനവും അനുഭവിച്ചു.
1980ൽ ജനത പാർട്ടി സ്ഥാനാർഥിയായി ആര്യനാട് നിന്നും 1996 നെയ്യാറ്റിൻകരയിൽനിന്നും 2009ൽ നേമത്തുനിന്നും നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 1990ൽ റബർ ബോർഡ് വൈസ് ചെയർമാനായി. 1996ൽ കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡംഗം, 1999ൽ തിരുവിതാംകൂര്‍ ദേവസ്വം ബോർഡംഗം, 2012 മുതൽ 2016 വരെ കാംകോ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.
ചായം സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം, തൊളിക്കോട് ഗ്രാമപഞ്ചായത്ത് അംഗം, ആറ് വർഷം കിളിമാനൂർ കാർഷിക ഗ്രാമവികസന ബാങ്ക് ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. എം.പി. വീരേന്ദ്രകുമാറിന്റെ വിശ്വസ്തനായിരുന്നു.
ഭാര്യ: ശ്യാമളകുമാരി. മക്കൾ: സി.ആർ. അരുൺ, സി.ആർ. ആശ, സി.ആർ. അർച്ചന. മരുമക്കൾ: നിഷ, ശ്രീകുമാർ, സജികുമാർ. സംസ്കാരം ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നിന് വിതുരയിലെ വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

