റിനി സി.പി.എമ്മിന്റെ പെൺ പ്രതിരോധ വേദിയിൽ; പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് കെ.ജെ.ഷൈൻ
text_fieldsപറവൂർ: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ നടത്തിയ വിവാദമായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ നടി റിനി ആൻ ജോർജ് സി.പി.എം വേദിയിൽ. സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും എതിരെ സി.പി.എം പറവൂരിൽ സംഘടിപ്പിച്ച 'പെൺ പ്രതിരോധ' പരിപാടിയിലാണ് റിനി പങ്കെടുത്തത്. സി.പി.എം നേതാവ് കെ.കെ ശൈലജയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
ആരെയും വേദനിപ്പിക്കണമെന്നോ ആരെയും തകർക്കണമെന്നോ ആയിരുന്നില്ല തെൻറ ഉദ്ദേശ്യമെന്നും രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന യുവനേതാക്കൾ ഇങ്ങനെയാണോ ആകേണ്ടതെന്ന ചോദ്യം മാത്രമാണ് താൻ ചോദിച്ചതെന്നും റിനി പറഞ്ഞു.
എനിക്ക് ഒരു യുവനേതാവില്‍നിന്ന് ചില മോശം സമീപനം നേരിടേണ്ടി വന്നു എന്നാണ് പറഞ്ഞത്. എങ്കിലും ഒരു പ്രസ്ഥാനത്തെ വേദനിപ്പിക്കേണ്ട എന്നു കരുതി ആ പ്രസ്ഥാനത്തിന്റെയോ വ്യക്തിയുടെയോ പേര് പറഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു.
തനിക്ക് മാത്രമല്ല, ഇതേ വ്യക്തിയില്‍ നിന്ന് കൂടുതല്‍ തീവ്രമായ അനുഭവങ്ങള്‍ നേരിട്ട പെണ്‍കുട്ടികളുണ്ടെന്ന് മനസ്സിലാക്കിയപ്പോഴാണ് തുറന്ന് പറയാന്‍ തയാറായത്. പല പെണ്‍കുട്ടികളും ഭയം കാരണം പരാതിപ്പെടാനോ പുറത്തുപറയാനോ തയാറാകുന്നില്ല. താന്‍ സി.പി.എമ്മുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്ന തരത്തില്‍ വ്യാജ ആരോപണങ്ങള്‍ നേരിടേണ്ടി വന്നു. ഇപ്പോള്‍ ഇവിടെ വന്ന് സംസാരിക്കുമ്പോഴും തനിക്ക് ഭയമുണ്ട്. ഇത് വെച്ചും ഇനി ആക്രമണമുണ്ടാകാം. സ്ത്രീകള്‍ക്കുവേണ്ടി ഒരക്ഷരമെങ്കിലും സംസാരിക്കേണ്ട ദൗത്യം എനിക്കുംകൂടി ഉണ്ട് എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഇങ്ങോട്ടേക്ക് വന്നതെന്നും റിനി പ്രസംഗത്തിനിടെ പറഞ്ഞു.
അതേസമയം, റിനിയെ സി.പി.എം നേതാവ് കെ.ജെ.ഷൈന്‍ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. റിനിയെപോലുള്ള സ്ത്രീകള്‍ ഈ പ്രസ്ഥാനത്തോടൊപ്പം ചേരണമെന്നും തിരിച്ചറിവ് ഉണ്ടാകുന്ന സമയം ഞങ്ങള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്നും ഷൈൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

