വീണ്ടും സേവനാവകാശ നിയമം വരുന്നു; നിശ്ചിത സമയത്തിനകം അപേക്ഷ തീർപ്പാക്കിയില്ലെങ്കിൽ 2,000 മുതല്‍ 15,000 രൂപ വരെ പിഴ
text_fieldsകേരള സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ ലഭിക്കുന്ന അപേക്ഷകളിൽ നിശ്ചിത സമയത്തിനകം തീർപ്പുകൽപിക്കാൻ വ്യവസ്ഥ ചെയ്യുന്ന കേരള പൊതുസേവനാവകാശ ബില്‍ 2025 കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിശ്ചയിച്ച സമയത്തിനകം അപേക്ഷകൾ തീര്‍പ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് 2,000 മുതല്‍ 15,000 രൂപ വരെ പിഴയും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. ഓരോ അപേക്ഷയിലെ സേവനത്തിനുമുള്ള കാലാവധി നിയമത്തിലെ ചട്ടങ്ങള്‍ രൂപവത്കരിക്കുന്ന സമയത്ത് നിശ്ചയിക്കും.
2012ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് സേവനാവകാശ നിയമം കൊണ്ടുവന്നെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിച്ചിരുന്നില്ല. രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് പലപ്പോഴും നിയമം കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും സി.പി.ഐയുടെ സര്‍വിസ് സംഘടനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
മറ്റു മന്ത്രിസഭ തീരുമാനങ്ങൾ:
* കെല്‍ട്രോണ്‍ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കും.
* കണ്ണൂര്‍, അഞ്ചരക്കണ്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ആറ് എച്ച്.എസ്.ടി തസ്തികയും 2023-2024 അധ്യയന വര്‍ഷത്തില്‍ ഒമ്പത് എച്ച്.എസ്.ടി തസ്തികയും ഒരു ജൂനിയര്‍ ലാംഗ്വേജ് -ഹിന്ദി, ഒരു ജൂനിയര്‍ ലാംഗ്വേജ് -അറബിക് തസ്തികകളും അനുവദിക്കും.
* മലബാര്‍ കാന്‍സര്‍ സെന്ററില്‍ രണ്ട് സയന്റിഫിക് ഓഫിസര്‍ (ന്യൂക്ലിയര്‍ മെഡിസിന്‍) തസ്തിക സൃഷ്ടിക്കും.
*എറണാകുളം സെന്റ് തെരേസാസ് കോൺവെന്റ് ഗേള്‍സ് എച്ച്.എസ്.എസിലെ എച്ച്.എസ്.എസ്.ടി-ജൂനിയര്‍ (ഫ്രഞ്ച്) തസ്തിക എച്ച്.എസ്.എസ്.ടി (ഫ്രഞ്ച്) തസ്തിക ആയി ഉയര്‍ത്തും.
* പിണറായി എജുക്കേഷന്‍ ഹബില്‍ അനുവദിച്ച സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലെ ലൈബ്രേറിയന്‍ ഗ്രേഡ്- 4 തസ്തിക ഗ്രേഡ് മൂന്നാക്കി ഉയര്‍ത്തും.
* ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളിലെ ജീവനക്കാര്‍ക്ക് കൂടി 11ാം ശമ്പള പരിഷ്‌കരണ ഉത്തരവിന്റെ ആനുകൂല്യം ബാധകമാക്കും.
* ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡിലെ മാനേജീരിയില്‍ വിഭാഗം ജീവനക്കാരുടെ 2013 ഒക്ടോബര്‍ മുതല്‍ അഞ്ച് വര്‍ഷത്തേക്കുള്ള ശമ്പള പരിഷ്‌കരണം നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

