വൈദ്യുതി ആവശ്യകത ക്രമാതീതമായി ഉയർന്നു; ഊർജ നിയന്ത്രണ നടപടികൾ കർശനമാക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന അസാധാരണമായ കാലാവസ്ഥയെ തുടർന്ന് വൈദ്യുതി ആവശ്യകത ക്രമാതീതമായി ഉയർന്നു. സെപ്റ്റംബറിലെ പ്രതിദിന വൈദ്യുതി ഉപഭോഗം 95.39 ദശലക്ഷം യൂനിറ്റിലും പീക്ക് സമയത്തെ ആവശ്യകത 5400 മെഗാവാട്ടിലും എത്തി. ഈ സാഹചര്യത്തിൽ ഊർജ നിയന്ത്രണ (ഡിമാൻഡ് സൈഡ് മാനേജ്‌മെന്റ്) നടപടികൾ കർശനമാക്കാൻ സർക്കാർ നിർദേശം നൽകി.
ഏറ്റവും കൂടുതൽ വൈദ്യുതി ആവശ്യമായി വരുന്ന വൈകീട്ട് എഴു മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയങ്ങളിൽ ഉപഭോഗം സ്വമേധയാ കുറക്കണമെന്നാണ് നിർദേശം. രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലു വരെയുള്ള സോളാർ സമയത്തേക്ക് ഉയർന്ന ലോഡുകൾ മാറ്റാനും ഉപഭോക്താക്കൾ സഹകരിക്കണമെന്ന് ഊർജ വകുപ്പ് അഭ്യർഥിച്ചു.
എയർ കണ്ടീഷണറുകളുടെ താപനില 25 ഡിഗ്രി സെൽഷ്യസിലോ അതിനു മുകളിലോ ക്രമീകരിക്കണമെന്നും അനാവശ്യ ദീപാലങ്കാരങ്ങളും പ്രകാശ സംവിധാനങ്ങളും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. വാട്ടർ ഹീറ്റർ, ഇൻഡക്ഷൻ കുക്കർ, വാഷിങ് മെഷീൻ, പമ്പ് സെറ്റുകൾ തുടങ്ങി കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗവും ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങും പരമാവധി പകൽ സമയങ്ങളിലേക്ക് മാറ്റേണ്ടതാണ്. ഒപ്പം ബി.എൽ.ഡി.സി ഫാനുകൾ ഉൾപ്പെടെയുള്ള ഊർജക്ഷമതയുള്ള ഉപകരണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും നിർദേശിക്കുന്നു.
കേരള വാട്ടർ അതോറിറ്റിയുടെ പമ്പിങ് പ്രവർത്തനങ്ങൾ സാങ്കേതികമായി സാധ്യമാകുന്നിടത്തോളം പകൽ സമയത്തേക്ക് മാറ്റാനും, ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ ഊർജം കൂടുതൽ ആവശ്യമുള്ള പ്രവർത്തനങ്ങൾ ഓഫ്-പീക്ക്/സോളാർ സമയങ്ങളിലേക്ക് പുനഃക്രമീകരിക്കാനും നിർദേശമുണ്ട്.
എല്ലാ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും ഈ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും കെ.എസ്.ഇ.ബിയും എനർജി മാനേജ്‌മെന്റ് സെന്ററും നടത്തുന്ന ബോധവത്കരണ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകണമെന്നും ഊർജ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

