കോവിഡ്: മൃതദേഹം സ്പർശിക്കാതെ മതചടങ്ങുകൾ നടത്താം; കുഴിക്ക് ചുരുങ്ങിയത് ആറടി ആഴം
text_fieldsതിരുവനന്തപുരം: കോവിഡ്-19 ബാധിച്ച് മരിച്ചാൽ മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്കരിക്കാനുള്ള കുഴിക്ക് ചുരുങ്ങിയത് ആറടി ആഴം മതി. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് പ്രാദേശികവും മതാചാര പ്രകാരമുള്ളതുമായ അത്യാവശ്യ ചടങ്ങുകള്‍ നടത്താം. എന്നാൽ, യാതൊരു കാരണവശാലും സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ ആലിംഗനം ചെയ്യാനോ അന്ത്യ ചുംബനം നല്‍കാനോ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് ഐസൊലേഷന്‍ വാര്‍ഡിലും മോര്‍ച്ചറിയിലും സംസ്‌കാര സ്ഥലത്തുവച്ചും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മൃതദേഹം കാണാവുന്നതാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻെറ മാര്‍ഗനിര്‍ദേശങ്ങള്‍ അബലംബിച്ചാണ് സംസ്ഥാനത്തെ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ:
- കോവിഡ് രോഗി മരണപ്പെട്ടാല്‍ ജീവനക്കാര്‍ മൃതദേഹം വൃത്തിയാക്കുന്ന സമയത്ത് ആവശ്യപ്പെടുകയാണെങ്കില്‍ ഒരു അടുത്ത ബന്ധുവിനെ അവിടെ പ്രവേശിക്കാന്‍ അനുവദിക്കും.
- പ്രതീകാത്മക രീതിയില്‍ മതപരമായ പുണ്യജലം തളിക്കാനും വെള്ള തുണി കൊണ്ട് പുതയ്ക്കാനും അനുവദിക്കും.
- മൃതദേഹം വൃത്തിയാക്കിയ ശേഷം അടുത്ത ബന്ധുക്കള്‍ക്ക് ഐസൊലേഷന്‍ വാര്‍ഡില്‍ വച്ച് മൃതദേഹം കാണാന്‍ അനുവദിക്കും.
- മോര്‍ച്ചറിയില്‍ വച്ചും ആവശ്യപ്പെടുന്നെങ്കില്‍ അടുത്ത ബന്ധുവിനെ കാണാന്‍ അനുവദിക്കും.
- സംസ്‌കാര സ്ഥലത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ആരോഗ്യ വകുപ്പ് ജീവനക്കാരന് മൃതദേഹത്തിൻെറ മുഖം വരുന്ന ഭാഗത്തെ കവറിൻെറ സിബ്ബ് തുറന്ന് മുഖം അടുത്ത ബന്ധുക്കളെ കാണിക്കാം.
- ഈ സമയത്ത് മതപരമായ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതിനും പുണ്യജലം തളിക്കുന്നതിനും അവസരമുണ്ട്.
- ദേഹത്ത് സ്പര്‍ശിക്കാതെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാം.
- പരമാവധി 20 പേര്‍ക്ക് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാം.
- എല്ലാവരും 2 മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. കൈകള്‍ വൃത്തിയാക്കുകയും വേണം.
- 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, 10 വയസില്‍ താഴെയുള്ള കുട്ടികള്‍, ശ്വാസകോശ രോഗം ഉള്‍പ്പെടെ മറ്റ് ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ല.
- ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.
- മരണകാരണം കോവിഡാണെന്ന് സംശയിക്കുന്നതും മരിച്ചനിലയില്‍ കൊണ്ടുവരുന്നതുമായ മൃതദേഹങ്ങള്‍ ടെസ്റ്റ് സാമ്പിള്‍ ശേഖരിച്ച ശേഷം കാലതാമസം കൂടാതെ എത്രയും വേഗം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കണം.
- ലാബ് റിസള്‍ട്ട് നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തിയ കേസുകളൊഴികെയുള്ള മൃതദേഹങ്ങള്‍ പോസിറ്റീവായി കണക്കാക്കി മാനദണ്ഡം പാലിച്ചാണ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

