ഒറ്റ ദിവസം കൊണ്ട് വിവരാവകാശ മറുപടി; വിസ്മയിപ്പിച്ച് കൃഷി വകുപ്പ് എസ്.പി.ഐ.ഒ
text_fieldsപാലക്കാട്: വിവരാവകാശ മറുപടി ലഭിക്കാൻ എത്ര ദിവസം കാത്തിരിക്കണം?. 30 ദിവസമെങ്കിലും എന്നായിരിക്കും ഉത്തരം. എന്നാൽ, ഒറ്റ ദിവസം കൊണ്ട് വിവരാവകാശ മറുപടി നൽകി അപേക്ഷകനെ വിസ്മയിപ്പിച്ചിരിക്കുകയാണ് കൃഷിവകുപ്പ് (എൻ.സി.എ) സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ (എസ്.പി.ഐ.ഒ).
മലപ്പുറം ഇന്ത്യനൂർ സ്വദേശി മുഹമ്മദ് ഷാഫിയുടെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരമുള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ഡിസംബർ ഒന്നിന് നൽകിയ പരാതിക്കാണ് രണ്ട് പേജുള്ള ദീർഘമായ മറുപടി തൊട്ടടുത്ത ദിവസമായ ഡിസംബർ രണ്ടിന് കൃഷിവകുപ്പ് അണ്ടർ സെക്രട്ടറി കൂടിയായ എസ്. അഭിലാഷ് നൽകിയത്. ബുധനാഴ്ച അപേക്ഷകന് മറുപടി ലഭിക്കുകയും ചെയ്തു.
വിവരാവകാശ അപേക്ഷക്കുള്ള മറുപടി 30 ദിവസത്തിനുള്ളിൽ കഴിയുന്നത്ര നേരത്തെ നൽകണമെന്നാണ് വിവരാവകാശ നിയമത്തിൽ പറയുന്നത്. ജീവന് ഭീഷണിയുള്ള വിഷയങ്ങളിലുൾപ്പെടെ നേരത്തെ നൽകേണ്ടുന്ന സാഹചര്യം നിയമത്തിൽ വിവരിച്ചിട്ടുമുണ്ട്.
എങ്കിലും സാധാരണ വിവരാവകാശ അപേക്ഷകൾക്ക് രേഖകൾ കൈയിലുണ്ടെങ്കിലും മറുപടി 30 ദിവസം തീരുന്നതിന് രണ്ട് ദിവസം മുമ്പേ നൽകുകയുള്ളൂവെന്നതാണ് നടപ്പ് രീതി. ഇത് തെറ്റിച്ച് വിവരാവകാശ നിയമത്തോട് നീതി പുലർത്തിയ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറെ ദേശീയ വിവരാവകാശ കൂട്ടായ്മ ഭാരവാഹികൾ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

