വന്ദേമാതരം മുഴുവനായി ആലപിച്ചതിൽ ആശങ്ക; മുഖ്യമന്ത്രി ഇടപെടണമായിരുന്നുവെന്ന് പി.എ. മുഹമ്മദ് റിയാസ്
text_fieldsതിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം മുഴുവനായും ആലപിച്ചതിനെതിരെ കടുത്ത വിയോജിപ്പും ആശങ്കയും രേഖപ്പെടുത്തി മുൻ മന്ത്രിയും സി.പി.എം നേതാവുമായ പി. എ. മുഹമ്മദ് റിയാസ്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്. പുതിയ മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിസഭക്കും ആശംസകൾ നേർന്നുതുടങ്ങുന്ന കുറിപ്പിൽ, മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് റിയാസ് ഓർമിപ്പിച്ചു.
വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികൾ മാത്രമാണ് സാധാരണയായി ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയും ആലപിക്കപ്പെടുകയും ചെയ്യാറുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്നു വരുന്ന ഭാഗങ്ങൾ ചരിത്രപരമായി പല വിവാദങ്ങൾക്കും ആശങ്കകൾക്കും ഇടയാക്കിയിട്ടുള്ളതാണെന്നും, ഇത് മുഴുവനായി ആലപിക്കാൻ നിർദ്ദേശം വന്നപ്പോൾ അതിൽ ഇടപെട്ട് തിരുത്താൻ മുഖ്യമന്ത്രി തയ്യാറാകണമായിരുന്നു എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും വന്ദേമാതരം നിർബന്ധിതമാക്കാനുള്ള ശ്രമങ്ങൾ രാജ്യത്ത് വലിയ സംവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഇത് നിർബന്ധമാക്കുന്നത് പൗരന്മാരുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെയും രാജ്യത്തിന്റെ മതനിരപേക്ഷതയെയും ബാധിക്കുമെന്ന് വിവിധ സംഘടനകളും പൗരാവകാശ പ്രവർത്തകരും മുമ്പ് വ്യക്തമാക്കിയിട്ടുള്ളതാണ്.
വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം സംസ്ഥാനങ്ങൾക്ക് ഒരു ‘അഡ്വൈസറി’ മാത്രമാണെന്നും, അത് നിർബന്ധിതമല്ലെന്നും അനുസരിക്കാത്തവർക്കെതിരെ ശിക്ഷാനടപടികൾ പാടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് ലോക്ഭവന്റെ ഭാഗത്തുനിന്നുണ്ടായ മറ്റ് പല നിർദ്ദേശങ്ങളും തിരുത്താൻ കാണിച്ച ആർജ്ജവം, വന്ദേമാതരം മുഴുവനായി ചൊല്ലിയ വിഷയത്തിലും ഉണ്ടാകേണ്ടതായിരുന്നു.
എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണവും ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളും പുതിയ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാൽ പൂർണ പിന്തുണ നൽകുമെന്നും ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
പോസ്റ്റിന്റെ പൂർണ രൂപം
കേരളത്തിന്റെ മുഖ്യമന്ത്രിയായി ശ്രീ വി.ഡി. സതീശനും മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിൽ അഭിനന്ദനങ്ങൾ.
സംസ്ഥാനത്തിന്റെ വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു.
സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായും ആലപിച്ചതുമായി ബന്ധപ്പെട്ട് ആശങ്ക രേഖപ്പെടുത്തുകയാണ്. ഔദ്യോഗികമായി പൊതുവെ അംഗീകരിക്കുകയും ആലപിക്കപ്പെടുകയും ചെയ്തിരിക്കുന്നത് വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ഈരടികളാണ് .
വന്ദേമാതരത്തിലെ തുടർന്ന് വരുന്ന ചില ഭാഗങ്ങൾ ചരിത്രപരമായി വിവാദങ്ങൾക്ക് ഇടയാക്കിയതും ആശങ്ക ഉയർത്തിയതുമാണ്.
രാജ്യത്തിന്റെ സ്വാതന്ത്യത്തിനു മുമ്പും സ്വാതന്ത്ര്യാനന്തര കാലത്തും വിവിധ സംസ്ഥാനങ്ങളിൽ വന്ദേമാതരം നിർബന്ധിതമാക്കാനുള്ള ശ്രമങ്ങൾ വിവാദമായിരുന്നല്ലോ.
ചില സംഘടനകളും പൗരാവകാശ പ്രവർത്തകരും ഇത് നിർബന്ധമാക്കുന്നത് ഭരണഘടനാ സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയും ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നതുമാണ്. സുപ്രീം കോടതിയുടെ സമീപകാല നിരീക്ഷണപ്രകാരം, വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം സംസ്ഥാനങ്ങൾക്ക് ഒരു advisory മാത്രമാണ്; അത് നിർബന്ധിതമല്ലെന്നും അനുസരിക്കാത്തതിന് യാതൊരു ശിക്ഷാനടപടിയും ഇല്ലെന്നും വ്യക്തമാക്കിയിട്ടുമുണ്ട്.
സത്യപ്രതിജ്ഞ ചടങ്ങിൽ ലോക്ഭവന്റെ ഭാഗത്തുനിന്നും വന്ന പല നിർദ്ദേശങ്ങളും തിരുത്താൻ കാണിച്ച ഇടപെടൽ വന്ദേമാതരം മുഴുവനായും ചൊല്ലിയ വിഷയത്തിൽ ഉണ്ടാവണമായിരുന്നു.
മതനിരപേക്ഷതയും ബഹുസ്വരതയും ഉയർത്തിപ്പിടിക്കുന്ന നമ്മുടെ പൊതുബോധത്തോട് കൂടുതൽ ചേർന്നുനിൽക്കുന്ന സമീപനങ്ങൾ സ്വീകരിക്കാൻ പുതിയ സർക്കാർ ശ്രദ്ധിക്കണം എന്ന് അഭ്യത്ഥിക്കുന്നു.
ഇടതുപക്ഷ MLA എന്ന നിലയിൽ സർക്കാരിനെ തുടക്കത്തിലെ കണ്ണടച്ച് എതിർക്കുകയാണെന്ന് ഈ നിലപാട് പറഞ്ഞതിന്റെ ഭാഗമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതിന് പകരം ഈ വിഷയത്തിൽ ഭരണഘടന മുറുകെപ്പിടിച്ച് ഉയർത്തിയ മെറിറ്റിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണവും,
ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളും
പുതിയ സർക്കാരിൽ നിന്നും ഉണ്ടായാൽ പിന്തുണക്കും.
ഒരിക്കൽകൂടി ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എല്ലാവിധ ആശംസകളും നേരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

