വടക്കനാർ തോട് വീണ്ടും ഒഴുകി; പെൺകരുത്തിൽ
text_fieldsമൂലമറ്റം (ഇടുക്കി): നാടിെൻറ ജീവദായിനിയായ തോട് വീണ്ടെടുക്കാൻ 35 സ്ത്രീകൾ കഠിനാധ്വാനം ചെയ്തത് 60 ദിവസം. ഒടുവിൽ 12വർഷത്തിനുശേഷം വനിതകളുടെ കൈക്കരുത്തിൽ വടക്കനാർ തോടിന് പുനർജനി. 2006ൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ പോത്തുമറ്റം തടയണ തകർന്നാണ് തോട് ഇല്ലാതായത്. ഇത് പുനരുജ്ജീവിപ്പിക്കാൻ അറുപത് ദിവസമായി രാവിലെ 9.30മുതൽ 4.30വരെ 35 സ്ത്രീകൾ കഠിനാധ്വാനത്തിലായിരുന്നു.
പോത്തുമറ്റത്ത് തടയണ പൊട്ടിയുണ്ടായ ദുരന്തത്തിനുശേഷം വടക്കനാർ തോട് പൂർണമായും നികന്നനിലയിലായിരുന്നു. വെള്ളം ഒഴുകാത്തതിനാൽ പോത്തുമറ്റം, കലംകമഴ്ത്തി തോടുകൾ ചേരുന്ന ഭാഗത്ത് വലിയ വെള്ളക്കെട്ട് രൂപപ്പെടുകയും ഹെക്ടർ കണക്കിന് കൃഷിയിടങ്ങൾ മുങ്ങിപ്പോവുകയും ചെയ്തിരുന്നു.
കഴിഞ്ഞവർഷം തൊഴിലുറപ്പ് പദ്ധതിയിൽെപടുത്തി അറക്കുളം പഞ്ചായത്താണ് വനിതകളെ ഉപയോഗിച്ച് തോടിനെ പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചത്. 2017 നവംബർ 10നാണ് പണിയാരംഭിച്ചത്. കുളമാവിലെ തൊഴുലുറപ്പ് വനിതകളുടെ നേതൃത്വത്തിലാണ് പുനർ നിർമാണം പൂർത്തിയാക്കിയത്. 35മുതൽ 65വയസ്സുവരെയുള്ള സ്ത്രീകളാണ് സംഘത്തിലുണ്ടായിരുന്നത്. അധികൃതരുടെ കൈത്താങ്ങിലാണെങ്കിലും ഇറങ്ങിപ്പുറപ്പെടുമ്പോൾ ഇവർ കരുതിയിരുന്നില്ല ഈ ജോലി പൂർത്തീകരിക്കാൻ സാധിക്കുമെന്ന്. എന്നാൽ, മണ്ണുമൂടിയ തോട്ടിലൂടെ ഒടുവിൽ നീർച്ചാൽ തെളിയുകതന്നെ ചെയ്തു.
മൂന്ന് മീറ്റർ വീതിയിലും ഒരു മീറ്റർ ആഴത്തിലും 700 മീറ്റർ ദൂരത്തിലും തോട് പുനർ നിർമിക്കാൻ 4,77,000 രൂപ വകയിരുത്തിയത് പഞ്ചായത്താണ്. തൊഴിലുറപ്പ് പദ്ധതിയിൽെപടുത്തി നിർമാണം ഏറ്റെടുക്കുന്നസമയത്ത് തോടിെൻറ ഇരുകരയിലും താമസിക്കുന്നവരും മറ്റുള്ളവരുമായി 70ലേറെ പേർ പണിക്ക് തയാറായി രംഗത്തെത്തി. പിന്നീട് പണിയുടെ ദുരിതാവസ്ഥയോർത്ത് പാതിയിലേറെ േപരും പിന്മാറി. സ്ത്രീകള്ക്ക് ഈ പണി ഒരിക്കലും പൂർത്തിയാക്കാനാകില്ലെന്ന വെല്ലുവിളിയും ഉയർന്നു. ജോളി ജോസഫ് എന്ന മേറ്റിെൻറ നേതൃത്വത്തിലാണ് പണി നടന്നത്.
വടക്കേപ്പുഴ ഡൈേവർഷൻ പദ്ധതിക്കായി ഏറ്റെടുത്ത 35 ഏക്കറോളം വിസ്തൃതമായ പ്രദേശത്തിെൻറ നടുവിലൂടെയാണ് വടക്കനാർ തോട് ഒഴുകിയിരുന്നത്. ഈ വെള്ളം ചെക്ക് ഡാമിൽ തടഞ്ഞുനിർത്തി ഇടുക്കി ഡാമിലേക്കെത്തിക്കുന്നതാണ് വടക്കേപ്പുഴ ഡൈേവർഷൻ പദ്ധതി. പൂർണമായും ചതുപ്പായിക്കിടക്കുന്ന ഇവിടെ പണ്ട് പുഴ ഒഴുകിയിരുന്നതിെൻറ അടയാളമായി തഴക്കുറ്റികൾ മാത്രമാണുണ്ടായിരുന്നത്. ഇവിടെയാണ് പുഴ പുനർ നിർമിക്കേണ്ടി വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
