മുങ്ങിപ്പോയ ഗോവൻ ഗ്രാമത്തിന് പുനരാവിഷ്‌കാരം
text_fieldsകൊച്ചി ബിനാലെയിൽ ഗോവയിൽനിന്നുള്ള കലാകാരൻ സഹിൽ നായിക്കിന്റെ
‘ഓൾ ഈസ് വാട്ടർ ആൻഡ് ടു വാട്ടർ വീ മസ്റ്റ് റിട്ടേൺ’ ശിൽപവിദ്യയും സാങ്കേതികവിദ്യയും ഉൾച്ചേർന്ന ഇൻസ്റ്റലേഷൻ
കൊച്ചി: മുങ്ങിപ്പോയ ഗ്രാമത്തിന് അതിന്റെ തനിമയിൽ കലാചാരുതയോടെ ബിനാലെയിൽ പുനരാവിഷ്‌കാരം. ഗോവയിൽനിന്നുള്ള കലാകാരൻ സഹിൽ നായിക്കിന്റെ ‘ഓൾ ഈസ് വാട്ടർ ആൻഡ് ടു വാട്ടർ വീ മസ്റ്റ് റിട്ടേൺ’ ശിൽപവിദ്യയും സാങ്കേതികവിദ്യയും ഉൾച്ചേർന്ന പ്രതിഷ്ഠാപനം കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരിതങ്ങൾ വരച്ചുകാട്ടുന്നതായി.
1961ൽ പോർച്ചുഗീസ് ഭരണത്തിൽനിന്ന് ഗോവ മോചിതമായി വൈകാതെ ആദ്യ മുഖ്യമന്ത്രി ദയാനന്ദ് ബന്ദോദ്കർ ആധുനികമായ അണക്കെട്ട് കമീഷൻ ചെയ്‌തു. ഇരുപതോളം ഗ്രാമങ്ങളും ഏക്കറുകണക്കിന് കാടും പാടങ്ങളും ജലാശയങ്ങളും റിസർവോയർ മുക്കിക്കളയുമെന്ന ആശങ്കകൾക്കിടയിലാണ് ഡാം പണിഞ്ഞത്. 10 വർഷം പിന്നിട്ടപ്പോൾ പദ്ധതിപ്രദേശത്തെ ജലനിരപ്പ് ഉയരാൻ തുടങ്ങി. മേഖലയാകെ വെള്ളത്തിൽ മുങ്ങി.
ഗ്രാമീണർ പലായനത്തിന് നിർബന്ധിതരായി. മൂവായിരത്തിലേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 1980കളിൽ വേനൽക്കാലത്ത് മേഖലയിലെ ജലനിരപ്പ് താഴ്ന്നപ്പോൾ, നേരത്തേ ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങളിൽ ഒന്നായ കുർദി വീണ്ടും ദൃശ്യമായി. ഗ്രാമീണർ പലരും പഴയനാട്ടിലേക്ക് തിരിച്ചെത്തി. പിന്നീട് ഓരോ വേനലിലും വെള്ളമൊഴിയുമ്പോൾ ചരിത്രപ്രധാന ഗ്രാമമായ കുർദിയിലേക്ക് നൂറുകണക്കിനുപേർ മടങ്ങിയെത്തുന്നത് പതിവായി.
തന്റെ അയൽപ്രദേശമായ കുർദിയിലെത്തി കലാകാരൻ സഹിൽ നായിക് ജനങ്ങളുമായി അടുത്തിടപഴുകി. അവരുടെ വാമൊഴി ചരിതവും പാട്ടുകളും ശേഖരിച്ചു. അവിടത്തെ പ്രകൃതി വിശദമായി രേഖപ്പെടുത്തി. സഹിലിന്റെ ഏഴുവർഷത്തെ നിരന്തരശ്രമത്തിന്റെ കലാപൂർണതയാണ് ബിനാലെയുടെ ആസ്പിൻവാൾ ഹൗസിൽ ഒരുക്കിയ ഈ ഇൻസ്റ്റലേഷൻ. 5.1 സൗണ്ട് സിസ്റ്റവും കുർദിയുടെ മൂന്ന് നാടൻപാട്ടുകളും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്.
പാട്ടിന്റെ വരികൾ മുതിർന്ന ഗ്രാമീണരുടെ ഓർമകളിൽനിന്ന് സഹിൽ പകർത്തിയെടുത്തതാണ്. ‘പ്രായംചെന്ന ഗ്രാമീണരുടെ ഓർമകളിൽ മാത്രമാണ് ഇപ്പോൾ കുർദിയുടെ അസ്‌തിത്വം. വെള്ളത്തിൽ മുങ്ങുന്നതിന് മുമ്പുള്ള കുർദിയുടെ ജീവിതചരിത്രം, കാലാവസ്ഥ മാറ്റത്തിന്റെ ദുരിതം എന്നിങ്ങനെ വിവിധ തലങ്ങളിലാണ് കലാവിഷ്‌കാരത്തെ സമീപിച്ചത്. ആഗോളതാപനത്തിന്റെ അനന്തരഫലമായി അവശേഷിക്കുന്ന കുർദിയും അഞ്ചാറുവർഷത്തിനകം തുടച്ചുനീക്കപ്പെടും’- സഹിൽ നായിക് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

