ബിനോയ് വിശ്വത്തിനെതിരെ സി.പി.ഐയിൽ കലാപം
text_fieldsതിരുവനന്തപുരം: കനത്ത തോൽവിക്ക് പിന്നാലെ സി.പി.ഐയിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ കലാപം. ബിനോയ് വിശ്വം സെക്രട്ടറി സ്ഥാനത്തുനിന്ന് മാറണമെന്ന ആവശ്യം പാർട്ടിയിലെ ഒരുവിഭാഗം ഉയർത്തുന്നു. സ്ഥാനാർഥി നിർണയത്തിൽ നേതൃത്വത്തിന്റെ പിടിവാശി പരാജയ കാരണമായെന്നാണ് വിമർശനം. പരാജയം പരിശോധിക്കാൻ സി.പി.ഐ എക്സിക്യൂട്ടിവ്, സെക്രട്ടേറിയറ്റ് യോഗങ്ങൾ ബുധനാഴ്ച ചേരും. തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രാഥമിക അവലോകനത്തിനാണ് യോഗം വിളിച്ചത്.
സി.പി.ഐ മത്സരിച്ച 25 സീറ്റുകളിൽ എട്ടിടത്ത് മാത്രമാണ് ജയിച്ചത്. പാർട്ടിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണിത്. 2001ൽ മാത്രമാണ് ഇതിലും കുറഞ്ഞ പരാജയത്തിലേക്ക് സി.പി.ഐ പോയത്. അന്ന് കേവലം ഏഴു സീറ്റുകൾ മാത്രമാണ് കിട്ടിയത്. അന്ന് സി.പി.എം 40 സീറ്റുകൾ നേടി.
ചാത്തന്നൂരിൽ സുഖമായി വിജയിക്കാമായിരുന്ന സീറ്റ് ബി.ജെ.പിക്ക് ലഭിക്കാൻ ഇടയാക്കിയത് സ്ഥാനാർഥി നിർണയത്തിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിലുമുണ്ടായ ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ചാത്തന്നൂരിൽ പ്രചാരണം തുടങ്ങിയപ്പോൾ തന്നെ ‘ഡീൽ’ ആരോപണമുയർന്നിരുന്നു. നിലവിലെ ചാത്തന്നൂർ എം.എൽ.എ ജയലാൽ, മണ്ഡലം സെക്രട്ടറി ദിലീപ് എന്നിവരും ആരോപണമുനയിലാണ്.
ബിനോയ് വിശ്വത്തിന്റെ പ്രവര്‍ത്തന ശൈലിക്കെതിരെ പാര്‍ട്ടിയില്‍ വലിയ അതൃപ്തി പുകയുന്നുണ്ട്. പിണറായി വിജയനെ അനുകരിക്കുന്ന ദാർഷ്ഠ്യമാണ് പലകാര്യങ്ങളിലും ബിനോയി കാട്ടുന്നതെന്നതാണ് പ്രധാന വിമർശനം. കനത്ത പരാജയത്തിൽ പാർട്ടി നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ട്. ഈ സാഹചര്യത്തിൽ നേതൃത്വം മാറണമെന്നാണ് അണികൾ ആവശ്യപ്പെടുന്നത്.
മൂന്നു പതിറ്റാണ്ടായി സി.പിഐ ജയിക്കുന്ന നാദാപുരം കൈവിട്ടതിൽ അണികൾ രോഷാകുലരാണ്. ഇവിടെ സി.എൻ. ചന്ദ്രനെയാണ് സ്ഥാനാർഥിയായി നിശ്ചയിച്ചത്. അത് വെട്ടിമാറ്റി സത്യൻ മൊകേരിയുടെ ഭാര്യയെ നിർത്തണമെന്ന് നേതൃത്വം വാശിപിടിച്ചു. തുടർന്ന് പി. വസന്തം സ്ഥാനാർഥിയായി. തളിപ്പറമ്പിൽ എം.വി. ഗോവിന്ദന്റെ ഭാര്യയെ സി.പി.എം സ്ഥാനാർഥിയാക്കിയതുപോലുള്ള നടപടിയാണ് നാദാപുരത്ത് പാർട്ടി നേതൃത്വം കാട്ടിയതെന്നാണ് വിമർശനം.
അടൂർ അടക്കമുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ സംബന്ധിച്ചും തർക്കങ്ങളുണ്ടായിരുന്നു. മന്ത്രി ചിഞ്ചുറാണി പരാജയപ്പെടുമെന്ന സൂചന നേരത്തേതന്നെ പാർട്ടിക്ക് കിട്ടിയിരുന്നു. ഇവരെ ചടയമംഗലത്തുനിന്ന് മാറ്റി ചാത്തന്നൂരിൽ നിർത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും നേതൃത്വം പരിഗണിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

