പി.എം ശ്രീ: സി.പി.ഐക്കു പിന്നാലെ പരസ്യ എതിർപ്പുമായി ആർ.ജെ.ഡിയും; ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷം
text_fieldsവർഗീസ് ജോർജ്
തിരുവനന്തപുരം: സി.പി.ഐക്കു പിന്നാലെ പി.എം ശ്രീ പദ്ധതിയിൽ സർക്കാർ തീരുമാനത്തെ തള്ളി ആർ.ജെ.ഡിയും. വിഷയം മുന്നണിയിൽ ചർച്ച ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, പദ്ധതി ഏകപക്ഷീയമായി നടപ്പാക്കുകയായിരുന്നു. കേരളം കീഴടങ്ങരുതായിരുന്നുവെന്ന് സർക്കാർ നിലപാടിൽ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ച് ആർ.ജെ.ഡി ജനറൽ സെക്രട്ടറി വർഗീസ് ജോർജ് പറഞ്ഞു. ഘടകകക്ഷികൾ പരസ്യമായി ഇടഞ്ഞ് രംഗത്തുവരുന്നതോടെ ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷമാവുകയാണ്.
പി.എം. ശ്രീ പദ്ധതി ഒപ്പിടുന്നതിന് മുമ്പ് സംസ്ഥാന ഗവൺമെന്റ് സുപ്രീംകോടതിയെ സമീപിക്കണമായിരുന്നു. വിദ്യാഭ്യാസം ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടതാണ്. കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമനിർമാണം നടത്താനാവും. പദ്ധതി ഏകപക്ഷീയമായി നടപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെടുമ്പോൾ അതിനെതിരെ സുപ്രീം കോടതിയെ സമീപിക്കണമായിരുന്നു.
നിലവിൽ, പക്ഷേ പദ്ധതിക്കായി ഒപ്പിട്ടിരിക്കുകയാണ്. ആർ.ജെ.ഡി ദേശീയ വിദ്യഭ്യാസ നയം അംഗീകരിക്കുന്നില്ല. രാജ്യത്തെ സംസ്ഥാനങ്ങളോട് ഒരു കൂടിയാലോചനയും നടത്താതെയാണ് കേന്ദ്രം നയം രൂപവത്കരിച്ചത്. അങ്ങേയറ്റം പ്രതിലോമകരവും അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ ഒരു വിദ്യാഭ്യാസ പദ്ധതിയാണ് ദേശീയ വിദ്യാഭ്യാസ നയമെന്നും വർഗീസ് ജോർജ് പറഞ്ഞു.
കേരളത്തിൽ പൊതുവിദ്യാഭ്യാസം വളർത്തിയത് കേന്ദ്രസഹായം കൊണ്ടൊന്നുമല്ല. സമീപകാലത്ത് മാത്രമാണ് അത് കേരളത്തിന് ലഭിച്ചുതുടങ്ങിയത്. സംസ്ഥാനത്ത് പുരോഗമനപരവും ജനാധിപത്യ മതനിരപേക്ഷവുമായ ഒരുപൊതുവിദ്യാഭ്യാസം വളർത്തിയെടുത്തത് ഇവിടുത്തെ മത നവേത്ഥാന പ്രസ്ഥാനങ്ങളുടെയും ഗവൺമെന്റുകളുടെയും പൗരസമൂഹത്തിന്റെയും പിന്തുണയോടുകൂടിയാണ്.
1,500 കോടി രൂപക്ക് വേണ്ടി പദ്ധതിയിൽ ഒപ്പിടുമ്പോൾ നമ്മൾ ചരിത്രം വിസ്മരിക്കാൻ പാടില്ല. ഇത്തരം നയങ്ങൾ അടിച്ചേൽപ്പിക്കാൻ കേന്ദ്രം ശ്രമിക്കുമ്പോൾ അതിനെതിരെ നിലകൊള്ളുന്നുവെന്ന് രാജ്യത്തെ ജനങ്ങൾ പ്രതീക്ഷിക്കുന്ന ഒരുഗവൺമെന്റല്ലേ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ്.
കേരളം കീഴടങ്ങരുതായിരുന്നു. രാജ്യത്തെ ജനങ്ങൾ മുഴുവൻ കേരളത്തിലെ ഇടതുപക്ഷ മുന്നണി സർക്കാറിന്റെ തീരുമാനത്തെ ഉറ്റുനോക്കുന്നുണ്ടായിരുന്നു. നയപരമായ പ്രശ്നങ്ങൾ ആദ്യം മുന്നണിയിൽ ചർച്ച ചെയ്തശേഷം ഗവൺമെന്റിൽ വരണമെന്നായിരുന്നു ആർ.ജെ.ഡി നിലപാട്. അതാണല്ലോ മുന്നണിയുടെ രീതി. പി.എം ശ്രീ പദ്ധതി മുന്നണിയിൽ ചർച്ച ചെയ്യുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയും വ്യക്തമാക്കിയിരുന്നു. അതുകൊണ്ടാണ് ഇതുവരെ മുന്നണിയുടെ അച്ചടക്കം പാലിച്ച് ആർ.ജെ.ഡി പരസ്യപ്രസ്താവനക്ക് മുതിരാതിരുന്നത്. നിലവിൽ, ഗവൺമെന്റ് തീരുമാനിച്ച് ധാരണാപത്രത്തിൽ ഒപ്പിട്ട സ്ഥിതിക്ക് നിലപാട് പറയാതിരിക്കാൻ നിവൃത്തിയില്ലെന്നും വർഗീസ് ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

