അരിവില താഴോട്ട്; കുറുവ ഇനങ്ങൾക്ക് കുറഞ്ഞത് നാല് രൂപയോളം
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് അരി വില താഴുന്നു. മൊത്തവിപണിയിൽ രണ്ടു രൂപ മുതല്‍ നാലു രൂപവരെയാണ് വിവിധയിനം അരികള്‍ക്ക് ഒരു മാസത്തിനിടെ കുറഞ്ഞത്. മലബാർ മേഖലയിൽ കൂടുതൽ ആവശ്യക്കാരുള്ള കുറുവ അരിക്കാണ് വലിയ കുറവുണ്ടായത്. കഴിഞ്ഞമാസം കിലോക്ക് 35 രൂപയുണ്ടായിരുന്ന രണ്ടാംതരം കുറുവക്ക് 31 രൂപയാണ് ബുധനാഴ്ച വലിയങ്ങാടിയിലെ മൊത്തവില. ഒരു മാസം മുമ്പ് 30 രൂപയുണ്ടായിരുന്ന തമിഴ്നാട് കുറുവ 26 രൂപയിലെത്തി. പച്ചരി ഇനങ്ങൾക്കും വിപണിയിൽ നേരിയ കുറവുണ്ട്.
കഴിഞ്ഞ നാലാഴ്ചയായി തുടർച്ചയായി അരിവില കുറഞ്ഞു വരുകയായിരുന്നു. ഇന്ധനവില വർധനക്കിടയിലും അരിവില കുറയുന്നതിെൻറ പ്രധാന കാരണം വിപണിയിലെ കടുത്ത മാന്ദ്യമാണെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
അരി കെട്ടിക്കിടക്കുന്നതും വിപണിയിലെ മാന്ദ്യവും കാരണം വില കുത്തനെ കുറക്കാൻ ആന്ധ്രയും തമിഴ്നാടുമടക്കമുള്ള സംസ്ഥാനങ്ങൾ നിർബന്ധിതരാവുകയായിരുന്നുവെന്നും കാലിക്കറ്റ് ഫുഡ് ഗ്രെയിന്‍സ് ആന്‍ഡ് പ്രൊവിഷന്‍സ് മര്‍ച്ചൻറ്സ് അസോസിയേഷന് പ്രസിഡൻറ് എ. ശ്യാം സുന്ദര്‍ പറഞ്ഞു.