യാത്രക്കാരിയെ സഹായിക്കാൻ വന്ദേഭാരതിൽ നിന്നിറങ്ങി ഋഷിരാജ്; ഡോർ അടഞ്ഞതോടെ തിരികെ കയറാനാകാതെ കുടുങ്ങി
text_fieldsതിരുവനന്തപുരം: വന്ദേഭാരത് യാത്രക്കിടെ സഹയാത്രക്കാരി മറന്നുവെച്ച കണ്ണടയും പുസ്തകവും തിരികെ കൊടുക്കാൻ റെയിൽവേ പ്ലാറ്റ് ഫോമിലേക്കിറങ്ങിയ മുൻ ഡി.ജി.പി ഋഷിരാജ് സിങ് തിരികെ കയറാനാകാതെ കുടുങ്ങി. ഇതോടെ 'പെരുവഴിയിലായ' മുൻ ജയിൽ മേധാവിയെ പ്ലാറ്റ്ഫോമിലെ ഹോട്ടൽ ജീവനക്കാൻ ടിക്കറ്റെടുത്ത് മറ്റൊരു ട്രെയിനിൽ യാത്രയാക്കിയത്.
ഈ മാസം രണ്ടിന് വന്ദേഭാരതിൽ തൃശൂരിലേക്കുള്ള യാത്രക്കിടയിലായിരുന്നു സംഭവം. എറണാകുളം സൗത്തിലെത്തിയപ്പോൾ അടുത്ത് ഇരുന്ന യാത്രക്കാരി കണ്ണടയും ഒരു പുസ്തകവും മറന്നുവെച്ചിറങ്ങിയത് അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ പുസ്തകവും കണ്ണടയുമെടുത്ത് യാത്രക്കാരിയുടെ പിന്നാലെ ഇറങ്ങുകയായിരുന്നു.
സ്റ്റേഷന്‍റെ മുഖ്യകവാടം വരെ പോയി അന്വേഷിച്ചെങ്കിലും കണ്ടില്ല. തിരികെ ട്രെയിനിലേക്ക് കയറാൻ എത്തിയപ്പോഴാണ് പണി കിട്ടിയത്. ട്രെയിൻ പുറപ്പെടുന്നതിന്‍റെ ഭാഗമായി ഡോർ അടച്ചു. ഒടുവിൽ പേഴ്സും വസ്ത്രങ്ങളുമടങ്ങിയ ബാഗുമായി ട്രെയിൻ പുറപ്പെടുകയായിരുന്നു. യാത്രക്കാരിയെ കാണാത്തതിനാൽ തൊട്ടടുത്ത പ്ലാറ്റ് ഫോമിലുള്ള ഭക്ഷണശാലയിൽ കയറി ജീവനക്കാരനോട് കാര്യം പറഞ്ഞ് കൈയിലുണ്ടായിരുന്ന പുസ്തകവും കണ്ണടയും ഏൽപ്പിച്ചു. മുൻ ഡി.ജി.പിയുടെ ദുരവസ്ഥ കണ്ട് ജീവനക്കാരനാണ് അടുത്ത ട്രെയിനിന് വേണ്ടിയുള്ള ടിക്കറ്റ് കാശ് നൽകിയത്.
അതേസമയം വന്ദേഭാരതിലെ യാത്രക്കാരാകട്ടെ ട്രെയിൻ പുറപ്പെട്ടിട്ടും ഋഷിരാജ് സിങ്ങിനെ കാണാതെ ആശങ്കയിലായി. അവർ മറ്റ് ബോഗികളും ടോയി ലെറ്റുകളും അരിച്ചുപെറുകി. തുടർന്ന് ടി.ടി.യെയും വിവരം അറിയിച്ചു. റെയിൽവേ പൊലീസാണ് പിന്നീട് വന്ദേഭാരതിലുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ ബാഗുകൾ തിരികെ എത്തിച്ചത്. തന്‍റെ ജീവിതത്തിൽ ഇത്തരമൊരു അനുഭവം ആദ്യമായാണെന്നും സഹായ ഹസ്തവുമായി എത്തിയ ഭക്ഷണശാലക്കാരോടും റെയിൽവേ പൊലീസിനോടും നന്ദിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

