കേരളത്തിന് അരിവിഹിതം: അനുകൂല തീരുമാനം എടുക്കാതെ കേന്ദ്രം
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഭക്ഷ്യധാന്യങ്ങളുടെ ഉൽപാദനത്തില് പിന്നാക്കം നില്ക്കുന്ന കേരളത്തിന് കൂടുതൽ അരി അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം സെൻസസ് പൂർത്തിയായതിന് ശേഷം മാത്രമേ പരിഗണിക്കാനാവൂ എന്ന് കേന്ദ്രം. പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്തിരുന്ന അഞ്ച് കിലോ ഭക്ഷ്യധാന്യം നിര്‍ത്തലാക്കിയത് സംസ്ഥാനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും കൂടുതൽ അരി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി പീയൂഷ് ഗോയലുമായി മന്ത്രി ജി.ആർ. അനിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ മുഴുവൻ റേഷൻ കാർഡുകളും ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളതാണെന്നും വൈകുന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്നും കേരളം ചൂണ്ടിക്കാട്ടിയെങ്കിലും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും അനുകൂല മറുപടി ഉണ്ടായിട്ടില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്തിരുന്ന അഞ്ചു കിലോ ഭക്ഷ്യധാന്യം നിര്‍ത്തലാക്കിയതിലൂടെ ഭക്ഷ്യധാന്യങ്ങളുടെ അളവില്‍ രണ്ടു ലക്ഷം മെട്രിക് ടണ്ണിന്റെ കുറവുണ്ടായതായി കേരളം കേന്ദ്രത്തെ ധരിപ്പിച്ചു. മുന്‍ഗണന കാര്‍ഡുടമകള്‍ക്ക് മൂന്നു രൂപ നിരക്കില്‍ നല്‍കിയിരുന്ന അരിയും രണ്ടു രൂപ നിരക്കില്‍ നല്‍കിയിരുന്ന ഗോതമ്പും സൗജന്യമാക്കിയത് സ്വാഗതാര്‍ഹമാണെങ്കിലും ഭക്ഷ്യ ധാന്യങ്ങളുടെ അളവില്‍ വര്‍ധന വരുത്താത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നെല്ല് സംഭരണത്തിൽ നല്‍കാനുള്ള 405 കോടി രൂപ അനുവദിക്കണമെന്നും ചർച്ചയിൽ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

