റിജിത്ത് വധം: ഒമ്പത് ആർ.എസ്.എസ് പ്രവർത്തകർക്കും ജീവപര്യന്തം
text_fieldsതലശ്ശേരി: സി.പി.എം കണ്ണപുരം ചുണ്ട ബ്രാഞ്ചംഗം അലച്ചി ഹൗസിൽ റിജിത്ത് ശങ്കരനെ (25) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ഒമ്പത് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർക്കും ജീവപര്യന്തം തടവ്. എല്ലാവരും 1,11,000 രൂപ വീതം പിഴയും അടക്കണം. ഇതിൽനിന്ന് ഒമ്പതു ലക്ഷം രൂപ റിജിത്തിന്റെ മാതാവ് ജാനകിക്ക് നൽകണം. തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് (മൂന്ന്) ജഡ്ജി റൂബി കെ. ജോസ് ആണ് ശിക്ഷ വിധിച്ചത്.
കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടൻ വീട്ടിൽ വി.വി. സുധാകരൻ (57), കൊത്തിലതാഴെ വീട്ടിൽ ജയേഷ് (41), ചാങ്കുളത്ത് പറമ്പിൽ സി.പി. രഞ്ജിത്ത് (44), പുതിയ പുരയിൽ പി.പി. അജീന്ദ്രൻ (51), ഇല്ലിക്കവളപ്പിൽ ഐ.വി. അനിൽകുമാർ (52), പുതിയപുരയിൽ പി.പി. രാജേഷ് (46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേ വീട്ടിൽ ഹൗസിൽ വി.വി. ശ്രീകാന്ത് (47), സഹോദരൻ വി.വി. ശ്രീജിത്ത് (43), തെക്കേവീട്ടിൽ ഹൗസിൽ ടി.വി. ഭാസ്കരൻ (67) എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ.
ശനിയാഴ്ച കുറ്റക്കാരായി കണ്ടെത്തിയ പ്രതികൾക്ക് ചൊവ്വാഴ്ച രാവിലെ 11നാണ് ശിക്ഷ വിധിച്ചത്. 10 പ്രതികളുണ്ടായിരുന്ന കേസിൽ മൂന്നാംപ്രതി കണ്ണപുരം ചുണ്ടയിലെ കൊത്തില താഴെവീട്ടിൽ അജേഷ് വാഹനാപകടത്തിൽ മരിച്ചിരുന്നു. ജയിലിൽ കിടന്ന കാലയളവ് ശിക്ഷയിൽ ഒഴിവായി കിട്ടും.
കേസ് അപൂർവങ്ങളിൽ അപൂർവമായി പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക കാരണമുണ്ടെങ്കിലേ വധശിക്ഷ നൽകാൻ പാടുള്ളൂവെന്ന സുപ്രീംകോടതി വിധിയും 82 പേജുള്ള വിധിന്യായത്തിൽ കോടതി ഉദ്ധരിച്ചു. മാനവിക പരിവർത്തനത്തിന് ഇനിയും സമയമുണ്ട്. ഇതുകൂടി പരിഗണിച്ചാണ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ നൽകുന്നതെന്നും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. വിധി കേൾക്കാൻ റിജിത്തിന്റെ മാതാവ് എ. ജാനകിയും സഹോദരി ശ്രീജയും കുടുംബാംഗങ്ങളും നാട്ടുകാരും കോടതിയിലെത്തിയിരുന്നു.
2005 ഒക്ടോബർ മൂന്നിന് രാത്രി 7.45ന് കണ്ണപുരം ചുണ്ട തച്ചൻകണ്ടിയാൽ ക്ഷേത്രത്തിനടുത്തുണ്ടായ ആർ.എസ്.എസ് ആക്രമണത്തിലാണ് റിജിത്ത് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരായ കെ.വി. നികേഷ്, ആർ.എസ്. വികാസ്, കെ.എൻ. വിമൽ എന്നിവർക്കും പരിക്കേറ്റിരുന്നു.
ചുണ്ട തച്ചൻകണ്ടി ക്ഷേത്രത്തിനടുത്ത് സൃഹുത്തുക്കൾക്കൊപ്പം വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന റിജിത്തിനെയാണ് പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. ആർ.എസ്.എസ് ശാഖ നടത്തുന്നതിനെച്ചൊല്ലിയുള്ള സംഘർഷത്തിന്റെ തുടർച്ചയായാണ് കൊലപാതകമെന്നാണ് കേസ്. ക്ഷേത്രത്തിനടുത്ത കിണറിനു പിന്നിൽ പതിയിരുന്ന പ്രതികൾ ആയുധങ്ങളുമായി റിജിത്തിനെയും മറ്റും ആക്രമിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരായ കെ.വി. നികേഷ്, ആർ.എസ്. വികാസ്, കെ.എൻ. വിമൽ എന്നിവർക്കും പരിക്കേറ്റിരുന്നു. വാക്കത്തി, കഠാര, വടിവാൾ, വലിയ കഠാര, സ്റ്റീൽപൈപ്പ് എന്നിവയാണ് കൊലക്ക് ഉപയോഗിച്ചത്. ചോരപുരണ്ട ആയുധങ്ങളും പ്രതികളുടെ വസ്ത്രവും പൊലീസ് കണ്ടെത്തി.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ, പ്രതികൾക്ക് വേണ്ടി അഡ്വ. പി.എസ്. ഈശ്വരൻ, അഡ്വ. പി. പ്രേമരാജൻ, അഡ്വ. ടി. സുനിൽ കുമാർ എന്നിവർ ഹാജരായി.

