‘എന്തും സഹിച്ചു മുന്നണിയിൽ നിൽക്കാൻ കഴിയില്ല’ -ഇടതു മുന്നണി വിടുമെന്ന സൂചന പരസ്യമാക്കി ആർ.ജെ.ഡി
text_fieldsആർ ജെ ഡി പത്തനംതിട്ട ജില്ലാ കൺവെൻഷൻ ഉദ്ഘാടനം സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ നിർവഹിക്കുന്നു
തിരുവല്ല: ഇടതു മുന്നണി വിടുമെന്ന സൂചന പരസ്യമാക്കി ആർ.ജെ.ഡി. ഞായറാഴ്ച തിരുവല്ലയിൽ നടന്ന പത്തനംതിട്ട ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘മുന്നണിയിൽ പാർട്ടിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ല. യാതൊരു രീതിയിലും മുന്നണിയിൽ ഉൾപ്പെടുത്തില്ല എന്നാണെങ്കിൽ പാർട്ടി സ്വന്തമായ തീരുമാനം എടുക്കും. എന്തും സഹിച്ചു മുന്നണിയിൽ നിൽക്കാൻ പാർട്ടിക്ക് കഴിയില്ല. പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും’ ശ്രേയാംസ് കുമാർ വ്യക്തമാക്കി.
ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് രംഗത്ത് കഴിഞ്ഞ കുറേക്കാലമായി ആശങ്കയുളവാക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. ജനാധിപത്യത്തില്‍ ഏറ്റവും വലിയ കാര്യങ്ങളില്‍ ഒന്ന് തെരഞ്ഞെടുപ്പാണ്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനംപോലും ആശങ്കയുളവാക്കുന്ന തരത്തിലുളളതാണ്. ടി.എന്‍. ശേഷന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് കമ്മീഷണർ അല്ലായെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്ത്യാ ഗവണ്‍മെന്റിന്റെ എന്നതിന് പകരം ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇപ്പോള്‍ എസ്‌ഐആര്‍ നടപ്പാക്കുന്ന കാലമാണ്. ഡല്‍ഹിയില്‍ വോട്ടുചെയ്ത ബിജെപിയുടെ നേതാക്കള്‍ രണ്ടാമത്തെ വോട്ട് ബിഹാറിലും ചെയ്തു. എന്ത് എസ്‌ഐആര്‍ ആണ് അവിടെ നടപ്പാക്കിയത്? ബിജെപിക്ക് കിട്ടില്ലെന്ന് ഉറപ്പാക്കുന്ന ന്യൂനപക്ഷങ്ങളുടേയും പിന്നാക്കക്കാരുടേയും വോട്ടുകളാണ് എസ്‌ഐആറിലൂടെ മാറ്റുന്നത്. ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുകയാണ് ഇവിടെ. പ്രതിപക്ഷ നേതാക്കളെ കുടുക്കാന്‍ ഇഡി, സിബിഐ, ഇന്‍കംടാക്‌സ് തുടങ്ങിയ ഏജന്‍സികളെ ഉപയോഗിക്കുന്നു. കേസില്‍പ്പെട്ടവര്‍ ബിജെപിയിലേക്ക് മാറിയാല്‍ പിന്നെ കുഴപ്പമില്ലാത്ത സ്ഥിതിയാണ്’ -അദ്ദേഹം പറഞ്ഞു.
‘പാര്‍ലമെന്റില്‍ ജനാധിപത്യത്തിന് യാതൊരുവിലയുമില്ലാത്ത സ്ഥിതിയാണെന്ന് പ്രതിപക്ഷ എംപിമാര്‍ പറയുന്നു. കേരളത്തില്‍ ബിഷപ്പുമാരോടുള്ള ബിജെപിയുടെ സ്‌നേഹം വോട്ടിനുവേണ്ടിയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ബിഷപ്പുമാര്‍ക്ക് കിട്ടുന്നത് അടിയാണ്. രാജ്യത്ത് മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിലും അടികിട്ടുമെന്ന ഭയത്തില്‍ മിണ്ടാതിരിക്കുകയാണെന്ന് ബിഷപ്പുമാര്‍ പലരും പറഞ്ഞിട്ടുണ്ട്. ഇന്ത്യയെ മതരാഷ്ട്രമാക്കാനുളള നീക്കവുമുണ്ട്. ബഹുസ്വരതയും സാംസ്‌കാരിക പാരമ്പര്യവും ഇല്ലാതാക്കാനാണ് ശ്രമം. ബിഹാറില്‍ ചെറുപ്പക്കാര്‍ കൂടുതലും പ്രതിപക്ഷത്തിനൊപ്പമാണ്. അവിടെ തിരിമറി നടക്കാന്‍ സാധ്യതയുണ്ട്. പ്രതിപക്ഷ സഖ്യം തോറ്റാല്‍ ജനാധിപത്യത്തിന്റെ തോല്‍വിയായിരിക്കും.
സിലബസ് മാറ്റി, ചരിത്രം വളച്ചൊടിക്കാനാണ് ബിജെപിയുടെ ശ്രമം. ഒരു തലമുറ കഴിയുമ്പോള്‍ നെഹ്‌റുവിനെയും രണ്ട് തലമുറ കഴിഞ്ഞാല്‍ ഗാന്ധിജിയെയും അറിയാതെ പോകും. തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ ഒമ്പതുവര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഗ്രതയോടെ രംഗത്തിറങ്ങണം. ചെറുപ്പക്കാരെ രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൊണ്ടുവരണം’ -ശ്രേയാംസ്കുമാര്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് മനു വാസുദേവ് അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോ, സംസ്ഥാന വൈസ് പ്രസിഡന്റ് വി. സുരേന്ദ്രന്‍ പിളള, സെക്രട്ടറി ജനറല്‍ ഡോ. വറുഗീസ് ജോര്‍ജ്, സംസ്ഥാന കമ്മിറ്റി അംഗം ജോ എണ്ണയ്ക്കാട്, കൗണ്‍സില്‍ അംഗം മോഹന്‍ദാസ് പെരിങ്ങര, ജില്ലാ ജനറല്‍ സെക്രട്ടറി ലിജോയ് അലക്‌സ്, നിയോജക മണ്ഡലം പ്രസിഡന്റുമാരായ പി.പി. ജോണ്‍, അനില്‍ അമ്പാട്ട്, അഞ്ജു എസ്. അരവിന്ദ്, പ്രശാന്ത് മോളിയേക്കല്‍, ഗ്രാമപഞ്ചായത്ത് അംഗം റോഷ്‌നി ബിജു എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

