കോവിഡ് മരണ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നത് ആപത് സൂചന, സർക്കാർ ജാഗ്രത കാട്ടണം -ചെന്നിത്തല
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്‍റെ ശക്തി കുറയുകയാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുകയാണെങ്കിലും മരണ നിരക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുന്നത് ആപത് സൂചനയാണെന്ന് രമേശ് ചെന്നിത്തല. കോവിഡ് നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടിരിക്കുകയാണെന്നാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ മറ്റെല്ലാ സംസ്ഥാനങ്ങളിലും കോവിഡ് ബാധയെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞെങ്കിലും കേരളത്തില്‍ മാത്രം അതിന് കഴിയുന്നില്ല. രാജ്യത്തുണ്ടാകുന്ന കോവിഡ് ബാധയുടെ 85 ശതമാനവും സംഭാവന ചെയ്യുന്നത് കേരളമാണ്. ആരോഗ്യ പരിപാലനത്തിന് ലോകത്തിന് തന്നെ മാതൃകയായിരുന്നു നേരത്തെ കേരളം. ശക്തമായ ചികിത്സാ ശൃംഖലയും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവുമുള്ള കേരളത്തിന് ഇന്ത്യയിലെ മറ്റേത് സംസ്ഥാനങ്ങളെക്കാളും ഫലപ്രദമായി കോവിഡ് ബാധ നിയന്ത്രിക്കാന്‍ കഴിയേണ്ടതായിരുന്നു. അതില്‍ ദയനീയമായി പരാജയപ്പെട്ടതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്.
പി.ആര്‍ ഏജന്‍സികളുടെ സഹായത്തോടെ അന്താരാഷ്ട്ര തലത്തില്‍ പേരെടുക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പൊളിഞ്ഞു. ടെസ്റ്റുകള്‍ നടത്താതെയും രോഗബാധയും മരണങ്ങളും മറച്ചുവെച്ചും നടത്തിയ അഭ്യാസങ്ങളുടെയും അശാസ്ത്രീയമായ നടപടികളുടെയും ഫലമാണ് സംസ്ഥാനം ഇപ്പോള്‍ അനുഭവിക്കുന്നത്. 8000ത്തോളം മരണങ്ങള്‍ സംസ്ഥാനം മറച്ചുവെച്ചു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തു വരുന്ന വിവരം.
ദിവസവും വൈകിട്ട് ടി.വിയില്‍ പ്രത്യക്ഷപ്പെട്ട് വീമ്പു പറഞ്ഞിരുന്ന മുഖ്യമന്ത്രിയെയും ഇപ്പോള്‍ കാണാനില്ല. മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയതു കൊണ്ടു മാത്രം രോഗബാധ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് അന്നേ പറഞ്ഞതാണ്. ഇപ്പോഴാകട്ടെ ഗോഗബാധ നിയന്ത്രിക്കുന്നതിലും മരണ നിരക്ക് താഴ്ത്തി കൊണ്ടു വരുന്നതിലും സര്‍ക്കാരിന് ഒരു താത്പര്യവുമില്ല.
കോവിഡ് ബാധയും മരണനിരക്കും ഉയര്‍ന്നു തന്നെ നില്‍ക്കുന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതുള്‍പ്പടെയുള്ള ഇളവുകള്‍ നടപ്പാക്കുമ്പോള്‍ സര്‍ക്കാര്‍ അലംഭാവം വിട്ട് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

