പരിസ്ഥിതി സംരക്ഷണത്തിലേക്ക് തിരിച്ചു വിട്ടത് സ്വന്തം ജീവിതാനുഭവങ്ങള്‍-റിഥിമ പാണ്ഡെ
text_fieldsതിരുവനന്തപുരം: സ്വന്തം ജീവിത സാഹചര്യങ്ങളാണ് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഉത്തരാഖണ്ഡില്‍ നിന്നെത്തിയ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക റിഥിമ പാണ്ഡെ. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയുടെ ആദ്യ ദിനത്തില്‍ രണ്ടാം പ്ലീനറി സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റിഥിമ പാണ്ഡെ.
കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണം. ശുദ്ധമായ വായുവും വെള്ളവും പുതുതലമുറയുടെ അവകാശമാണ്. ശക്തമായ വാക്കും ശബ്ദവുമാണ് കുട്ടികള്‍ ഇതിനായി ഉപയോഗിക്കേണ്ട ആയുധങ്ങള്‍. കേരളത്തിലെ ബാലസഭാംഗങ്ങള്‍ മറ്റുള്ളവരില്‍ നിന്നും മികച്ചവരും വ്യത്യസ്തരുമാണെന്നും കുട്ടികളുടെ ഉച്ചകോടി ഒരു ചരിത്ര സംഭവമാണെന്നും റിഥിമ പറഞ്ഞു.
പരിസ്ഥിതി മലിനീകരണ പ്രശ്നങ്ങള്‍ ഉയര്‍ത്തിയ മാരകമായ ഭീഷണികള്‍ക്ക് ഇരയാകേണ്ടി വന്ന ഒരാളായിരുന്നു താനെന്നും ഇന്ത്യയിലെ പ്രമുഖ ബാലപരിസ്ഥിതി പ്രവര്‍ത്തയും വേള്‍ഡ് ചില്‍ഡ്രന്‍സ് പീസ് അവാര്‍ഡ് ജേതാവുമായ ലിസിപ്രിയ കാങ്ജും. 2018ല്‍ കേരളത്തിലുണ്ടായ പ്രളയവും ഒഡിഷയിലുണ്ടായ ചുഴലിക്കൊടുങ്കാറ്റും അതിന്‍റെ ഇരകളായ സ്ത്രീകളുടെയും കുട്ടികളുടെയും അനുഭവങ്ങളുമാണ് തന്നെ പരിസ്ഥിതി സംരക്ഷണമെന്ന ദൗത്യം ഏറ്റെടുക്കാന്‍ കാരണമായതെന്ന് ലിസിപ്രിയ വ്യക്തമാക്കി.
ഭൂമിയെന്ന ഗ്രഹത്തില്‍ മനുഷ്യജീവിതത്തെ ദുഷ്ക്കരമാക്കുന്ന പ്ളാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള വിവിധ മാലിന്യ ഭീഷണികളെ നേരിടാനുള്ള കരുത്ത് കുട്ടികള്‍ക്കുമുണ്ട്. നവമാധ്യമങ്ങള്‍ കൂടി ഉപയോഗിച്ചു കൊണ്ടാണ് കുട്ടികള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കേണ്ടത്. വിദ്യാഭ്യാസ കരിക്കുലത്തില്‍ കാലാവസ്ഥാ വ്യതിയാന സാക്ഷരത നിര്‍ബന്ധമാക്കേണ്ടത് അനിവാര്യമാണ്.
ബാലസഭയിലെ കുട്ടികള്‍ കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ ആര്‍ജവത്തോടെ ഇടപെടുകയും അതിന് പരിഹാരം കണ്ടെത്തുന്ന തരത്തിലേക്ക് ആ വിഷയങ്ങളെ ഉയര്‍ത്തുകയും വേണമെന്ന് ലിസിപ്രിയ പറഞ്ഞു. പരിസ്ഥിതി മേഖലയില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും ലിസിപ്രിയ വിശദീകരിച്ചു.
ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയിലെ വര്‍ധിച്ചു വരുന്ന മാലിന്യ പ്രശ്നങ്ങളെ കുറയ്ക്കുന്നതിനായി 'ഡിസ്പോസിബിള്‍ വാലാ' പദ്ധതി ആരംഭിച്ച ദീപന്‍ഷു കുമാര്‍, ഡല്‍ഹിയില്‍ സ്റ്റാര്‍ട്ട്പ് സംരംഭകനായ കരണ്‍ കുമാര്‍, കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ് സംരംഭകരായ അതുല്‍ മനോജ്, ഹരികൃഷ്ണന്‍ എന്നിവരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കു വച്ചു. മുന്‍ ബാലസഭാംഗം കൂടിയായ അതുല്‍ മനോജ് തങ്ങളുടെ സംരംഭമായ മന്ദാകിനി അഗര്‍ബത്തിയുടെ വിജയകഥകള്‍ പറഞ്ഞത് കുട്ടികളില്‍ ആവേശം പകര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

