കൈക്കൂലി ദൃശ്യമാക്കിയാൽ 5000 രൂപ പാരിതോഷികം; അഴിമതിക്കെതിരെ ‘പ്രോജക്ട് സീറോ’യുമായി ആഭ്യന്തര വകുപ്പ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലെ അഴിമതിയും കൈക്കൂലിയും പൂർണമായും തുടച്ചുനീക്കാൻ വിപുലമായ കർമ്മപദ്ധതിയുമായി ആഭ്യന്തരവകുപ്പ് രംഗത്ത്. 'പ്രോജക്ട് സീറോ' എന്ന് പേരിട്ടിരിക്കുന്ന അഴിമതിവിരുദ്ധ മാസ് ആക്ഷൻ പദ്ധതി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി നൽകുന്ന പൊതുജനങ്ങൾക്ക് 5000 രൂപ പാരിതോഷികം നൽകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിജിലൻസ് ആസ്ഥാനത്ത് നടന്ന ഉന്നതതല യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. ലഹരി മാഫിയക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ- ദ നാർക്കോ ഹണ്ട്' പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അഴിമതിക്കെതിരെയും ആഭ്യന്തര വകുപ്പ് നിർണായക നീക്കവുമായി രംഗത്തെത്തുന്നത്. പൊതുജന പങ്കാളിത്തത്തോടെ സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണസംവിധാനം ഉറപ്പാക്കുകയാണ് 'പ്രോജക്ട് സീറോ'യിലൂടെ ലക്ഷ്യമിടുന്നത്. സർക്കാർ ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്യുന്ന സംഭവങ്ങൾ പൊതുജനങ്ങൾക്ക് വീഡിയോയായി പകർത്തി വിജിലൻസിന്റെ ഔദ്യോഗിക പോർട്ടലിൽ അപ്‌ലോഡ് ചെയ്യാം. ഈ തെളിവുകൾ വിജിലൻസ് ഉദ്യോഗസ്ഥർ കൃത്യമായി പരിശോധിച്ച് സത്യമാണെന്ന് ബോധ്യപ്പെട്ടാൽ പരാതിക്കാരന് 5,000 രൂപ സമ്മാനമായി നൽകും. വിവരങ്ങൾ കൈമാറുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും സർക്കാർ ഉറപ്പുനൽകുന്നുണ്ട്.
അഴിമതിക്കാരായ ഒരു ഉദ്യോഗസ്ഥരെയും വച്ചുപൊറുപ്പിക്കില്ലെന്നും അഴിമതിയില്ലാത്ത സേവനം ജനങ്ങളുടെ അവകാശമാണെന്നും സർക്കാരിന്റെ ഔദാര്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. കാലം മാറിയതനുസരിച്ച് അഴിമതിയുടെ രീതികളും മാറിയിട്ടുണ്ട്. അതിനെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ തന്നെ നേരിടും. അഴിമതി നടന്നതിന് ശേഷം കണ്ടെത്തുന്നതിനേക്കാൾ, അത് നടക്കാതിരിക്കാനുള്ള മുൻകരുതലുകൾക്കാണ് പദ്ധതിയിൽ മുൻഗണന നൽകുന്നത്.
ഇതിന്റെ ഭാഗമായി 1969-ൽ നിർമ്മിച്ച കാലപ്പഴക്കമുള്ള വിജിലൻസ് മാന്വൽ കാലോചിതമായി പരിഷ്കരിക്കുമെന്നും അഴിമതി തടയുന്നതിനായി വിജിലൻസ് നിലവിൽ നടത്തിവരുന്ന മിന്നൽ പരിശോധനകൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ 'പ്രോജക്ട് സീറോ'യുടെ ഔദ്യോഗിക ലോഗോ പ്രകാശനം വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന് നൽകി ആഭ്യന്തര മന്ത്രി നിർവ്വഹിച്ചു. ആഭ്യന്തര വകുപ്പ് ഉപദേശകനും മുൻ ഡി.ജി.പിയുമായ എ. ഹേമചന്ദ്രൻ, ഐ.ജി തോംസൺ ജോസ് തുടങ്ങിയ പ്രമുഖ ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

