വിവരാവകാശ കമീഷൻ വെബ്സൈറ്റ് അബദ്ധ പഞ്ചാംഗം
text_fieldsതിരുവനന്തപുരം: വിവരാവകാശ കമീഷൻ വെബ്സൈറ്റ് അബദ്ധ പഞ്ചാംഗം. സംസ്ഥാന വിവരാവകാശ കമീഷനിൽ ഓൺലൈനായി അപേക്ഷ നൽകാവുന്ന https://rti.sic.kerala.gov.in/ സൈറ്റിലാണ് അബദ്ധപട്ടിക. തിരുവനന്തപുരം ജില്ലയിൽ സുപ്രീംകോടതി ഉണ്ടെന്നതാണ് ഇതിൽ പ്രധാനം. പലവക എന്ന വിഭാഗത്തിൽ തിരുവനന്തപുരം ജില്ലക്ക് കീഴെയാണ് സുപ്രീംകോടതി വരുന്നത്. സുപ്രീംകോടതിയുടെ വിവരാവകാശ തീരുമാനത്തിനെതിരെ അപ്പീലോ പരാതിയോ നൽകേണ്ടത് സംസ്ഥാന വിവരാവകാശ കമീഷനിൽ നിന്നാണോ എന്ന് ആരും സംശയിക്കും.
തിരുവനന്തപുരം ജില്ലയിലെ ഓട്ടോണമസ് ബോഡി എന്ന ഓപ്ഷനിൽ ഫെഡറൽ ബാങ്കും കനറാ ബാങ്ക് നെയ്യാറ്റിൻകര ശാഖയും കാണാം. ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റ് എന്നതിൽ നിയമസഭ സെക്രട്ടേറിയറ്റ് കാണുന്നില്ല. പകരം എം.എൽ.എ ഹോസ്റ്റലെന്ന് കാണുന്നു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെ തിരുവനന്തപുരം ഓഫിസിന് കീഴിൽ ലേബർ കമീഷണർ ഓഫിസ് കാണുന്നു. തൊഴിൽ വകുപ്പ് പബ്ലിക് റിലേഷൻ വകുപ്പിന്റെ കീഴിലായോ എന്നു സംശയം. കൂടാതെ ഇതിൽതന്നെ പ്രസ് റിലീസ് എന്ന ഓഫിസും പബ്ലിക് ലൈബ്രറിയും ഉണ്ട്.
സംസ്ഥാന വിവരാവകാശ കമീഷനിൽ വിവരാവകാശ നിയമം 2005 പ്രകാരം സമർപ്പിക്കുന്ന രണ്ടാം അപ്പീൽ പരാതി, അപേക്ഷകൾ എന്നിവ ഓൺലൈനായി സ്വീകരിക്കുന്നതിനായി ആരംഭിച്ച എൻ.ഐ.സിയുടെ വെബ് പോർട്ടൽ 2021 നവംബർ മൂന്നിന് അന്നത്തെ മുഖ്യ വിവരാവകാശ കമീഷണർ ഡോ. വിശ്വാസ് മേത്തയാണ് ഉദ്ഘാടനം ചെയ്തത്. പൊതുജനങ്ങൾക്ക് വെരിഫൈഡ് മൊബൈൽ നമ്പർ ഉപയോഗിച്ച് പരാതിയും അപ്പീൽ അപേക്ഷയും ഫയൽ ചെയ്യുന്നതിനും ഫയൽ ട്രാക്ക് ചെയ്യുന്നതിനുമുള്ള സംവിധാനം പോർട്ടലിൽ ലഭ്യമാക്കിയിരുന്നു. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് rtiportal.kerala.gov.in എന്ന വിലാസത്തിൽ പരാതിയും അപേക്ഷഫീസും നൽകാനുള്ള സംവിധാനം ജൂൺ 19 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. എന്നാൽ, ഈ പോർട്ടൽ വഴി അപ്പീൽ ഉൾപ്പെടെ തുടർ നടപടിക്ക് സൗകര്യമില്ല. അപേക്ഷ നൽകി 30 ദിവസത്തിനകം മറുപടി ലഭ്യമാക്കിയില്ലെങ്കിൽ പരാതി നൽകാൻ സംവിധാനം ഇല്ലാതായതോടെ ഉദ്യോഗസ്ഥർ വിവരം നിഷേധിക്കുന്നതും പതിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

