അരിവില: പരിശോധനകള്‍ നിലച്ചു; പൂഴ്ത്തിവെപ്പ് നിര്‍ബാധം
text_fieldsമലപ്പുറം: സംസ്ഥാനത്ത് അരിവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിട്ടും പൊതുവിപണിയില്‍ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ നടപടിയില്ല. അരിവില പിടിച്ചുനിര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാര്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ പൂഴ്ത്തിവെപ്പുകാരെ പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങളൊന്നും നടക്കുന്നില്ല. ഒരുമാസം മുമ്പ് മൊത്തവ്യാപാരികളുടെയും താലൂക്ക് സപൈ്ള ഓഫിസര്‍മാരുടെയും യോഗം വിളിച്ച് വിലനിയന്ത്രണത്തിന് നടപടി സ്വീകരിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഭൂരിഭാഗം ജില്ലകളിലും ഈ യോഗം നടന്നില്ല. പൂഴ്ത്തിവെപ്പ് നടത്തുന്ന ചില വന്‍കിട വ്യാപാരികളെ തൊടാന്‍ സര്‍ക്കാറും ജില്ല ഭരണകൂടങ്ങളും തയാറാകുന്നില്ളെന്ന് ആക്ഷേപമുണ്ട്.
ഒരുപ്രദേശത്തുതന്നെ നിരവധി ഗോഡൗണുകളുള്ള മൊത്തവ്യാപാരികളുണ്ട്. വില വര്‍ധിക്കുന്ന സാഹചര്യമുണ്ടാകുമ്പോള്‍ ഗോഡൗണുകളില്‍ സൂക്ഷിച്ച അരി വിപണിയില്‍ ഇറക്കാതെ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നത് പതിവാണെന്ന് സിവില്‍ സപൈ്ളസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടങ്ങളില്‍ റെയ്ഡ് നടത്താന്‍ സര്‍ക്കാര്‍ കലക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം കൊടുത്താല്‍ സൂക്ഷിച്ചുവെച്ച അരി വിപണിയില്‍ എത്തിക്കാന്‍ സാധിക്കും. സിവില്‍ സപൈ്ളസ് വകുപ്പാണ് റെയ്ഡിന് മുന്‍കൈയെടുക്കേണ്ടത്.
റേഷന്‍ കടകളിലെ പരിശോധനയും രണ്ട് വര്‍ഷമായി നിലച്ച മട്ടാണ്. റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രവൃത്തിയുടെ കാര്യം പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. അതേസമയം, പരിശോധനക്കായി റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കുന്ന സ്ഥിരം യാത്രബത്ത യഥേഷ്ടം ഇവര്‍ കീശയിലാക്കുന്നുമുണ്ട്. റേഷനിങ് ഇന്‍സ്പെക്ടര്‍ക്ക് ഒരു വില്ളേജിലെ പരിശോധനക്ക് 240 രൂപയാണ് യാത്രബത്ത. ഒരാളുടെ കീഴില്‍ അഞ്ചും ആറും വില്ളേജുകളുണ്ടാകും. കാര്യക്ഷമമായ പരിശോധനയൊന്നുമില്ലാതെ വലിയ തുകയാണ് യാത്രപ്പടിയായി ഇവര്‍ക്ക് ശമ്പളത്തോടൊപ്പം നല്‍കുന്നത്.
ഭക്ഷ്യ സുരക്ഷ നിയമപ്രകാരം പ്രയോറിട്ടി, നോണ്‍ പ്രയോറിട്ട് ലിസ്റ്റുകളിലൊന്നും പെടാതെ പുറത്തുനില്‍ക്കുന്ന ധാരാളം കാര്‍ഡ് ഉടമകളുണ്ട്. ഇങ്ങനെ പുറത്തായ ഉപഭോക്താക്കള്‍ അരിക്കായി പൊതുവിപണിയെ ആശ്രയിക്കുന്നതും വിലവര്‍ധനക്ക് കാരണമാണ്.